ADVERTISEMENT

തലക്കെട്ട് കണ്ടപ്പോൾ ‘ഉദയനാണ് താരത്തിലെ’ ഈ പാട്ട് പാടണമെന്ന് തോന്നിയാൽ കണ്ണടച്ചങ്ങ് പാടണം, ഒപ്പം കരളിന്റെ ആരോഗ്യത്തെക്കുറിച്ച്  എഴുതിയിരിക്കുന്നത് വായിക്കാനും ക്ഷമ കാണിക്കണം. കാരണം കരളിന്റെ ആരോഗ്യം വെറും കുട്ടികളിയല്ല. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിലെങ്കിലും ഇതേക്കുറിച്ച് ചിന്തിക്കണം. ആരോഗ്യ പരിശോധനകൾ എന്നു കേൾക്കുമ്പോൾ നാളെ... നാളെയെന്ന് നീട്ടിവയ്ക്കുന്നവർക്കാണ് ഇൗ വർഷത്തെ ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം – ഹെപ്പറ്റൈറ്റിസിനായി കാത്തിരിക്കരുത് !

 

പിടിതരാതെ പിടിമുറുക്കും രോഗം...

വിവിധ കാരണങ്ങളാൽ കരളിലുണ്ടാകുന്ന നീർവീക്കമാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റോട്രോപ്പിക് വൈറസുകൾ അല്ലെങ്കിൽ നോൺ ഹെപ്പറ്റോട്രോപ്പിക് വൈറസുകൾ, പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന തകരാറുകൾ, കരളിനെ ബാധിക്കുന്ന ദഹന പ്രശ്നങ്ങൾ, ശരീരത്തിനുള്ളിൽ കടക്കുന്ന വിഷാംശങ്ങൾ, മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവർ എന്നിവയാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. അപൂർവമായി മറ്റു ചില രോഗങ്ങളും ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്. ഇവയിൽ ഏത് കാരണത്താലാണ് ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നത് എന്നത് അനുസരിച്ച് രോഗത്തിന്റെ തീവ്രത കൂടുകയോ കുറയുകയോ ചെയ്യും.

 

hepatitis

ഭൂരിഭാഗം രോഗികളിലും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത് ഹെപ്പറ്റോട്രോപ്പിക് വൈറസുകളാണ്. പക്ഷേ ഇക്കാലത്ത് ജീവിതശൈലിയുടെ ഫലമായുള്ള ഫാറ്റി ലിവറും അതുമൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് രോഗവും വർധിക്കുന്നത് ആശങ്കജനകമാണ്. തുടക്കത്തിൽ രോഗലക്ഷണങ്ങൾ പുറമേ കാണിക്കാത്ത രോഗമാണ് ഹെപ്പറ്റൈറ്റിസ്. പലപ്പോഴും വേറെ എന്തെങ്കിലും ഒരു അസുഖത്തിന് വേണ്ടി ടെസ്റ്റുകൾ നടത്തുമ്പോഴാണ് ഹെപ്പറ്റൈറ്റിസ് കണ്ടുപിടിക്കുന്നത്. ചിലരിൽ തലകറക്കം, മനംപിരട്ടൽ, ഛർദ്ദി, വിശപ്പില്ലായ്മ, അടിവയറ്റിലെ വേദന, മഞ്ഞപ്പിത്തം, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാറുണ്ട്. ചിലരിൽ ഗുരുതരമാം വിധം കരൾ തകരാറിലായ ശേഷമായിരിക്കും ഹെപ്പറ്റൈറ്റിസ് എന്ന വില്ലനെ തിരിച്ചറിയുന്നത്. അപ്പോഴേക്കും നിയന്ത്രിക്കാൻ കഴിയാത്ത വിധം രക്തസ്രാവം, ബോധമില്ലായ്മ, വയറ്റിലെ നീര് എന്നീ ലക്ഷണങ്ങളോടെ രോഗാവസ്ഥ കൂടാൻ സാധ്യതയുണ്ട്. കൃത്യമായ രക്ത – സ്രവ പരിശോധനകളും  മുൻകാലങ്ങളിൽ രോഗി ചികിത്സ തേടിയിട്ടുള്ള രോഗങ്ങളെ സംബന്ധിച്ച വിവരങ്ങളും രോഗനിർണയത്തിൽ നിർണായകമാണ്. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ ഹെപ്പറ്റൈറ്റിസ് എത്ര ഗുരുതരമായ സ്റ്റേജിലാണെന്ന് കണ്ടെത്താം. രോഗകാരണം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ കരൾ ബയോപ്സി പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.

