ADVERTISEMENT

ആദ്യ ഘട്ടങ്ങളില്‍ തന്നെ സ്തനാര്‍ബുദം നിര്‍ണയിക്കാന്‍ കഴിയുന്ന രക്തപരിശോധന ഇന്ത്യയിലും ആരംഭിച്ചു. ഡേറ്റാര്‍ കാന്‍സര്‍ ജനറ്റിക്സ് എന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ആണ് ഈ നൂതന രക്തപരിശോധന അവതരിപ്പിച്ചത്.  40 വയസ്സിന് മുകളിലുള്ള സ്ത്രീകളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നതിന് മുന്‍പ് തന്നെ സ്താനാര്‍ബുദ സാധ്യത നിര്‍ണയിക്കാന്‍ ഈ രക്തപരിശോധനയ്ക്ക് സാധിക്കും. യൂറോപ്പിലെ അടക്കം 15 ഓളം രാജ്യങ്ങള്‍ നടപ്പാക്കിയ ഈ രക്ത പരിശോധനയ്ക്ക് 99 ശതമാനം കൃത്യതയാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

 

ലോകാരോഗ്യ സംഘടനയും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഈ രക്തപരിശോധനയ്ക്ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ അനുമതി നല്‍കിയിരുന്നു. ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ ഭാഗമായി രോഗലക്ഷണങ്ങളില്ലാത്ത 8000 സ്ത്രീകളെ രക്തപരിശോധനയ്ക്ക് വിധേയമാക്കുകയും ഇവരെ 12 മാസക്കാലത്തേക്ക് നിരീക്ഷിക്കുകയും ചെയ്തു. ഇതില്‍ നിന്ന് 0, 1 ഘട്ടങ്ങളിലെ സ്തനാര്‍ബുദം 99 ശതമാനം കൃത്യതയോടെ കണ്ടെത്താന്‍ സാധിച്ചതായി ഡേറ്റാര്‍ കാന്‍സര്‍ ജനറ്റിക്സ് ഡയറക്ടര്‍ ഡോ. ചിരന്തന്‍ ബോസ് പറയുന്നു. 

 

ഈസിചെക്ക് ബ്രെസ്റ്റ് എന്ന് പേരിട്ടിട്ടുള്ള ഈ രക്തപരിശോധനയുടെ ചെലവ് ഇന്ത്യയില്‍ 6000 രൂപയാണ്. പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാത്ത 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യതകള്‍ നിര്‍ണയിക്കാന്‍ ഈ വാര്‍ഷിക പരിശോധന ഉപയോഗപ്പെടുത്താവുന്നതാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറയുന്നു. 99 ശതമാനം കൃത്യതയുള്ള ഈ പരിശോധനയില്‍ ഫാള്‍സ് പോസിറ്റീവ് വരാനുള്ള സാധ്യത വെറും 1 ശതമാനവും ഫാള്‍സ് നെഗറ്റീവ് വരാനുള്ള സാധ്യത 22 ശതമാനവുമാണെന്നും ഡേറ്റാര്‍ കാന്‍സര്‍ ജനറ്റിക്സ് ചൂണ്ടിക്കാട്ടി. 

 

ഈ പരിശോധന മാമോഗ്രാമിന് പകരമല്ലെന്നും രക്തപരിശോധനയിലൂടെ സ്തനാര്‍ബുദ സാധ്യത കണ്ടെത്തുന്ന സ്ത്രീകള്‍ക്ക് പരമ്പരാഗത പരിശോധനകളിലേക്കും ബയോപ്സിയിലേക്കും പോകാമെന്നും അപ്പോളോ ഡല്‍ഹി ആശുപത്രിയിലെ സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. രമേഷ് സരിന്‍ പറഞ്ഞു. 

 

സ്തന കോശങ്ങളുടെ സാന്ദ്രത കൂടുതലായതിനാല്‍ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സാധാരണ ഡോക്ടര്‍മാര്‍ മാമോഗ്രാം നിര്‍ദ്ദേശിക്കാറില്ല. മാത്രമല്ല മാമോഗ്രാം പരിശോധന ഇവരുടെ പ്രത്യുത്പാദനക്ഷമതയെയും ബാധിക്കുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍ സ്താനര്‍ബുദം വരുന്ന സ്ത്രീകളില്‍ അഞ്ച് ശതമാനത്തോളം 40 വയസ്സിന് താഴെയുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ യുവതികള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന സ്തനാര്‍ബുദ നിര്‍ണയ ഉപാധിയായി പുതിയ രക്തപരിശോധന മാറുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.

Content Summary: Blood test for early diagnosis of breast cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com