വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

heart-attack
SHARE

വിദ്യാഭ്യാസ വായ്പ എടുത്തിട്ട് അത് തിരിച്ചടയ്ക്കാതെ മുങ്ങി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാതിരിക്കുന്നത് യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. എടുത്ത വായ്പ തിരിച്ചടയ്ക്കാതിരിക്കുന്നതും മധ്യവയസ്സില്‍ പുതിയ വായ്പ എടുക്കുന്നതും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കൊളറാഡോ ഡെന്‍വര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 

വിദ്യാഭ്യാസ വായ്പ എടുത്തിട്ട് കൃത്യമായി തിരിച്ചടച്ച് ബാധ്യത തീര്‍ത്ത വ്യക്തികളുടെ ഹൃദയാരോഗ്യം വായ്പ എടുക്കാത്തവരുടേതിന് തുല്യമോ ഒരു വേള അവരിലും മെച്ചപ്പെട്ടതോ ആണെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്‍റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വിദ്യാഭ്യാസ വായ്പ നല്‍കുന്ന കനത്ത ബാധ്യത അമേരിക്കയില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കുള്‍പ്പെടെ കാരണമാകുന്നതായി മുന്‍ ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

നാഷനല്‍ ലോന്‍ജിറ്റ്യൂഡിനല്‍ സ്റ്റഡി ഓഫ് അഡോളസന്‍റ് ടു അഡല്‍റ്റ് ഹെല്‍ത്തില്‍ നിന്നുള്ള ഡേറ്റയാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. ഏഴ് മുതല്‍ 12 വരെ ഗ്രേഡുകളില്‍ പഠിക്കുന്ന  20,745 കൗമാരക്കാരെ 1994-95 സ്കൂള്‍ വര്‍ഷത്തില്‍ ഇതിനായി ആദ്യം ഇന്‍റര്‍വ്യൂ ചെയ്തു. തുടര്‍ന്ന് നാലു ഘട്ടങ്ങളിലായി പല വര്‍ഷങ്ങളില്‍ തുടര്‍ ഡേറ്റകള്‍ ശേഖരിക്കപ്പെട്ടു. മൂന്നാമത് ഘട്ടത്തില്‍ ഇവരുടെ പ്രായം 18നും 26നും ഇടയിലും അഞ്ചാമത്തെ ഘട്ടത്തില്‍ 22നും 44നും ഇടയിലുമായിരുന്നു. ഫ്രെയിമിങ്ഹാം കാര്‍ഡിയോവാസ്കുലര്‍ ഡിസീസ് റിസ്ക് സ്കോര്‍ ഉപയോഗിച്ച് 4193 പേരുടെ ഹൃദയാരോഗ്യവും ഗവേഷകര്‍ അളന്നു. ഹൃദ്രോഗ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സി-റിയാക്ടീവ് പ്രോട്ടീന്‍ തോതും ഇക്കാലയളവില്‍ വിലയിരുത്തപ്പെട്ടു. 

ഒരിക്കലും വിദ്യാഭ്യാസ വായ്പ എടുക്കാത്തവര്‍, മൂന്നാമത്തെ ഘട്ടത്തിനും അഞ്ചാമത്തെ ഘട്ടത്തിനും ഇടയില്‍ വായ്പ തിരിച്ചടച്ചവര്‍, ഈ രണ്ട് ഘട്ടത്തിനിടെ പുതുതായി വായ്പ എടുത്തവര്‍, തുടര്‍ച്ചയായി വായ്പ ബാധ്യത ഉണ്ടായിരുന്നവര്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലായി വിദ്യാര്‍ഥികളെ തരം തിരിച്ചാണ് ഗവേഷണം നടത്തിയത്. 37 ശതമാനം പേര്‍ വായ്പയൊന്നും ഒരു ഘട്ടത്തിലും എടുക്കാത്തവരായിരുന്നു. 12 ശതമാനം പേര്‍ വായ്പ തിരിച്ചടച്ചവരും 28 ശതമാനം പേര്‍ പുതിയ വായ്പ എടുത്തവരും 24 ശതമാനം പേര്‍ വായ്പ തിരിച്ചടയ്ക്കാത്തവരുമാണ്. വായ്പ തിരിച്ചടയ്ക്കാത്തവരുടെയും പുതുതായി മധ്യവയസ്സില്‍ വായ്പ എടുത്തവരുടെയും ഹൃദ്രോഗ സാധ്യത സ്കോര്‍ മറ്റ് രണ്ട് വിഭാഗക്കാരെ അപേക്ഷിച്ച് കൂടുതലാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. വായ്പ തിരിച്ചടച്ചവരുടെ ഹൃദ്രോഗ സാധ്യത സ്കോര്‍ വായ്പ എടുക്കാത്തവരുടേതിനേക്കാള്‍ കുറവായിരുന്നു എന്നതാണ് മറ്റൊരു കൗതുകകരമായ കണ്ടെത്തല്‍. 

കോളജ് വിദ്യാഭ്യാസത്തിന്‍റെ ചെലവ് കുറയ്ക്കുകയോ വിദ്യാര്‍ഥികളുടെ വായ്പ ഭാരം ലഘൂകരിക്കുകയോ ചെയ്യേണ്ടത് യുവാക്കളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് സുപ്രധാനമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കൊളറാഡോ ഡെന്‍വര്‍ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം ഗവേഷന്‍ ആഡം എം. ലിപ്പേര്‍ട്ട് ചൂണ്ടിക്കാട്ടി.     

Content Summary : Student debt can harm cardiovascular health in early middle age

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS