ഇന്ത്യയില്‍ ഗാര്‍ഹിക പീഡനം വ്യാപകമാണെന്നും ‘ഉത്തരവാദിത്തം നിർവഹിക്കാത്ത’ ഭാര്യമാരെ തല്ലാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് രാജ്യത്തെ പുരുഷന്മാരില്‍ 44 ശതമാനവും കരുതുന്നതായും ദേശീയ കുടുംബാരോഗ്യ സര്‍വേ-5 ന്‍റെ റിപ്പോര്‍ട്ട്. ഈ മനോഭാവത്തെ 45 ശതമാനം സ്ത്രീകളും അംഗീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സര്‍വേ പ്രകാരം, പുരുഷന്മാര്‍ ഭാര്യമാരെ തല്ലാനുള്ള കാരണങ്ങളില്‍ ആദ്യ സ്ഥാനത്ത് വന്നത് ഭര്‍ത്താവിന്‍റെ മാതാപിതാക്കളോടുള്ള ഭാര്യയുടെ ബഹുമാനക്കുറവാണ്. മാതാപിതാക്കളെ അപമാനിച്ചാല്‍ ഭാര്യയെ തല്ലാന്‍ മടിക്കില്ലെന്നു പറഞ്ഞത് 31 ശതമാനം പേരാണ്. ഭാര്യ കുടുംബത്തിന്‍റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കാതിരിക്കുന്നതാണ് തല്ലാനുള്ള രണ്ടാമത്തെ കാരണം. ഭാര്യയുടെ വിശ്വസ്തതയിലുള്ള സംശയമാണ് മൂന്നാമത്തെ കാരണമായി സര്‍വേയില്‍ പ്രതികരിച്ചവര്‍ പറഞ്ഞത്. ഭര്‍ത്താവുമായുള്ള തര്‍ക്കം, ഭര്‍ത്താവിന്‍റെ അനുമതി കൂടാതെ പുറത്തു പോകല്‍ എന്നിവയാണ് തല്ലാനുള്ള ന്യായത്തില്‍ നാലും അഞ്ചും സ്ഥാനത്ത് എത്തിയത്. ശരിയായി പാചകം ചെയ്യാത്തതും ഭാര്യമാരെ തല്ലാനായി നിരത്തുന്ന കാരണങ്ങളില്‍ ഒന്നാണെന്ന് സര്‍വേ പറയുന്നു.
അതേസമയം ഭാര്യമാര്‍ സെക്സ് നിഷേധിക്കുന്നത് അവരെ തല്ലാനുള്ള കാരണമായി കരുതുന്നവര്‍ വിരളമാണ്. ഭാര്യ സെക്സ് നിഷേധിച്ചാല്‍ ഇനി പറയുന്ന നാലു കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശം അവര്‍ക്കുള്ളതായി കരുതുന്നുണ്ടോ എന്നു സര്‍വേ പുരുഷന്മാരോട് ചോദിക്കുന്നു-ദേഷ്യപ്പെട്ട് ഭാര്യയെ വഴക്ക് പറയുക, ഭാര്യയ്ക്ക് പണമോ സാമ്പത്തിക പിന്തുണയോ നല്‍കാതിരിക്കുക, ബലം പ്രയോഗിച്ച് ലൈംഗിക ബന്ധം നടത്തുക, മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. 15-49 പ്രായവിഭാഗത്തിലുള്ള പുരുഷന്മാരില്‍, ഈ നാലു കാര്യവും ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് കരുതുന്നവര്‍ വെറും ആറ് ശതമാനം മാത്രമാണ്. 72 ശതമാനം പുരുഷന്മാരും ഈ നാലു കാര്യങ്ങളെയും അംഗീകരിക്കുന്നില്ല.
സാമ്പത്തികമായി സ്വതന്ത്രരാകുന്നതില്‍നിന്ന് ഇന്ത്യയിലെ സ്ത്രീകളെ തടയുന്ന ഘടകം വിവാഹമാണെന്നും സര്‍വേ കണ്ടെത്തി. 15-49 പ്രായത്തിലുള്ള വിവാഹിതകളില്‍ 32 ശതമാനം മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. പുരുഷന്മാരിൽ ഇത് 98 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ജോലി ചെയ്യുന്ന വിവാഹിതരായ സ്ത്രീകളുടെ ശതമാനം 31 ആയിരുന്നു. എന്നാല്‍ ജോലി ചെയ്യുന്ന വിവാഹിതകളിൽ 15 ശതമാനത്തിനും ശരിയായ വേതനം ലഭിക്കുന്നില്ല. 83 ശതമാനത്തിനും പണമായിട്ടാണ് വേതനം ലഭിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വേതനം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നതില്‍ 85 ശതമാനം സ്ത്രീകള്‍ക്കും അഭിപ്രായം പറയാന്‍ സാധിക്കുന്നു. 18 ശതമാനത്തിന് വേതനം ചെലവഴിക്കുന്ന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനിക്കാന്‍ സാധിക്കുന്നു. 14 ശതമാനം പേരുടെ കാര്യത്തില്‍ ഭര്‍ത്താവാണ് ഭാര്യയുടെ വേതനം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നത്. ശേഷിക്കുന്നവരുടെ കാര്യത്തില്‍ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നാണ് തീരുമാനം എടുക്കുക. ജോലി ചെയ്യുന്ന 75 ശതമാനം വിവാഹിതകള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും സര്‍വേ കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: National family health survey