ADVERTISEMENT

ജീവിതത്തില്‍ ഇടയ്ക്കൊരു തലകറക്കമോ, തലവേദനയോ, തലയ്ക്ക് ഭാരക്കുറവോ തോന്നാത്തവര്‍ ആരുമുണ്ടാകില്ല. നിര്‍ജലീകരണം, വിശ്രമമില്ലായ്മ, പോഷണക്കുറവ് എന്നിവ കൊണ്ടെല്ലാം ഈ തലകറക്കങ്ങള്‍ സംഭവിക്കാം. അവയൊന്നും ഗൗരവപ്പെട്ടതോ ജീവന് അപകടമുണ്ടാക്കുന്നതോ  ആവില്ല. എന്നാല്‍ ഇവയല്ലാതെ മറ്റ് ചില സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടും തലകറക്കം സംഭവിക്കാം. ഇത് സമയത്തിന് തിരിച്ചറിയേണ്ടതും ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. 

 

തലകറക്കം പല വ്യക്തികള്‍ക്കും പല തരത്തിലാണ് അനുഭവവേദ്യമാകാറുള്ളതെന്ന് നോയിഡ ഫോര്‍ട്ടിസ് ആശുപത്രിയിലെ ന്യൂറോളജി ഡയറക്ടര്‍ ഡോ. ജ്യോതി ബാല ശര്‍മ പറയുന്നു. നമ്മുടെ ചുറ്റുമുള്ളതെല്ലാം കറങ്ങുന്ന തരത്തിലുള്ള വെര്‍ട്ടിഗോയാണ് തലകറക്കമായി പലര്‍ക്കും അനുഭവപ്പെടാറുള്ളത്. ഇതിന് പിന്നാലെ ബാലന്‍സ് തെറ്റി വ്യക്തി നിലം പതിക്കാം. ഒഴുകി നടക്കുന്നതു പോലെയുള്ള തോന്നലും തലകറക്കം മൂലമുണ്ടാകാമെന്ന് ദ്വാരക മണിപ്പാല്‍ ആശുപത്രിയിലെ  ഇന്‍റേണല്‍ മെഡിസിന്‍ കണ്‍സല്‍റ്റന്‍റ് ഡോ. ചാരു ഗോയല്‍ സച്ച്ദേവയും പറയുന്നു. 

 

 

തലകറക്കത്തിന് പിന്നിലുള്ള കാരണങ്ങളെ പറ്റിയും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ചെവിയിലെ എന്തെങ്കിലും അണുബാധ പോലുള്ള പ്രശ്നങ്ങള്‍ മൂലം തലകറക്കം ഉണ്ടാകാം. അകത്തെ ചെവിയുടെ ഫ്ളൂയിഡ് ബാലന്‍സ് ബാധിക്കപ്പെടുമ്പോഴും  വെര്‍ട്ടിഗോ സംഭവിക്കാം. തലകറക്കത്തിന് പുറമേ ചെവിയില്‍ ചില ശബ്ദങ്ങളും കേള്‍വിനഷ്ടവുമെല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടാകാമെന്ന് ഡോ. സച്ച്ദേവ ചൂണ്ടിക്കാട്ടി. 

 

ശരീരത്തിന്‍റെ ബാലന്‍സ് നിലനിര്‍ത്തുന്ന തലച്ചോറിലെ ഭാഗത്തിനു വരുന്ന പ്രശ്നങ്ങളും തലകറക്കത്തിലേക്ക് നയിക്കാം. തലച്ചോറിലെ പ്രശ്നങ്ങളുടെ ഫലമായി വരുന്ന തലകറക്കത്തിനൊപ്പം സംസാരിക്കുമ്പോൾ  വ്യക്തതയില്ലായ്മയും മരവിപ്പും തുടിപ്പും ബാലന്‍സ് തെറ്റിയ നടത്തവുമെല്ലാം പ്രകടമാകാം. തലച്ചോറിലുണ്ടാകുന്ന ക്ലോട്ടിന്‍റെയും പക്ഷാഘാതത്തിന്‍റെയും ഭാഗമായും ഇവ സംഭവിക്കാറുണ്ട്. ഇതിന് നേരത്തെ ചികിത്സ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ സ്ഥിരമായ വൈകല്യം ഒരു പരിധി വരെ തടയാന്‍ സാധിക്കും. 

 

ഉയര്‍ന്ന പനി, ചൂടുള്ള കാലാവസ്ഥ, രക്തത്തിലെ പഞ്ചസാര കുറയുന്നത്, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, വിളര്‍ച്ച, നില്‍ക്കുമ്പോൾ  രക്തസമ്മര്‍ദം കുറയുന്നത്, ഹൃദയമിടിപ്പിലെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം തലകറക്കത്തിന് പിന്നിലുള്ള മറ്റ് കാരണങ്ങളാണ്. സ്ഥിരമായ തലകറക്കങ്ങള്‍ ഗൗരവമായി എടുത്ത് പരിശോധനകളും ചികിത്സയും തേടേണ്ടതാണെന്ന് ഡോ. സച്ച്ദേവ ചൂണ്ടിക്കാട്ടി. തലച്ചോറിലെ മുഴയുടെയും രക്തസ്രാവത്തിന്‍റെയുമെല്ലാം ലക്ഷണമായും ഇതിനെ കാണണമെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.  

Content Summary : Feeling dizzy or lightheaded? Doctors explain possible causes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com