ADVERTISEMENT

നാഡീരോഗമായ അഫേസിയ ബാധിച്ചതിനെത്തുടർന്ന് ഡൈ ഹാര്‍ഡ് മൂവി സീരിസ് അടക്കം നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന അമേരിക്കന്‍ നടന്‍ ബ്രൂസ് വില്ലിസ് അഭിനയം മതിയാക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. നടന്റെ വിരമിക്കല്‍ ബ്രൂസിന്റെ കുടുംബം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

 

അഫേസിയ ബ്രൂസിന്റെ ധാരണാശേഷിയെ ബാധിച്ചതായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ ബ്രൂസിന്റെ ഭാര്യ എമ്മ ഹെമിങ് വില്ലിസും മുന്‍ ഭാര്യ ഡെമി മൂറും മറ്റ് കുടുംബാംഗങ്ങളും വ്യക്തമാക്കി. തലച്ചോറില്‍ ഭാഷാശേഷിയെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ക്ക് സംഭവിക്കുന്ന നാശമാണ് അഫേസിയയിലേക്ക് നയിക്കുന്നത്. ഇതിനെ തുടര്‍ന്ന് സംസാര വൈകല്യങ്ങളായ ഡിസാര്‍ത്രിയയും അപ്രാക്‌സിയയുമെല്ലാം വരാറുണ്ട്. 

 

ചിലരില്‍ പക്ഷാഘാതത്തെ തുടര്‍ന്നാണ് അഫേസിയ വരുന്നതെങ്കില്‍ മറ്റ് ചിലരില്‍ നാഡീവ്യൂഹപരമായ രോഗമായി ഇത് പതിയെ പുരോഗമിക്കും. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഡെഫ്‌നസ് ആന്‍ഡ് അദര്‍ കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്‌സിന്റെ കണക്കനുസരിച്ച് കൂടുതല്‍ മധ്യവയസ്‌കരിലും പ്രായമായവരിലുമാണ് അഫേസിയ വരാറുള്ളത്. എന്നാല്‍ അപൂര്‍വം ചിലരില്‍ ചെറുപ്പകാലത്തിലും ഈ രോഗമുണ്ടാകാം. അമേരിക്കയില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് അഫേസിയയുണ്ടെന്ന് കണക്കാക്കുന്നു. ഓരോ വര്‍ഷവും 1.8 ലക്ഷം അമേരിക്കക്കാര്‍ക്ക് പുതുതായി അഫേസിയ കണ്ടെത്തുന്നതായി നാഷനല്‍ അഫേസിയ അസോസിയേഷനും ചൂണ്ടിക്കാണിക്കുന്നു. 

 

ഇന്ത്യയില്‍ 240 പേരില്‍ ഒരാള്‍ക്കെന്ന കണക്കില്‍ അഫേസിയ ബാധിക്കുന്നു. തലച്ചോറിന്റെ ടെംപറല്‍ ലോബിനുണ്ടാകുന്ന ക്ഷതത്തിന്റെ ഭാഗമായി വരുന്ന വെര്‍നിക്‌സ് അഫേസിയയും തലച്ചോറിന്റെ ഫ്രണ്ടല്‍ ലോബിനുണ്ടാകുന്ന ക്ഷതത്തിന്റെ ഭാഗമായി വരുന്ന ബ്രോകാസ് അഫേസിയയുമുണ്ട്. വെര്‍നിക്‌സ് അഫേസിയ ബാധിച്ചവര്‍ അര്‍ഥമില്ലാത്ത ദീര്‍ഘമായ വാചകങ്ങളില്‍ സംസാരിക്കാന്‍ ശ്രമിക്കുകയും ഇടയ്ക്കിടെ ആവശ്യമില്ലാത്ത വാക്കുകള്‍ അവിടെയും ഇവിടെയും ചേര്‍ക്കുകയും ചെയ്യും. മറിച്ച് ബ്രോകാസ് അഫേസിയ ബാധിച്ചവര്‍ക്ക് പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടെങ്കിലും ഹ്രസ്വമായ വാക്കുകളില്‍ മാത്രമേ സംസാരിക്കാനാകൂ. അതും വലിയ പരിശ്രമമെടുത്താല്‍ മാത്രം. 

 

ഒരു വസ്തുവിന്റെ പേര് അറിയാമെങ്കിലും അത് പറയാന്‍ സാധിക്കാത്ത അനോമിക് അഫേസിയയുമുണ്ട്. വാക്കുകളും വാചകങ്ങളും ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്ന തരം കണ്ടക്‌ഷന്‍ അഫേസിയ, ഏതാനും വാക്കുകള്‍ മാത്രം സംസാരിക്കാന്‍ സാധിക്കുന്ന ഗ്ലോബല്‍ അഫേസിയ എന്നിവയുമുണ്ട്. സംസാരിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള ബുദ്ധിമുട്ട്, എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ട്, അര്‍ഥമില്ലാത്ത വാക്കുകളും വാചകങ്ങളും പറയല്‍, വ്യക്തമാകാത്ത വാക്കുകള്‍ ഉച്ചരിക്കല്‍, മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ഒരു വാക്കിന് പകരം മറ്റൊരു വാക്കോ ശബ്ദമോ പറയല്‍ എന്നിവയെല്ലാം അഫേസിയയുടെ ലക്ഷണങ്ങളാണ്. 

 

രണ്ട് എമ്മി അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവും നേടിയിട്ടുള്ള ബ്രൂസ് വില്ലിസ് അഭിനയിച്ച ഗാസോലീന്‍ അലിയും, എ ഡേ റ്റു ഡൈയും ഫെബ്രുരി, മാര്‍ച്ച് മാസങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഡൈ ലൈക് ലവേഴ്‌സ്, കറക്ടീവ് മെഷേഴ്‌സ്, ദ റോങ് പ്ലേസ് എന്നിവയാണ് ബ്രൂസിന്റെ ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങള്‍. 

Content Summary : Bruce Willis' family announces his retirement from acting due to aphasia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com