ഇന്ത്യയിലെ അര്‍ബുദം ബാധിച്ച രോഗികളുടെ എണ്ണം 2021ലെ 2.67 കോടിയില്‍ നിന്ന് 2025ല്‍ 2.98 കോടിയായി ഉയരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം അര്‍ബുദ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലുമായിരുന്നു. ഒരു ലക്ഷത്തില്‍ 2408 അര്‍ബുദ രോഗ കേസുകള്‍ വടക്കേ ഇന്ത്യയില്‍ രേഖപ്പെടുത്തിയപ്പോള്‍ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ഇത് 2177 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാകും അര്‍ബുദ കേസുകള്‍ കൂടുതലുണ്ടാകുകയെന്നും ഐസിഎംആര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ആകെ അര്‍ബുദ കേസുകളില്‍ 40 ശതമാനവും ഏഴ് തരം അര്‍ബുദങ്ങള്‍ മൂലമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് അടുത്ത നാല് വര്‍ഷക്കാലം വരാന്‍ പോകുന്നത് ശ്വാസകോശ അര്‍ബുദവും സ്തനാര്‍ബുദവുമായിരിക്കും. ആകെ കേസുകളുടെ 10.6 ശതമാനവും 10.5 ശതമാനവും യഥാക്രമം ശ്വാസകോശ അര്‍ബുദവും സ്തനാര്‍ബുദവും മൂലമായിരിക്കും. അന്നനാളിയിലെ അര്‍ബുദം(5.8%), വായിലെ അര്‍ബുദം(5.7% ), ഉദരത്തിലെ അര്‍ബുദം(5.2 % ), കരള്‍ അര്‍ബുദം(4.6 %), ഗര്‍ഭാശയമുഖ അര്‍ബുദം( 4.3 % ) എന്നിവയാണ് ഇന്ത്യക്കാരില്‍ പ്രധാനമായി വരാന്‍ പോകുന്ന മറ്റ് അര്‍ബുദങ്ങള്‍. 65-69 പ്രായവിഭാഗത്തിലുള്ളവരെയാകും പ്രധാനമായും അര്‍ബുദം ബാധിക്കുകയെന്നും ബിഎംസി കാന്‍സര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഹാനീകരമായ കെമിക്കലുകള്‍ അടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുടെയും ജങ്ക് ഫുഡിന്‍റെയും ഉപയോഗം ഉയരുന്ന അര്‍ബുദ കേസുകള്‍ക്ക് പിന്നിലെ മുഖ്യ ഘടകമാണെന്ന് അര്‍ബുദരോഗ വിദഗ്ധര്‍ പറയുന്നു. മുന്‍പ് പുകയിലയുടെയും മദ്യത്തിന്‍റെയും ഉപയോഗമായിരുന്നു അര്‍ബുദ രോഗങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍. എന്നാല്‍ അമിതവണ്ണം, പല ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍, വ്യവസായ ഫാക്ടറികളുടെ സമീപത്തെ വിഷമയമായ പുഴകളില്‍ നിന്നുള്ള വെള്ളം ഒഴിച്ച് ഉത്പാദിപ്പിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും, ഭക്ഷണത്തിലെ മായം, ഭക്ഷത്തിലെ കൃത്രിമ നിറങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ഇന്ന് അര്‍ബുദത്തിലേക്ക് നയിക്കുന്നുണ്ടെന്ന് ധരംശില നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജി ഡയറക്ടര്‍ ഡോ. അൻഷുമാന്‍ കുമാര്‍ മിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Content Summary : Content Summary : India’s cancer burden to Rise to 29.8 million in 2025: ICMR Report