 

ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ

പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ,ബി,സി,ഡി എന്ന് അവയ്ക്ക് പേര് നൽകിയിരിക്കുന്നു. ഈ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും. 

 

ഹെപ്പറ്റൈറ്റിസ് – എ വൈറസുകൾ മലിനമായ ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. രോഗിയുടെ മലവിസർജ്യത്തിലൂടെയാണ് ഈ വൈറസുകളെ പുറന്തള്ളുന്നത്.

 

ഹെപ്പറ്റൈറ്റിസ് ബി,സി,ഡി വൈറസുകൾ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകൾ ഗുരുതരമായ ലിവർ സിറോസിസിനും കാൻസറിനും കാരണമാകും. ഗർഭിണികളായ അമ്മമാർ രോഗികളാണെങ്കിൽ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരും. പ്രസവ സമയത്ത് വൈറസ് സാന്നിധ്യമുള്ള അമ്മയുടെ രക്തമോ ശരീരസ്രവങ്ങളോ സ്പർശിച്ചാലും കുഞ്ഞിന് രോഗമുണ്ടാകും.

The Hepatitis B and C viruses that stay in the body for years could eventually affect the functioning of other organs as well.
The Hepatitis B and C viruses that stay in the body for years could eventually affect the functioning of other organs as well.

 

ടാറ്റൂ കുത്തൽ, സൂചികൊണ്ടുള്ള മുറിവുകൾ, അണുബാധയുള്ള രക്തം സ്വീകരിക്കൽ എന്നിവയിലൂടെയും ഹെപ്പറ്റൈറ്റിസ് പകരും. ഹെപ്പറ്റൈറ്റിസ് സി വൈറസ് ശരീരത്തിൽ കടന്നു കഴിഞ്ഞാൽ വർഷങ്ങളോളം ലക്ഷണങ്ങൾ കാണിക്കില്ല. ഗുരുതരാവസ്ഥയിൽ ആകുമ്പോഴായിരിക്കും ഹെപ്പറ്റൈറ്റിസ് ആണെന്ന് തിരിച്ചറിയുന്നത്. ഹെപ്പറ്റൈറ്റിസ് ബി ഉണ്ടായവരിൽ കാണുന്ന ഒരു ഉപരോഗമാണ് ഹെപ്പറ്റൈറ്റിസ് ഡി. ഹെപ്പറ്റൈറ്റിസ് ഡി മാത്രമായി ആരിലും ഉണ്ടാകാറില്ല.

 

ലക്ഷണങ്ങൾ

പനി, ക്ഷീണം, വിശപ്പില്ലായ്മ, തലകറക്കം, ഛർദ്ദി, അടിവയറ്റിൽ വേദന, ഇരുണ്ടനിറത്തിലുള്ള മൂത്രം, വിളറിയ മലം, സന്ധിവേദന, മഞ്ഞപിത്തം എന്നിവയാണ് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ. ഏത് വൈറസാണ് രോഗകാരിയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധന ആവശ്യമാണ്. ശരീരത്തിൽ എത്രത്തോളം വൈറസ് പിടിമുറുക്കിയിട്ടുണ്ടെന്ന് കണ്ടെത്താൻ വൈറൽ ലോഡ് ടെസ്റ്റും വേണം.

health-dr-charles-panackal-senior-consultant-hepatologist
ഡോ. ചാൾസ് പനയ്ക്കൽ

 

ലഭ്യമായ ചികിത്സ

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളെ ശരീരത്തിൽ നിന്ന് തുരത്താൻ മരുന്നുകൾ ലഭ്യമാണ്. കരൾവീക്കം കുറയ്ക്കാൻ ഈ മരുന്നുകൾ സഹായിക്കും. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച കുഞ്ഞുങ്ങൾക്ക് നൽകാൻ പ്രത്യേക പ്രതിരോധ മരുന്നുമുണ്ട്.

 

ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ ഒരു പരിധിക്കപ്പുറത്തേക്ക് സ്വയം കൂടില്ല. ശരിയായ ചികിത്സയിലൂടെ രോഗം ഭേദപ്പെടും. പക്ഷേ രോഗം ഗുരുതരമായാൽ ഉടൻ ഐസിയുവിൽ പ്രവേശിപ്പിക്കണം. നേരത്തെ കരൾ രോഗങ്ങൾ ഉള്ളവരാണെങ്കിൽ പ്രശ്നം ഗുരുതരമാകാൻ സാധ്യതയുണ്ട്. സ്ഥിതി വഷളായാൽ കരൾ മാറ്റിവയ്ക്കേണ്ടി വരും.

 

ഗർഭിണികളായ സ്ത്രീകളിൽ ഹെപ്പറ്റൈറ്റിസ് 

ഗുരുതരമായ പ്രത്യഘാതങ്ങൾക്ക് ഇതു വഴിവെക്കും. അതുകൊണ്ട് ആ കാലയളവിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

 

പ്രതിരോധം

വ്യക്തിശുചിത്വം പാലിക്കുന്നതാണ് ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം. ചൂടാറിയതും തുറന്നു വച്ചതുമായ ഭക്ഷണം ഒഴിവാക്കണം. ശുദ്ധ ജലം ഉറപ്പാക്കണം. ഉപയോഗിച്ച സിറിഞ്ചുകളും മറ്റു വസ്തുക്കളും ശരിയായവിധം നിക്ഷേപിക്കാൻ ആശുപത്രിയിൽ സംവിധാനങ്ങൾ ക്രമീകരിക്കണം. രോഗികൾക്ക് രക്തം നൽകുന്നതിന് മുൻപ് സിറിഞ്ചുകളിൽ അണുബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പിക്കണം.

 

പ്രതിരോധ മരുന്ന്

ഹെപ്പറ്റൈറ്റിസ് എ, ബി രോഗങ്ങൾക്ക് വാക്സിൻ ലഭ്യമാണ്. ഒരു വയസ് കഴിഞ്ഞ കുട്ടികൾക്ക് രണ്ട് ഡോസ് വാക്സിൻ എടുക്കണം. ലൈവ് വാക്സിൻ ആണെങ്കിൽ ഒറ്റ ഡോസ് മതിയാകും. വാക്സിൻ ലഭ്യമായി തുടങ്ങിയ ശേഷം കുട്ടികളിൽ ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബാധ വളെരയധികം കുറഞ്ഞിട്ടുള്ളതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 1980 – 2000 കാലഘട്ടങ്ങളിൽ അഞ്ച് വയസിൽ താഴെയുള്ള 5% കുട്ടികളെ ഹെപ്പറ്റൈറ്റിസ് ബാധിച്ചിരുന്നു. 2019 ആയപ്പോഴേക്കും അത് 1% ൽ താഴെയാക്കാൻ വാക്സിനുകൾക്ക് കഴിഞ്ഞു. ഗർഭിണിയായ സ്ത്രീകൾ ഹെപ്പറ്റൈറ്റിസ് ഉണ്ടോയെന്ന് പരിശോധിക്കുന്നത് ഗുണകരമാണ്. ഹെപ്പറ്റൈറ്റിസ് ഡി വരാതിരിക്കാനുള്ള ഒരേയൊരു മാർഗം ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ മാത്രമാണ്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെതിരെ ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. കൃത്യമായ ഇടവേളകളിലെ പരിശോധന, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസിനെ അതിജീവിക്കാം.

 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ചാൾസ് പനയ്ക്കൽ, സീനിയർ കൺസൽറ്റന്റ് ഹെപ്പറ്റോളജിസ്റ്റ്, ഇന്റഗ്രേറ്റഡ് ലിവർ കെയർ, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com