അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള ഓങ്കോളിറ്റിക് വൈറസുകള്‍ പരീക്ഷണാര്‍ഥം ഇതാദ്യമായി മനുഷ്യരില്‍ കുത്തിവച്ചു. അമേരിക്കയിലെ സിറ്റി ഓഫ് ഹോപ് അര്‍ബുദ ഗവേഷണ സ്ഥാപനത്തിലാണ് പരീക്ഷണം നടന്നത്. വാക്സീനിയ( CF33-hNIS ) എന്ന വൈറസാണ് അര്‍ബുദ രോഗികളില്‍ പരീക്ഷിച്ചത്.
മൃഗങ്ങളില്‍ ഈ വൈറസ് മുന്‍പ് പരീക്ഷിച്ച് വിജയം കണ്ടതിനെ തുടര്‍ന്നാണ് മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, അണ്ഡാശയാര്‍ബുദം, പാന്‍ക്രിയാറ്റിക് അര്‍ബുദം, കോളന്‍ അര്‍ബുദം എന്നിവയുമായി ബന്ധപ്പെട്ട അര്‍ബുദ മുഴകളെ ചുരുക്കാന്‍ ഈ വൈറസുകള്‍ക്ക് ലാബ് പരീക്ഷണത്തിലും മൃഗങ്ങളിലെ പരീക്ഷണത്തിലും സാധിച്ചതായി സിറ്റി ഓഫ് ഹോപ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഓങ്കോളിറ്റിക് വൈറസുകള്‍ അര്‍ബുദ കോശങ്ങള്‍ക്കെതിരെ പ്രതികരിക്കാനും അവയെ നശിപ്പിക്കാനും ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുമെന്ന് സിറ്റി ഓഫ് ഹോപ്പിലെ മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് തെറാപ്യൂട്ടിക്സ് റിസര്‍ച്ച് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡാനെങ് ലി പറയുന്നു. മറ്റ് ഇമ്മ്യൂണോതെറാപ്പികളോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കാന്‍ ഇവ ശരീരത്തെ സജ്ജമാക്കുമെന്നും ലി കൂട്ടിച്ചേര്‍ത്തു.
ചെറിയ ഡോസിലുള്ള വൈറസ് നേരിട്ട് അര്‍ബുദ മുഴകളില്‍ കുത്തിവയ്ക്കുകയോ ഞരമ്പുകള്‍ വഴി കടത്തി വിടുകയോ ആണ് ചെയ്യുന്നത്. രണ്ട് വര്‍ഷക്കാലയളവില്‍ നടക്കുന്ന പരീക്ഷണത്തില്‍ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം അര്‍ബുദ രോഗികള്‍ പങ്കെടുക്കും.
Content Summary : Scientists injected a human with cancer-killing virus