കോവിഡ് മരണങ്ങള്‍ ഉയരുന്നു: സമീപഭാവിയില്‍ കൂടുതല്‍ തരംഗങ്ങള്‍ ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന

INDIA-HEALTH-VIRUS
(Photo: SAJJAD HUSSAIN / AFP)
SHARE

സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ കോവിഡ് തരംഗങ്ങളുണ്ടാകാമെന്നും അതിനാല്‍ രാജ്യങ്ങള്‍ ജാഗ്രത പുലർത്തണമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍. രോഗബാധ വീണ്ടും വേഗം പടര്‍ന്നാല്‍ അതിനെ അതിവേഗം നേരിടാൻ ഡേറ്റ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഡോ. സൗമ്യ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ ലോകത്തിന്‍റെ പലയിടങ്ങളിലും ഉയരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 

നിലവിലുള്ള കോവിഡ് വകഭേദങ്ങള്‍ക്ക് വ്യാപനശേഷി വർധിക്കാമെന്നും മനുഷ്യശരീരത്തിന്‍റെ പ്രതിരോധസംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാനുള്ള വൈറസിന്റെ കഴിവ് മെച്ചപ്പെടാമെന്നും ഡോ. സൗമ്യ ചൂണ്ടിക്കാട്ടി. ഇത് ലോകമെങ്ങും കൂടുതല്‍ പേരെ കോവിഡ് മൂലം ആശുപത്രിയിലെത്തിക്കും. ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണം പല രാജ്യങ്ങളിലും വർധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ലോകബാങ്ക് ഗ്രൂപ്പിന്‍റെ മുതിര്‍ന്ന ഉപദേശകന്‍ ഫിലിപ്പ് ഷെല്ലെകെന്‍സും ട്വീറ്റ് ചെയ്തു. 

അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നിവിടങ്ങളിലാണ് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത്. ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ ഒമിക്രോണിന്‍റെ ഉപവകഭേദങ്ങളാണ് കേസുകളുടെ എണ്ണം കൂട്ടുന്നത്. കഴിഞ്ഞ രണ്ടാഴ്ച കോവിഡ് കേസുകള്‍ 30 ശതമാനം ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയുടെ പ്രതിവാര അവലോകനവും ചൂണ്ടിക്കാണിക്കുന്നു. 

ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ബിഎ 4, ബിഎ 5 എന്നിവയാണ് ഈ വർധനയ്ക്കു പിന്നില്‍. പശ്ചിമ പസഫിക്, മിഡില്‍ ഈസ്റ്റ് പ്രദേശത്താണ് മരണനിരക്കിൽ വലിയ വർധനവുണ്ടായത്. മിഡില്‍ ഈസ്റ്റ് പ്രദേശത്ത് 78 ശതമാനവും ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ 23 ശതമാനവും കോവിഡ് മരണനിരക്ക് ഉയര്‍ന്നതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. വൈറസ് സ്വതന്ത്രമായി പരക്കുകയാണെന്നും പല രാജ്യങ്ങളും ഇതിനെ കാര്യക്ഷമമായി നിയന്ത്രിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ്  കുറ്റപ്പെടുത്തി.

Content Summary: Rise In COVID-19 Deaths: WHO Chief Scientist Urges Countries To Be Prepared For Future Waves

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS