ഒരിക്കലും മാറാത്ത ആ ക്ഷീണത്തിന് പിന്നില്‍ ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം

chronic fatigue syndrome
Photo Credit: fizkes / Shutterstock.com
SHARE

ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം അമിതമായ ക്ഷീണം തോന്നിയ സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിത്തില്‍ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാകും. എന്നെക്കൊണ്ട് ഒന്നിനും പറ്റില്ല. ഒന്ന് ഉറങ്ങിയാല്‍ മതിയെന്ന് തോന്നി പോകുന്ന സാഹചര്യങ്ങള്‍. എന്നാല്‍ ഇത്തരത്തിലുള്ള ക്ഷീണം മാസങ്ങളും വര്‍ഷങ്ങളും തുടര്‍ന്നാലോ? ഇത്തരത്തിലുള്ള വിചിത്രമായ ഒരിക്കലും മാറാത്ത ക്ഷീണത്തെയാണ് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം(സിഎഫ്എസ്) അഥവാ മയാള്‍ജിക് എന്‍സെഫെലോമൈലിറ്റിസ് എന്ന് പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സിഎഫ്എസ് ബാധിക്കാനുള്ള സാധ്യത രണ്ട് മുതല്‍ നാല് വരെ മടങ്ങ് അധികമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 25 മുതല്‍ 45 വരെ പ്രായത്തിലുള്ള സ്ത്രീകളെയാണ് പലപ്പോഴും സിഎഫ്എസ് പിടികൂടുക. 

8.36 ലക്ഷം മുതല്‍ 25 ലക്ഷം വരെ പേര്‍ക്ക് സിഎഫ്എസ് ഉണ്ടാകുന്നതായി അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നു. എന്നാല്‍ ഭൂരിപക്ഷം കേസുകളിലും രോഗനിര്‍ണയം നടക്കുന്നില്ല. ഇത് മൂലം അമേരിക്കയ്ക്ക് ഓരോ വര്‍ഷവും ഉണ്ടാകുന്ന ഉത്പാദനനഷ്ടവും മെഡിക്കല്‍ ചെലവുകളും ഒന്‍പത് മുതല്‍ 25 ബില്യണ്‍ ഡോളറിന്‍റേതാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള കണക്കുകള്‍ ലഭ്യമല്ല. 

കുറഞ്ഞത് ആറ് മാസമെങ്കിലും നീണ്ടു നില്‍ക്കുന്ന അത്യധികമായ ക്ഷീണത്തെയാണ് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം എന്ന് വിളിക്കുക. എന്തെങ്കിലും ശാരീരിക, മാനസിക അധ്വാനത്തില്‍ ഏര്‍പ്പെടുന്ന പക്ഷം ഈ ക്ഷീണം അധികരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശരീരവേദനയും ഇതിന്‍റെ ഭാഗമായി വരാം. ഉറങ്ങിയാലോ വിശ്രമിച്ചാലോ ഒന്നും ഈ ക്ഷീണം മാറില്ല എന്നതാണ് സിഎഫ്എസിന്‍റെ പ്രത്യേകത. അടുത്തിടെ ഈ രോഗാവസ്ഥയ്ക്ക് സിസ്റ്റമിക് എക്സേര്‍ഷണല്‍ ഇന്‍ടോളറന്‍സ് ഡിസീസ് എന്ന് കൂടി പേരിട്ട് വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

രോഗനിര്‍ണയം എളുപ്പമല്ല

സിഎഫ്എസ് കണ്ടെത്താന്‍ ഒരു പരിശോധന കൊണ്ട് സാധിക്കില്ലെന്നതാണ് പ്രധാന പ്രശ്നം. നിരവധി പരിശോധനകള്‍ നടത്തി മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലമല്ല ഈ ക്ഷീണമെന്ന് തിരിച്ചറിയേണ്ടതുണ്ട്. മുന്‍പൊക്കെ ഇതൊരു മനശാസ്ത്ര പ്രശ്നമായി തള്ളികളയാറുണ്ടായിരുന്നു. എന്നാല്‍ ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ഈ രോഗാവസ്ഥയുടെ ഗൗരവത്തെ കുറിച്ച് ഇന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും ബോധവാന്മാരാണ്. 

കാരണങ്ങള്‍

covid fatigue

സിഎഫ്എസിന്‍റെ കൃത്യമായ കാരണങ്ങള്‍ ഇതേ വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് നോയ്ഡ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഇന്‍റേണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. അജയ് അഗര്‍വാള്‍ ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഹെര്‍പസ് സോസ്റ്റര്‍, എപ്സിറ്റീന്‍ ബാര്‍ വൈറസ്, സമ്മര്‍ദം എന്നിങ്ങനെ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാമെന്ന് അനുമാനിക്കുന്നതായി ഡോ. അജയക് കൂട്ടിച്ചേര്‍ത്തു. പല സിഎഫ്എസ് കേസുകളുടെയും ചരിത്രം തിരഞ്ഞു പോയാല്‍ ഒരു വൈറല്‍ അണുബാധ കണ്ടെത്താന്‍ സാധിച്ചേക്കാം. 

കോവിഡ് രോഗമുക്തിക്ക് ശേഷവും ചിലരില്‍ സിഎഫ്എസ് കാണപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രതിരോധ സംവിധാനത്തിലെ താളപ്പിഴകള്‍, മോശം പ്രതിരോധശേഷി, ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ എന്നിവയും സിഎഫ്എസിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2009ല്‍ ജാമ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കുട്ടിക്കാലത്തെ മാനസിക ആഘാതം സിഎഫ്എസിലേക്ക് നയിക്കാമെന്ന് കണ്ടെത്തിയിരുന്നു. 

fatigue
Photo credit : fizkes / Shutterstock.com

ക്ഷീണത്തിന് പുറമേ ഓര്‍മത്തകരാര്‍, ബ്രെയ്ന്‍ ഫോഗ്, തലവേദന, തൊണ്ട വേദന, കഴുത്തിലും കക്ഷത്തിലും ലിംഫ് നോഡുകള്‍ക്ക് നീര്‍ക്കെട്ട്, പേശീ, സന്ധി വേദന, തലകറക്കം, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയും സിഎഫ്എസ് രോഗികളില്‍ കാണപ്പെടുന്നു. തീവ്രമായ സ്വപ്നങ്ങള്‍, കാലുകള്‍ക്ക് വിശ്രമമില്ലായ്മ, രാത്രിയിലെ പേശി വലിവ്, സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്നങ്ങൾ മൂലം  ഉറക്കത്തിന്‍റെ ഗുണനിലവാരവും സിഎഫ്എസ്  തടസ്സപ്പെടുത്താം. 

സിഎഫ്എസിന് പ്രത്യേകമായ പരിചരണ പദ്ധതികളൊന്നും നിലവില്‍ ഇല്ല എന്നുള്ളതാണ് ദൗര്‍ഭാഗ്യകരമായ മറ്റൊരു കാര്യം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ സാധിക്കും. മാനസിക കൗണ്‍സിലിങ്ങ്, വൈറ്റമിന്‍ സപ്ലിമെന്‍റുകള്‍ എന്നിവ സിഎഫ്എസ് രോഗികള്‍ക്ക് നല്‍കാറുണ്ടെന്ന് ദ്വാരക മണിപ്പാല്‍ ആശുപത്രിയിലെ ഇന്‍ഫെക്‌ഷ്യസ് ഡിസീസ് കണ്‍സല്‍റ്റന്‍റ് ഡോ. അങ്കിത് ബൈദ്യ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം, നിത്യവുമുള്ള വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവയിലൂടെ രോഗികളെ ഈ രോഗാവസ്ഥയില്‍ നിന്ന് പതിയെ പുറത്ത് കടത്താമെന്നും ഡോ. ബൈദ്യ കൂട്ടിച്ചേര്‍ത്തു. 

Content Summary: Chronic fatigue syndrome: Causes, Treatment and symptoms

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS