ADVERTISEMENT

ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിനേഷന്‍ വ്യാപകമായതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും ഗര്‍ഭാശയമുഖ അര്‍ബുദത്തില്‍(സെര്‍വിക്കല്‍ കാന്‍സര്‍) നിന്ന് പതിയെ മുക്തരാകുന്നതായി ലോകാരോഗ്യ സംഘടന. 2030 ഓടു കൂടി ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖല പൂര്‍ണമായും സെര്‍വിക്കല്‍ കാന്‍സര്‍ മുക്തമാകുമെന്ന് കരുതപ്പെടുന്നു. 2019-20 കാലഘട്ടത്തില്‍ ഈ മേഖലയിലെ 20 രാജ്യങ്ങള്‍  കൗമാരക്കാരികളില്‍ 50 ശതമാനത്തിന് മുകളിലുള്ളവര്‍ക്ക് എച്ച്പിവി വാക്സീന്‍ വിതരണം പൂര്‍ത്തിയാക്കി. എട്ട് രാജ്യങ്ങളില്‍ വാക്സീന്‍ വിതരണ നിരക്ക് 80 ശതമാനത്തിന് മുകളിലാണ്. മേഖലയിലെ 53 രാജ്യങ്ങളില്‍ 38 രാജ്യങ്ങളിലും ഒന്‍പതിനും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് എച്ച്പിവി വാക്സീന്‍ നല്‍കി വരുന്നു.

 

1995 സെപ്റ്റംബര്‍ 1 മുതല്‍ ജനിച്ച സ്ത്രീകളില്‍ ഏറെക്കുറെ സെര്‍വിക്കല്‍ കാന്‍സര്‍ ഇല്ലാതാക്കാന്‍ യുകെയ്ക്ക് സാധിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. യൂറോപ്യന്‍ മേഖലയില്‍ പ്രതിവര്‍ഷം 66,000 സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ നിര്‍ണയിക്കപ്പെടുകയും 30,000ലേറെ പേര്‍ ഇത് മൂലം മരിക്കുകയും ചെയ്യുന്നുണ്ട്. 

 

എച്ച്പിവി വാക്സീന്‍ സെര്‍വിക്കല്‍ കാന്‍സര്‍ കേസുകള്‍ 90 ശതമാനം കുറയ്ക്കുമെന്ന്  ലണ്ടന്‍ കിങ്സ് കോളജ് മുന്‍പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.   സ്ത്രീകളില്‍ ഉണ്ടാകുന്ന അര്‍ബുദങ്ങളില്‍ സര്‍വസാധാരണമായ നാലാമത് അര്‍ബുദമാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഓരോ വര്‍ഷവും മൂന്ന് ലക്ഷത്തോളം പേര്‍ ഇത് മൂലം മരണപ്പെടുന്നു. 10ല്‍ ഒന്‍പത് മരണങ്ങളും സംഭവിക്കുന്നത് ഗര്‍ഭാശയമുഖ അര്‍ബുദം കണ്ടെത്തുന്നതിനുള്ള പരിശോധനകളുടെ ലഭ്യതക്കുറവുള്ള കുറഞ്ഞ-ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിലാണ്. പാപ് സ്മിയര്‍ പരിശോധന വഴിയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്തുന്നത്. 

 

ലൈംഗിക ബന്ധം വഴി പടരുന്ന വൈറസാണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്ന എച്ച്പിവി. ഭൂരിപക്ഷം എച്ച്പിവി അണുബാധകളും രോഗലക്ഷണങ്ങളില്ലാത്തതും നമ്മുടെ പ്രതിരോധ സംവിധാനത്തിന് എളുപ്പത്തില്‍ നേരിടാവുന്നതുമാണ്. എന്നാല്‍ നിരന്തരമായ അണുബാധകള്‍ ലൈംഗികാവയവങ്ങളില്‍ മുഴകളും സെര്‍വിക്കല്‍ കാന്‍സര്‍ പോലുള്ള സങ്കീര്‍ണതകളും ഉണ്ടാക്കാം. നൂറിലധികം എച്ച്പി വൈറസുകള്‍ ഉള്ളതില്‍ കുറഞ്ഞത് 14 എണ്ണമെങ്കിലും അര്‍ബുദം ഉണ്ടാക്കാവുന്നവയാണ്. ഭൂരിപക്ഷം സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണമായി കാണാറുള്ളത് എച്ച്പിവി16, എച്ച്പിവി18 പോലുള്ള വൈറസുകളാണ്. വാക്സീനുകൾ  വഴി ഇവയില്‍ നിന്ന് സംരക്ഷണം നേടാന്‍ സാധിക്കുന്നതാണ്. 

 

സെര്‍വാരിക്സ്, ഗര്‍ഡാസില്‍, ഗര്‍ഡാസില്‍9 എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം എച്ച്പിവി വാക്സീനുകളാണ് ഉള്ളത്. എച്ച്പിവി16, എച്ചിപിവി18 എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് സെര്‍വാരിക്സ്. ഇവയ്ക്ക് പുറമേ എച്ച്പിവി31, എച്ച്പിവി33 എന്നിവയില്‍ നിന്നു കൂടി സംരക്ഷണം നല്‍കുന്നതാണ് ഗര്‍ഡാസില്‍. എച്ച്പിവി ടൈപ്പ് 6, 11, 16, 18, 31, 33, 45, 52, 58 എന്നിങ്ങനെ ഒന്‍പത് തരം വൈറസുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് ഗര്‍ഡാസില്‍9. സെര്‍വിക്കല്‍ കാന്‍സറിനെ ഇല്ലാതാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി അനുസരിച്ച് ഇന്ത്യയുള്‍പ്പെടെ 100ലധികം രാജ്യങ്ങളില്‍ എച്ച്പിവി വാക്സീന്‍ ഉപയോഗം ആരംഭിച്ചിട്ടുണ്ട്.  

 

9 മുതല്‍ 45 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് എച്ച്പിവി വാക്സീന്‍ എടുക്കാം. പ്രായപൂര്‍ത്തിയാകും മുന്‍പ് കൗമാരപ്രായത്തില്‍ വാക്സീന്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. 14 വയസ്സിന് മുന്‍പ് വാക്സീന്‍ എടുത്താല്‍ ആറു മാസത്തെ ഇടവേളയില്‍ രണ്ട് ഡോസ് നല്‍കിയാല്‍ മതിയാകും. എന്നാല്‍ 14 വയസ്സിന് ശേഷം എടുക്കുന്നവര്‍ മൂന്ന് ഡോസ് എടുക്കണം. ആദ്യ ഡോസ് എടുത്ത് 1-2 മാസത്തിനു ശേഷം രണ്ടാം ഡോസും ആറ് മാസത്തിനു ശേഷം മൂന്നാം ഡോസും നല്‍കാം. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമല്ല 21 വയസ്സിനു മുന്‍പ് ആണ്‍കുട്ടികള്‍ക്കും എച്ച്പിവി വാക്സീന്‍ എടുക്കാവുന്നതാണ്. 

Content Summary : HPV Vaccine and Cervical cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com