ADVERTISEMENT

കാൻസർ അതിജീവിച്ചെത്തിയവർക്കെല്ലാം അവർ താണ്ടിയ വഴികളെക്കുറിച്ച്, അനുഭവിച്ച യാതനകളെക്കുറിച്ചൊക്കെ ഒരുപാട് പറയാനുണ്ടാകും. ഇതൊക്കെയാകട്ടെ പലർക്കും ധൈര്യപൂർവം മുന്നോട്ട് നീങ്ങാനുള്ള ചവിട്ടുപടി കൂടിയാണ്. 9–ാം വയസ്സിൽ മൂന്നു മാസം മാത്രം ആയുസ്സ് പ്രവചിച്ചിടത്തു നിന്ന് ജീവന്‍ തിരികെ പിടിച്ച് വർഷങ്ങൾക്കു ശേഷം ആ ആശുപത്രി ഒന്നു കാണാന്‍ വീണ്ടുമെത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് സ്വാതി സോമൻ എന്ന വീട്ടമ്മ ‘അതിജീവനം’ എന്ന സമൂഹമാധ്യമ ഗ്രൂപ്പിൽ. 

 

‘എല്ലാവർക്കും ഓർക്കാൻ ഏറ്റവും ഇഷ്ടം അവരുടെ ചെറുപ്പകാലമായിരിക്കും. പക്ഷേ എന്റെ ബാല്യകാലമാണ് ഏറ്റവും അധികം വേദനകൾ തന്നിട്ടുള്ളത്. അതുകൊണ്ട് ആ കാലങ്ങൾ ഓർക്കാൻതന്നെ ഇഷ്ടമില്ലാത്തതായിരുന്നു. എന്നും വേദന, ആശുപത്രിയിലേക്കുഉള്ള യാത്ര എല്ലാം ദുരിതം നിറഞ്ഞതായിരുന്നു. കാലിലെ അസുഖം മൂർച്ഛിച്ചു തുടങ്ങിയപ്പോൾ.. ചികിൽസ നടത്തിയിരുന്നത് തൃശൂർ മെഡിക്കൽ കോളജിലായിരുന്നു.

 

ഇന്നത്തെ ജില്ലാശുപത്രി. ഒരു പാട് കാലം ഞാൻ അവിടെ ചിലവഴിച്ചിട്ടുണ്ട്. കുറെ പരീക്ഷണങ്ങൾ. കാലിലെ എല്ലിൽ നിന്നു കുത്തിയെടുപ്പ്, സിടി സ്കാനിങ്, എംആർഐ സ്കാനിങ്ങ്, കുറെ ടെസ്റ്റുകൾ, ഇഞ്ചക്‌ഷനുകൾ, ബയോപ്സികൾ.

 

ഒരു ആയുസ്സിൽ അനുഭവിക്കാവുന്ന വേദനകൾ ഞാൻ ആ ചെറുപ്രായത്തിൽ അനുഭവിച്ചിട്ടുണ്ട്. അന്നെനിക്ക് ആ ആശുപത്രി പേടിയാണ്. അവിടേക്ക് പോവണം എന്നു പറയുമ്പോൾ തന്നെ നെഞ്ച് പട പട പിടയുമായിരുന്നു. 8 മണിക്കൂർ നീണ്ട സർജറി. സർജറിക്ക് മുമ്പ് കീമോയുടേയും റേഡിയേഷന്റെയും കാലമായിരുന്നു. 33 കീമോയും 44 റേഡിയേഷനും (അത് വേറെ അനുഭവം)

 

 സർജറി വലതു കാലിൽ നിന്നും ഇടുപ്പിൽ നിന്നും എല്ല് എടുത്ത് ഇടതുകാലിലേക്ക് ഫിറ്റ് ചെയ്യുന്ന പരിപാടി.8 മണിക്കൂർ നേരത്തെ പരീക്ഷണം. പിന്നിട് കുറെ കാലങ്ങൾക്ക് ശേഷം 

എന്നെ നടത്തിയത് അന്നത്തെ ഓർത്തോ വിഭാഗം മേധാവി ഡോ. വിജയകുമാർ ആയിരുന്നു.മറ്റു ഡോക്ടർമാർ വെറും 3 മാസത്തെ ആയുസ്സ് പറഞ്ഞപ്പോൾ ഒരു പരീക്ഷണമായി എനിക്കു മുന്നിൽ ആയുസ്സ് നീട്ടി നൽകാൻ വന്നതായിരുന്നു ഡോക്ടർ... ഇന്ന് ഡോക്ടർ ഇല്ല.

 

വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ആ ആശുപത്രിയിലേക്ക് പോയി, പേടി കൂടാതെ. എന്റെ സ്വന്തം വണ്ടിയിൽ. ആ മുറ്റത്ത് കാല് വയ്ക്കുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥയാണ് ഉണ്ടായത്,  കരയണോ ചിരിക്കണോ എന്നൊന്നും അറിയില്ല. കുറച്ച് നേരം കൊണ്ട് ഞാൻ അവിടെയെല്ലാം നടന്നു. എല്ലായിടവും മാറിയിരിക്കുന്നു.

എനിക്ക് എന്നെതന്നെ കാണാമായിരുന്നു. ആ 9 വയസ്സുകാരിയെ എനിക്ക് അവിടെ കാണാമായിരുന്നു. അവൾ അവിടെ ഉണ്ട്..

 

ആദ്യമായി  ആശുപത്രിയിൽ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയത് അവളെ അച്ഛൻ എടുത്തായിരുന്നു.

അഡ്മിറ്റ് ആയതിനു ശേഷം ആശുപത്രിയിൽ നിന്നും കിട്ടുന്ന മുട്ടയും പാലും തിളപ്പിച്ച് വാങ്ങാൻ അമ്മയെ കിടക്കയിൽ കിടത്തി തൊട്ടടുത്ത കിടക്കയിലെ അമ്മയുടെ മകളുമായി ആശുപത്രിക്ക് പുറത്തേക്ക് അവൾ പോയതും..

സർജറിക്ക് രണ്ടു ഭാഗം മുടി മെടഞ്ഞ് വെള്ള ഷർട്ടും വെള്ളമുണ്ടും ഉടുത്ത് അടുത്ത ഊഴം കാത്ത് ഇരിക്കുന്ന അവളെ..

ഓപ്പറേഷൻ കഴിഞ്ഞ് സ്ട്രച്ചറിൽ കരഞ്ഞുകൊണ്ട് പോകുന്ന അവളെ...

കാലിലെ ഓരോ സ്റ്റിച്ചുകളും വലിച്ചെടുക്കുമ്പോൾ അലറിക്കരഞ്ഞവളെ..

കാലിലെ സ്റ്റിച്ച് എടുക്കുമ്പോൾ ശബ്ദം കുറയ്ക്കാനായി വായിൽ തോർത്തുമുണ്ട് അമർത്തി പിടിച്ച അവളെ...

ആദ്യമായി എംആർഐ സ്കാനിങ്ങിന്  കൈയിൽ മരുന്ന് കയറ്റുമ്പോൾ അമ്മയെ മുറുകെ പിടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്നവളെ...

കാലിൽ പ്ലാസ്റ്റർ ഇടുമ്പോൾ എങ്ങനെയോ അതിൽ ഉറുമ്പുകൾ കടന്നു കൂടിയിരുന്നു. മുറിവിൽ ഉറുമ്പ് കയറി കാലിലെ മാംസ കഷ്ണങ്ങൾ തിന്ന് തടിച്ചു വീർത്ത ഉറുമ്പുകളെ നോക്കി കരഞ്ഞ അവളെ...

കാലിലെ പഴുപ്പ് കണ്ട് ബോധം കെട്ടുപോയ അച്ഛനെ നോക്കി കരഞ്ഞവളെ...

കാലിലെ കമ്പി എടുക്കുമ്പോൾ അമ്മ എന്റെ കൂടെ വായോ എന്നു ഉറക്കെ കരഞ്ഞ് വിളിച്ചു പറഞ്ഞവളെ ...

ഇതുകേട്ട് പുറത്തു നിന്നു കരഞ്ഞ അമ്മയെ...

സമയാ സമയങ്ങളിൽ ഇഞ്ചക്‌ഷനുമായി വരുന്ന നഴ്സുമാരെ കണ്ട് കരയുന്നവളെ...

രാത്രിയിൽ ഉറക്കം വരാതെ ഒന്ന് എഴുന്നേൽക്കാൻ പോലും പറ്റാതെ ഫാൻ തിരിയുന്നതും നോക്കി കിടന്നവളെ ....

മഴയും വെയിലും കാറ്റും ഒരു കുഞ്ഞു ജനലിലൂടെ മാത്രം നോക്കി ഇരുന്നവളെ...

അന്ന് എഴുന്നേൽപ്പിച്ച് നടത്തിയ ഡോക്ടറുടെ കൈപ്പിടിച്ച് ഒറ്റയടിവച്ചു നടക്കുന്ന അവളെയും കാണാമായിരുന്നു.

കിടന്ന കിടപ്പിൽ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും ആഘോഷങ്ങളും സന്തോഷങ്ങളും നല്ല യാത്രകളും ഒന്നുമില്ലാതെ അവൾ അവിടെ തന്നെ....

വേദനകൾ ഇല്ലാതെ പേടി കൂടാതെ ഒരിക്കൽക്കൂടി ഞാനവിടേക്ക് പോയി. പറഞ്ഞറിക്കാൻ  പറ്റാത്ത നിമിഷമായിരുന്നു. ഒരിക്കലും അവിടെ പോകും എന്നു കരുതിയതല്ല..

കുറെ വേദനയും കഷ്ടപ്പാടുകളും ഉണ്ടായി എങ്കിലും.

 ഇന്ന് അവിടെ ചെന്നു നിൽക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ എന്റെ ഡോക്ടറും ആ ആശുപത്രിയും, പരീക്ഷണമാണ് എന്നറിഞ്ഞ് എന്നെ ഡോക്ടർക്ക് വിട്ടുകൊടുത്ത അച്ഛനും അമ്മയും  ആണ്. പിന്നെ ഇത് എനിക്ക് മാത്രമേ പറ്റൂ, കാരണം എന്നെ പോലെ ഞാൻ മാത്രമേ ഉള്ളൂ’

Content Summary: Cancer surviving story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com