ADVERTISEMENT

ലോകത്തെ പ്രതിസന്ധിയിലാക്കാന്‍ പോകുന്ന അടുത്ത മഹാമാരി സിക്ക, ഡെങ്കു എന്നിവ പോലെ പ്രാണികളിലൂടെ പകരുന്നവയായിരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡെങ്കു, യെലോ ഫീവര്‍, ചിക്കുന്‍ഗുനിയ, സിക വൈറസ് എന്നിവയെ എല്ലാം ആര്‍ത്രോപോഡ്-ബോണ്‍ വൈറസുകള്‍ അഥവാ ആര്‍ബോവൈറസുകള്‍ എന്നാണ് വിളിക്കുന്നത്. കൊതുക്, ചിലതരം പ്രാണികള്‍, പേന്‍, ചെള്ള് എന്നിങ്ങനെ രക്തം കുടിക്കുന്ന ആര്‍ത്രോപോഡുകള്‍ വഴിയാണ് ഇവ പകരുന്നത്. 

 

മനുഷ്യവംശത്തിന് ഇപ്പോള്‍ തന്നെ ഭീഷണി ഉയര്‍ത്തുന്ന മേല്‍പറഞ്ഞ പ്രാണിജന്യ രോഗങ്ങള്‍ 390 കോടിയോളം പേര്‍ വസിക്കുന്ന ട്രോപ്പിക്കല്‍, സബ് ട്രോപ്പിക്കല്‍ മേഖലയിലാണ് കൂടുതലായും കണ്ടുവരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 130 രാജ്യങ്ങളിലെ 39 കോടിയോളം ജനങ്ങളെ പ്രതിവര്‍ഷം ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണ് ഡെങ്കു പനി.  2016ല്‍ കുറഞ്ഞത് 89 രാജ്യങ്ങളിലെങ്കിലും സിക വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞുങ്ങളെ വരെ ബാധിക്കുന്ന അതിമാരക വൈറസാണ് സിക വൈറസ്. 40 ഓളം രാജ്യങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന യെല്ലോ ഫീവര്‍ മഞ്ഞപ്പിത്തം, ഹെമറേജിക് ഫീവര്‍ എന്നിവയിലേക്കും മരണത്തിലേക്കും നയിക്കുന്നു. 115 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ച ചിക്കുന്‍ഗുനിയ കടുത്ത സന്ധിവേദനയും ആര്‍ത്രൈറ്റിസും ഉണ്ടാക്കുന്ന രോഗമാണ്. 

 

ഈ രോഗങ്ങള്‍ ഉയര്‍ത്തുന്ന അപകട സാധ്യതകള്‍ വര്‍ധിച്ചു വരുന്നതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇവയെല്ലാം ഒരു മഹാമാരിയായി മാറി ദുരന്തം സൃഷ്ടിക്കാതെ പിടിച്ചുനിര്‍ത്തുന്നതിനുള്ള നയപരിപാടികളെ കുറിച്ച് തലപുകയ്ക്കുകയാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞരും ആരോഗ്യ ഏജന്‍സികളും. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷങ്ങള്‍ ഇത്തരത്തിലുള്ള വലിയ വെല്ലുവിളികള്‍ക്കായി തയാറെടുക്കാതിരുന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ  വെളിവാക്കിയെന്ന് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ഇന്‍ഫെക്‌ഷ്യസ് ഹസാര്‍ഡ് പ്രിപ്പേര്‍ഡ്നസ് ടീം ഡയറക്ടര്‍ ഡോ. സില്‍വി ബ്രിയാണ്ട് ചൂണ്ടിക്കാണിക്കുന്നു. 

 

ആര്‍ബോവൈറസ് മൂലമുള്ള പകര്‍ച്ചവ്യാധികളുടെ ആവൃത്തിയും തീവ്രതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര തലത്തിലുള്ള സംഘടിതമായ നീക്കം അത്യാവശ്യമാണെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നു. നഗരമേഖലകളിലെ ജനസംഖ്യ ഉയരുന്നതിന് അനുസരിച്ച് ഈ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അധികരിക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ഡോ. റെന്‍ മിങ്ഹുയി കൂട്ടിച്ചേര്‍ക്കുന്നു.

Content Summary : Next pandemic could be caused by insect-borne viruses like Zika, dengue: WHO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com