ADVERTISEMENT

ക്രമം തെറ്റിയ ആര്‍ത്തവ മുറ സ്ത്രീകള്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. ചിലര്‍ക്ക് മാസമുറ നേരത്തെ എത്തുമെങ്കില്‍ ചിലര്‍ക്ക് ഇത് സാധാരണയിലും വൈകാം. എന്നാല്‍ എല്ലാ മാസവും ഇത്തരത്തില്‍ ആര്‍ത്തവക്രമം താളം തെറ്റുന്നത് വന്ധ്യത അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

 

28 ദിവസവമാണ് സാധാരണ രണ്ട് ആര്‍ത്തവങ്ങളുടെ ഇടയിലുള്ള ശരാശരി സമയം. രണ്ടോ മൂന്നോ ദിവസം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഇതില്‍ വ്യത്യാസം വരാറുണ്ട്. എന്നാല്‍ എല്ലാ മാസവും ആര്‍ത്തവ മുറയില്‍ ക്രമക്കേടുകള്‍ ഉണ്ടാകുന്നതും രക്തം തീരെ വരാതിരിക്കുകയോ അമിതമായി രക്തസ്രാവമുണ്ടാകുകയോ ഒക്കെ ചെയ്യുന്നതും  ഗൗരവത്തോടെ എടുക്കേണ്ട സംഗതികളാണെന്ന് നോവ ഐവിഎഫിലെ ഐവിഎഫ് സ്പെഷലിസ്റ്റ് ഡോ. ഉന്നതി മംമ്തോര എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

21 ദിവസത്തില്‍ കുറവോ 35 ദിവസത്തില്‍ കൂടുതലോ ഉള്ള ഇടവേള ആര്‍ത്തവത്തില്‍ ഉണ്ടാകുന്നത് ക്രമം തെറ്റിയ ആര്‍ത്തവമായി കണക്കാക്കാമെന്നും ഡോ. ഉന്നതി ചൂണ്ടിക്കാട്ടി. നീണ്ട ആര്‍ത്തവ ചക്രമുള്ള ചില സ്ത്രീകള്‍ക്ക് അണ്ഡം പുറന്തള്ളാനും കഴിയാത്ത അവസ്ഥ വരാറുണ്ട്. ഇതിനെ അനോവുലേറ്ററി സൈക്കിള്‍ എന്ന് വിളിക്കുന്നു. ക്രമം തെറ്റിയ ആര്‍ത്തവം ഗര്‍ഭധാരണത്തിന് വേണ്ടിയുള്ള ലൈംഗിക ബന്ധം ആസൂത്രണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാക്കും.

 

നേരത്തേയുള്ള ഗര്‍ഭധാരണം, ആര്‍ത്തവ വിരാമം, ഹോര്‍മോണുകള്‍ ഉപയോഗിച്ചുള്ള ഗര്‍ഭനിയന്ത്രണം, ഭാരം വര്‍ധിക്കുകയോ കുറയുകയോ ചെയ്യല്‍, സമ്മര്‍ദം, തൈറോയ്ഡ് പ്രശ്നം എന്നിങ്ങനെ പല കാരണങ്ങള്‍ ക്രമം തെറ്റിയ ആര്‍ത്തവത്തിന് പിന്നിലുണ്ടാകാം. അണ്ഡാശയം വലുതാകുകയും അതിന് പുറത്ത് ചെറിയ മുഴകള്‍ ഉണ്ടാവുകയും ചെയ്യുന്ന പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോമും ആര്‍ത്തവ ചക്രം തെറ്റാന്‍ കാരണമാകാറുണ്ട്. പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം വന്ധ്യതയിലേക്കും നയിക്കാം. ക്രമം തെറ്റിയ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് കൃത്രിമ ഗര്‍ഭധാരണ വഴികള്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്നും ഡോ. ഉന്നതി കൂട്ടിച്ചേര്‍ത്തു.

Content Summary; Irregular periods and infertlity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com