ADVERTISEMENT

പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിക്കുന്നത് ഇന്ത്യയിലെ പ്രമേഹ രോഗികളുടെ മൂന്നിലൊന്നിന് മാത്രമാണെന്ന് കണ്ടെത്തല്‍. രക്ത സമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറയിപ്പെടുന്ന എല്‍ഡിഎല്ലും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കഴിയുന്നത് ഇത് തിരിച്ചറിഞ്ഞവരില്‍ പാതി പേര്‍ക്ക് മാത്രമാണെന്നും പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും മദ്രാസ് ഡയബറ്റീസ് റിസര്‍ച്ച് ഫൗണ്ടേഷനും ചേര്‍ന്നാണ് പഠനം നടത്തിയത്. 

 

പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയെ മൂന്നിനെയും നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നവര്‍ 7.7 ശതമാനമാണെന്നും  ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 30 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 1,13,043 പേരെ ഉള്‍പ്പെടുത്തി 10 വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്.  ആരോഗ്യപ്രദമായ ഭക്ഷണക്രമത്തെയും ശാരീരിക വ്യായാമത്തെയും കുറിച്ച് ഇന്ത്യക്കാരില്‍ ബോധവത്ക്കരണം നടത്തേണ്ടതിന്‍റെ ആവശ്യകത പഠനം അടിവരയിടുന്നതായി മദ്രാസ് ഡയബറ്റീസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ. ആര്‍.എം. അഞ്ചന പറഞ്ഞു. 

 

പഠനത്തിന്‍റെ സിംഹഭാഗവും കോവിഡ് കാലത്തിന് മുന്‍പുതന്നെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതിനാല്‍ മഹാമാരി ഗവേഷണ ഫലങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മദ്രാസ് ഡയബറ്റീസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. വി. മോഹന്‍ പറഞ്ഞു. പ്രമേഹ രോഗികള്‍ തുടര്‍ ചെക്കപ്പുകളും പരിശോധനകളും നടത്തേണ്ടതിന്‍റെ ആവശ്യകതയും ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി 10 വര്‍ഷ കാലയളവില്‍ നിരന്തരം ചെക്കപ്പുകള്‍ക്കായി വന്ന പ്രമേഹ രോഗികള്‍ക്ക് രോഗസങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറവാണെന്ന് ഡോ. മോഹന്‍ നിരീക്ഷിക്കുന്നു. പ്രമേഹ രോഗികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ രക്ത പരിശോധന നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും നിര്‍ബന്ധമായും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

ഇന്ത്യയിലെ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലങ്ങളിലെ പ്രമേഹ ചികിത്സ മെച്ചപ്പെടുത്താന്‍ ആവശ്യമായ നയതീരുമാനങ്ങളെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ലാന്‍സറ്റ് - ഡയബറ്റീസ് ആന്‍ഡ് എന്‍ഡോക്രൈനോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Content Summary : Only one in three have good diabetes control in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com