ഇന്ത്യക്കാരില്‍ ചെറിയ ഭക്ഷണക്രമ വ്യതിയാനങ്ങളിലൂടെ പ്രമേഹ മുക്തിയും നിയന്ത്രണവും സാധ്യമെന്ന് പഠനം

diabetes diet
Photo Credit : Tatjana Baibakova / Shutterstock.com
SHARE

ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. 74 ദശലക്ഷം പ്രമേഹ ബാധിതരുള്ള ഇന്ത്യയില്‍ പ്രമേഹത്തിലേക്ക് പോകാവുന്ന പ്രീ ഡയബറ്റിക് ഘട്ടത്തിലുള്ളത് 80 ദശലക്ഷത്തോളം പേരാണ്. പോളിഷ് ചെയ്ത വെള്ള അരി, റിഫൈന്‍ ചെയ്ത ഗോതമ്പ്  എന്നിവയെല്ലാം ഉള്‍പ്പെടുന്ന അമിത കാര്‍ബോഹൈഡ്രേറ്റ് തോതുള്ള ഭക്ഷണക്രമമാണ് ഇന്ത്യക്കാരുടെ ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് മുന്‍ പഠനങ്ങള്‍ പലതും കണ്ടെത്തിയിരുന്നു. ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും ഭക്ഷണക്രമത്തില്‍ പ്രോട്ടീന്‍ വളരെ കുറവും കാര്‍ബോഹൈഡ്രേറ്റ് 65 മുതല്‍ 75 ശതമാനം വരെയുമാണ്. 

ഈ ഭക്ഷണക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പോലും പ്രമേഹ മുക്തിയും നിയന്ത്രണവും സാധ്യമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും(ഐസിഎംആര്‍) ഇന്ത്യന്‍ ഡയബറ്റീസും(ഇന്‍ഡിയാബ്) അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ഇന്ത്യക്കാരുടെ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് തോത് 54 ശതമാനത്തില്‍ നിന്ന് 49 ആയി കുറച്ച് കൊണ്ട് പ്രോട്ടീന്‍ തോത് 19 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചാല്‍ പ്രമേഹ മുക്തി സാധ്യമാകുമെന്നാണ് ഗവേഷണം പറയുന്നത്. ഇതിനൊപ്പം കൊഴുപ്പിന്‍റെ തോത് 21 മുതല്‍ 26 ശതമാനമായി നിലനിര്‍ത്തുകയും വേണം. പ്രീ ഡയബറ്റീസ് ഘട്ടത്തിലുള്ളവര്‍ക്ക് പ്രമേഹം വരാതിരിക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് തോത് 54-57 ശതമാനവും പ്രോട്ടീന്‍ തോത് 16-20 ശതമാനവും കൊഴുപ്പ് 20-24 ശതമാനവുമായി നിലനിര്‍ത്തിയാല്‍ മതിയെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

മുന്‍പ് നടത്തിയ പല പഠനങ്ങളും കാര്‍ബോഹൈഡ്രേറ്റ് തോത് വളരെ കുറച്ച് പൂജ്യത്തിനടുത്ത് എത്തിക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്. പക്ഷേ ചോറും ഗോതമ്പും പണ്ട് മുതല്‍തന്നെ കഴിച്ച് ശീലിച്ച ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത് പ്രായോഗികമല്ലെന്ന് ഐസിഎംആര്‍ ഗവേഷണത്തിന് നേതൃത്വം നല്‍കിയ മദ്രാസ് ഡയബറ്റീസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ. ആര്‍. എം. അഞ്ജന പറയുന്നു. എന്നാല്‍ പ്രോട്ടീന്‍ തോത് വര്‍ധിപ്പിക്കുകയും കൊഴുപ്പ് ആവശ്യത്തിന് നിലനിര്‍ത്തുകയും ചെയ്തു കൊണ്ട് നേരിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കുറച്ചാല്‍ തന്നെ വലിയ മാറ്റങ്ങള്‍ പ്രമേഹനിയന്ത്രണത്തില്‍ വരുത്താന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ പ്രതീക്ഷാനിര്‍ഭരമാണെന്നും ‍ഡോ. അഞ്ജന കൂട്ടിച്ചേര്‍ത്തു.  

29 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 18,090 മുതിര്‍ന്നവരിലാണ് ഐസിഎംആര്‍-ഇന്‍ഡിയാബ് പഠനം നടത്തിയത്. ലീനിയര്‍ റിഗ്രഷന്‍ മോഡലും ക്വാഡ്രാറ്റിക് പ്രോഗ്രാമിങ്ങും ഇതിനായി ഉപയോഗപ്പെടുത്തി. ഡയബറ്റീസ് കെയര്‍ ജേണലില്‍ കഴിഞ്ഞയാഴ്ച ഗവേഷണറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 

Content Summary: Diabetes remission and prevention is possible by modest dietary changes in Indians

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}