ADVERTISEMENT

ഉറക്കത്തിനും ഉണർവിനും ഇടയ്ക്കുള്ള അവസ്ഥയിലായിരുന്നു ