ADVERTISEMENT

കോവിഡ് വന്നുപോയ ശേഷം പലർക്കും, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ്. ആരോഗ്യകരമായ ജീവിതത്തിനു പാലിക്കേണ്ട ശീലങ്ങൾ എന്തൊക്കെ? മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. അജിത് മുല്ലശേരി പറയുന്നു. 

 

കോവിഡ് വന്നുപോയവരുടെ ഹൃദയം എങ്ങനെ?

 

സാധാരണഗതിയിൽ ഏതു വൈറസ് ബാധിച്ചാലും ശരീരം അതിനെ പ്രതിരോധിക്കുകയും അഞ്ചോ ആറോ ദിവസം കൊണ്ട് വൈറസ് ശരീരം വിട്ടൊഴിഞ്ഞു പോവുകയും ചെയ്യും. എന്നാൽ കൊറോണവൈറസ് ബാധിച്ച ചിലരിൽ അങ്ങനെ സംഭവിക്കുന്നില്ല. ഇവരിൽ പലർക്കും ശ്വാസകോശത്തിൽ ഫ്ലൂയിഡ് (ദ്രാവകം) നിറയുന്നു. ഇതോടെ ഫ്ലൂയിഡ് നിറയുന്ന അവയവങ്ങളിൽ വീക്കം ഉണ്ടാവുകയും ചെയ്യുന്നു. ശ്വാസകോശത്തിൽ ഇത്തരത്തിൽ വീക്കമുണ്ടാകുന്നവരിൽ പലർക്കും  പെട്ടെന്ന് ഓക്സിജൻ കുറയുന്ന സ്ഥിതിയും സംഭവിക്കാം. ഇതോടെ വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരുന്നു. കോവിഡ് ബാധിച്ച ആളുടെ ശരീരം സാധാരണ ആറ് അല്ലെങ്കിൽ ഏഴു ദിവസം കൊണ്ടു സാധാരണ അവസ്ഥയിലെത്താറുണ്ട്. എന്നാൽ ചിലരിൽ ആറു മാസം വരെ ഇതിന്റെ പ്രശ്നങ്ങൾ നീണ്ടുനിന്നേക്കാം. 85 മുതൽ 90 ശതമാനം പേർക്കും ഇങ്ങനെയൊന്നും സംഭവിക്കുന്നില്ല. 10 ശതമാനം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇതിൽ തന്നെ അഞ്ച് ശതമാനം പേർക്കേ ഗുരുതര പ്രശ്നം ഉണ്ടാകുന്നുള്ളൂ. കോവിഡ് വന്നുപോയവരിൽ ഹൃദയാഘാതത്തിന്റെ ലക്ഷണമില്ലാത്തവരിലും അപൂർവമായി ഹൃദയാഘാതം സംഭവിക്കുന്നു. ഹൃദയം, തലച്ചോർ തുടങ്ങിയ ഭാഗങ്ങളിലും വീക്കം സൃഷ്ടിക്കുന്ന ആഘാതം സംഭവിക്കാം. കോവിഡ് വരുന്നവർക്ക് ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കാൻ കൃത്യമായ മരുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല. എന്നാൽ കോവിഡ് വന്നവരിൽ എല്ലാവരിലും ഇതു സംഭവിക്കുന്നുമില്ല. അതിനാൽ തന്നെ കോവിഡ് വന്നുപോയവർ ആറുമാസം വരെ സൂക്ഷിക്കുന്നതാണു നല്ലത്. നടത്തമാണ് ഏറ്റവും ഉചിതം. സാധാരണ വ്യായാമം ചെയ്യാം. പ്രമേഹരോഗികൾ, ഹൃദയത്തിന് പ്രശ്നമുള്ളവർ, വൃക്കരോഗികൾ തുടങ്ങിയവർ കോവിഡ് വരാതെ നോക്കുന്നതാവും ഏറ്റവും ഉചിതം. 

 

കൊളസ്ട്രോൾ ലെവൽ എത്രയാകാം? ഇപ്പോഴും ആശയക്കുഴപ്പമില്ലേ?

 

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിന്റെ ശരീരത്തിൽ 30 മില്ലിഗ്രാം ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ – ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ) ഉണ്ടാകും. ഈ കൊളസ്ട്രോൾ വച്ചാണ് ശരീരത്തിലെ അവയവങ്ങളൊക്കെ രൂപപ്പെട്ട് കുഞ്ഞു ജനിക്കുന്നത്. ഒരാൾക്ക് ജീവിക്കാൻ ഈ അളവിൽ എൽഡിഎൽ മതി. എന്നാൽ ജീവിതശൈലി, ആഹാരരീതി, വ്യായാമമില്ലായ്മ തുടങ്ങിയവ കാരണം കൊളസ്ട്രോൾ കൂടുതലാകുന്നു. പണ്ടുകാലത്തും ആൾക്കാരിൽ കൊളസ്ട്രോൾ ഉണ്ടായിരുന്നു. പക്ഷേ, അന്നു കൂടുതൽ ദൂരം നടക്കുന്നവരും കായികാധ്വാനത്തിൽ ഏർപ്പെടുന്നവരുമായിരുന്നു കൂടുതലും. അതിനാൽത്തന്നെ കൊളസ്ട്രോൾ വലിയൊരു പ്രശ്നമായി വന്നിരുന്നില്ല. ഇന്ന് അതല്ല പ്രശ്നം. ജീവിതശൈലി തന്നെ അപ്പാടെ മാറിമറിഞ്ഞു. അച്ഛനോ അമ്മയോ സഹോദരങ്ങളോ ആരെങ്കിലും ഹൃദയാഘാതം മൂലം മരിച്ചിട്ടുണ്ടെങ്കിൽ ആ കുടുംബത്തിലുള്ളയാൾ കൂടുതൽ കരുതിയിരിക്കണം. ചീത്ത കൊളസ്ട്രോൾ ലെവൽ 30 ആയി കുറയ്ക്കാൻ ശ്രമിക്കണം. എന്നാൽ ഇത്തരം കുടുംബ പശ്ചാത്തലം ഇല്ലാത്തവരാണെങ്കിൽ അത്തരം റിസ്ക് ഉണ്ടാവില്ല. എന്നിരുന്നാലും ചീത്ത കൊളസ്ട്രോളിന്റെ അളവ് പരമാവധി കുറയ്ക്കുക തന്നെ വേണം. വ്യക്തിപര ആരോഗ്യപരിചരണത്തിന്റെ കാലമാണിത്. അതിനാൽത്തന്നെ ചീത്ത കൊളസ്ട്രോളിന്റെ അപകടകരമായ അളവ് ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. 

 

സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന അറിവിൽ നിന്നുള്ള ആരോഗ്യ പരിചരണം?

 

ഇൻഫർമേഷൻ നല്ലകാര്യമാണ്. പക്ഷേ, തെറ്റായ ഇൻഫർ‌മേഷനാണു പലപ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നത്. അറിവുകളുടെ സാഗരത്തിൽ നിന്ന് തെറ്റും ശരിയും വേർതിരിച്ചെടുക്കാൻ കഴിഞ്ഞാൽ വിജയിച്ചു. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങളിൽ പരീക്ഷണത്തിനു മുതിരരുത്. ഡ്രൈ ഫൂട്ട്സും നട്സും നല്ല കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നതാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതു കഴിക്കുന്നതിന്റെ അളവാണ് പ്രശ്നം. കുറച്ചു മാത്രമേ ഉപയോഗിക്കാവൂ. ഒലിവ് ഓയിൽ നല്ല കൊളസ്ട്രോൾ മാത്രമാണ് ഉൽപാദിപ്പിക്കുന്നത് എന്ന വാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മിതത്വമാണ് ആരോഗ്യകരമായ ശരീരത്തിന് ആവശ്യം. പച്ചക്കറിയിൽ നിന്നും ധാന്യങ്ങളിൽ നിന്നുമുള്ള പ്രോട്ടീൻ നല്ലതാണ്. മത്തി, അയല പോലുള്ള ചെറുമത്സ്യങ്ങൾ ധാരാളം കഴിക്കാം. അനിമൽ പ്രോട്ടീൻ പരമാവധി ഒഴിവാക്കുകയാവും നല്ലത്. 

 

ആഴ്ചയിൽ അഞ്ചു ദിവസം വച്ച് ദിവസം ഒരു മണിക്കൂർ നടത്തം മതിയാവും. പെട്ടെന്നു തടികുറയ്ക്കാനുള്ള ശ്രമങ്ങളും നടത്തരുത്. പെട്രോൾ ഒഴിച്ച് ഓടുന്ന കാറിൽ ഡീസൽ ഒഴിക്കുന്നതുപോലെയായിരിക്കും അത്. 

Content Summary: Health care after COVID19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com