ADVERTISEMENT

അനാവശ്യമായി വൈറ്റമിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. നിശ്ചിത പ്രതിദിന ഡോസിനും എഴുപത് മടങ്ങ് അധികം വൈറ്റമിൻ ബി6 സപ്ലിമെന്റുകൾ കഴിച്ചതിനെ തുടര്‍ന്ന് 86– കാരന് നടക്കാനുള്ള ശേഷി നഷ്ടമായതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

 

രക്തപരിശോധനയിൽ വൈറ്റമിൻ ബി6 തോത് കുറവായി കണ്ടതിനെ തുടർന്ന് 50 മില്ലിഗ്രാം പ്രതിദിന ഡോസ് ഡോക്ടർ നിർദേശിക്കുകയായിരുന്നെന്ന് 86– കാരന്റെ മകൾ ആലിസൺ‍ ടെയ്‌ലര്‍ പറയുന്നു. കാലിന്റെ സംവേദനശേഷി നഷ്ടമാകുന്നതായി തോന്നിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ നടക്കാനുള്ള ശേഷിയെയും അമിത അളവിലുള്ള വൈറ്റമിൻ ബി6 ഉപയോഗം ബാധിച്ചതായി തെളിഞ്ഞു. 

 

50 വയസ്സിന് താഴെയുള്ളവർക്ക് ശുപാർശ ചെയ്യപ്പെടുന്ന വൈറ്റമിൻ ബി6 തോത് 1.3 മില്ലിഗ്രാമാണ്. 50 ന് ശേഷം സ്ത്രീകൾക്ക് പ്രതിദിനം 1.5 മില്ലിഗ്രാമും പുരുഷന്മാർക്ക് 1.7 മില്ലിഗ്രാമും ശുപാർശ ചെയ്യപ്പെടുന്നു. 86 –കാരന് നിർദേശിക്കപ്പെട്ട 50 മില്ലിഗ്രാം പ്രതിദിന ഡോസ് ഓസ്ട്രേലിയയിലെയും അമേരിക്കയിലെയും മാനദണ്ഡങ്ങൾ പ്രകാരം വളരെ ഉയർന്ന ഡോസാണ്. 

 

ഈ പ്രതിദിന ഡോസിന് പുറമേ 86– കാരൻ മഗ്നീഷ്യം സപ്ലിമെന്റുകളും ബി6 ഫോർട്ടിഫൈഡ് ധാന്യങ്ങളും പ്രഭാതഭക്ഷണമായി കഴിച്ചത് കാര്യങ്ങൾ വഷളാക്കി. വൈറ്റമിൻ ബി6 അമിതമായി കഴിക്കുന്നത് സാധാരണ ഗതിയിൽ പ്രശ്നമാകാറില്ല. അമിത വൈറ്റമിൻ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുക. എന്നാൽ ദീർഘനാളത്തെ അമിതഡോസ് ശരീരത്തെ വിഷലിപ്തമാക്കും. 200 മില്ലിഗ്രാമിനും മേലെയുള്ള വൈറ്റമിൻ ബി6 ‍ഡോസ് നാഡീവ്യൂഹപരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം. കാലുകളുടെ സംവേദനത്വം നഷ്ടമാകുന്നതെല്ലാം ഇതിന്റെ ലക്ഷണമാണ്. അമിത ഡോസ് നിർത്തിയാൽ ആറ് മാസത്തിനുള്ളിൽ കാര്യങ്ങൾ പഴയപടിയാകും. 

 

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയവയുടെ ചയാപചയത്തിനും ചുവന്ന രക്തകോശങ്ങളുടെയും ന്യൂറോട്രാൻസ്മിറ്ററുകളുടെയും രൂപീകരണത്തിനും ശരീരത്തിന് വൈറ്റമിൻ ബി6 ആവശ്യമാണ്. ശരീരത്തിൽ ഈ വൈറ്റമിൻ ഉൽപാദിപ്പിക്കപ്പെടാത്തതിനാൽ ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ഇത് ഉള്ളിലെത്തിക്കേണ്ടതുണ്ട്. പന്നിയിറച്ചി, കോഴിയിറച്ചി, മീൻ, കടല, സോയാബീൻ, ഓട്സ്, പഴം, പാൽ, ഉരുളക്കിഴങ്ങ് തുടങ്ങിയവയിലെല്ലാം വൈറ്റമിൻ ബി6 കാണപ്പെടാറുണ്ട്. 

 

വൃക്കകൾക്ക് പ്രശ്നമുള്ളവരിലും ചെറു കുടലിന്റെ പോഷണം വലിച്ചെടുക്കാനുള്ള ശേഷിക്ക് കുറവ് സംഭവിച്ചവരിലും വൈറ്റമിൻ ബി6 അഭാവം ഉണ്ടാകാം. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, ചുഴലി ദീനത്തിനുള്ള ചില മരുന്നുകൾ, മദ്യപാനാസക്തി എന്നിവയും വൈറ്റമിൻ അഭാവത്തിലേക്ക് നയിക്കാം. വൈറ്റമിൻ ബി6 അഭാവം സാധാരണഗതിയിൽ വൈറ്റമിൻ ബി9, വൈറ്റമിൻ ബി12 അഭാവവുമായി ചേർന്നാകും പലപ്പോഴും പ്രകടമാകുക.

Content Summary: Man loses ability to walk after taking too many vitamin B6 supplements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com