ADVERTISEMENT

എല്ലാ വർഷവും ഇന്ത്യയിൽ ജൂലൈ 1 ഡോക്ടേഴ്സ് ഡേ ആയി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ഓരോ മെഡിക്കൽ പ്രാക്ടീഷണർക്കും പ്രത്യേകതയുള്ളതാണ്. മനുഷ്യവർഗത്തിന് അവർ നൽകുന്ന മാനുഷിക സേവനങ്ങൾക്കു നന്ദി പറയാൻ ഒരു ദിവസം അവർക്കുവേണ്ടി മാറ്റിവയ്ക്കുന്നു. 

ബംഗാൾ മുൻ മുഖ്യമന്ത്രി ഡോ. ബിധൻ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ജൂലൈ 1. ഒരു സജീവ രാഷ്ട്രീയക്കാരൻ എന്നതിനൊപ്പം അദ്ദേഹം ഒരു ഫിസിഷ്യനുമായിരുന്നു. എല്ലാ വർഷവും ജൂലൈ 1 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആഘോഷിക്കുന്നു. 

1882 ജൂലൈ 1 ന് ബിഹാറിലെ പട്നയിൽ ജനിച്ച അദ്ദേഹം ബിരുദത്തിനു ശേഷം കൽക്കട്ട മെഡിക്കൽ കോളജിൽ മെഡിസിനു ചേരുകയും തുടർന്ന് ഉപരിപഠനത്തിനായി ബ്രിട്ടനിലേക്ക് പോവുകയും ചെയ്തു. നിരന്തര പരിശ്രമവും പഠനവും അദ്ദേഹത്തിനു റോയൽ കോളജ് ഓഫ് ഫിസിഷ്യൻസിൽ അംഗത്വവും റോയൽ കോളജ് ഓഫ് സർജൻസിന്റെ ഫെലോഷിപ്പും നേടിക്കൊടുത്തു. ബിരുദം നേടിയ ഉടൻ റോയൽ പ്രൊവിൻഷ്യൽ ഹെൽത്ത് സർവീസിൽ ചേർന്ന ഡോ. റോയി അളവറ്റ സമർപ്പണവും കഠിനാധ്വാനവും പ്രകടിപ്പിച്ചിരുന്നു. ആവശ്യമുള്ളപ്പോൾ ഒരു നഴ്സായി പ്രവർത്തിക്കുകയും ഒഴിവുസമയത്ത് സ്വകാര്യമായി പ്രാക്ടീസ് നടത്തുകയും ചെയ്ത അദ്ദേഹം നാമമാത്രമായ ഫീസേ ഈടാക്കിയിരുന്നുള്ളൂ. സ്വതന്ത്ര ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്ന ഡോ. റോയി തന്റെ സഹപൗരന്മാരുടെ ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചിരുന്നു. 

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സംഘാടനത്തിന് അതുല്യമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. ആശുപത്രികൾക്കും ചാരിറ്റബിൾ ഡിസ്പെൻസറികൾക്കും ഗ്രാന്റ്-ഇൻ-എയ്ഡ് വിതരണം ചെയ്യുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിച്ചു. അദ്ദേഹം പഠിച്ച കോളജിൽ മെഡിസിൻ പഠിപ്പിക്കുകയും പിന്നീട് വൈസ് ചാൻസലറാകുകയും ചെയ്തു. രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. (1948 –62).

1961 ഫെബ്രുവരി നാലിന് രാജ്യം ഡോ. റോയിയെ ഭാരതരത്ന നൽകി ആദരിച്ചു. 1962 ജൂലൈ ഒന്നിന്, തന്റെ എൺപതാം ജന്മദിനത്തിൽ, രോഗികളെ ചികിൽസിച്ച ശേഷം അദ്ദേഹം ‘ബ്രഹ്മോ ഗീതി’ൽ നിന്ന് ഒരു ഭാഗം ആലപിച്ചു. പിന്നാലെ മരണപ്പെടുകയും ചെയ്തു.

എല്ലാവർഷവും ഇതേ ദിവസം, നമ്മുടെ ദൈനംദിന ജീവിതത്തിൽ ഡോക്ടർമാരുടെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സുപ്രധാന പങ്കിനെക്കുറിച്ചുമുള്ള അവബോധം വളർത്താൻ ഡോക്ടേഴ്സ് ഡേ ആയി ആഘോഷിക്കുന്നു.

ഒരു നല്ല ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ അടിസ്ഥാനം, നല്ല ഡോക്ടർ - ഹെൽത്ത് വർക്കർ - രോഗി ബന്ധമാണ്. അത്തരമൊരു ആരോഗ്യകരമായ ബന്ധത്തിലൂടെ ചികിത്സയുടെ ഫലപ്രാപ്തി പലമടങ്ങ് വർധിക്കും. ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവർത്തകർക്കും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇതു വഴിയൊരുക്കുന്നു.

ലോകത്തിലെ വിവിധ സമൂഹങ്ങളിൽ ഡോക്ടർമാരുടെ സംഭാവന വളരെ വലുതാണ്. ആരോഗ്യ പരിചരണ സേവനങ്ങൾ ആളുകളിൽ എത്തിക്കുന്നതും ആരോഗ്യപരിചരണത്തിനു നേതൃത്വം നൽകുന്നരും ഡോക്ടർമാരുടെ ഉത്തരവാദിത്തമാണ്. അവരുടെ ഒന്നാമത്തെയും പ്രധാനവുമായ കടമ എല്ലാ രോഗികൾക്കും പരിചരണവും സുരക്ഷയും എത്തിക്കുക എന്നതാണ്. ജീവൻ രക്ഷിക്കുക എന്നതിനൊപ്പം രോഗികളുടെ ജീവിതാവസ്ഥയെ പുനരുദ്ധാരണം ചെയ്യുന്നതിലും ഡോക്ടർ വലിയ പങ്കു വഹിക്കുന്നു. ഒരു രോഗിയുടെ വേദന കുറയ്ക്കാനും രോഗത്തിൽനിന്ന് വേഗം സുഖം പ്രാപിക്കാനും സഹായിക്കുന്നതിനൊപ്പം, രോഗമോ പരുക്കോ മൂലമുണ്ടാകുന്ന വൈകല്യങ്ങളെ സമചിത്തതയോടെ കണ്ട് ജീവിക്കാനും ഡോക്ടർമാർ അവരെ പ്രാപ്തരാക്കുന്നുണ്ട്. ഇതു മൂലം, രോഗം സുഖപ്പെടാൻ സാധിക്കാതെ വന്നാലും സ്വന്തം ജീവിതം ആസ്വദിക്കുവാൻ രോഗികൾക്കു സാധിക്കുന്നു എന്നത് അവരിൽ വലിയ പരിവർത്തനത്തിനു കാരണമാകുന്നു. ആധുനിക മെഡിക്കൽ സാങ്കേതികവിദ്യയും ഡോക്ടറുടെ പരിചരണവും ടെർമിനൽ രോഗങ്ങൾ ബാധിച്ച രോഗികൾക്ക് കൂടുതൽ കാലം ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നതാണ്.

Content Summary : National Doctors' Day 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com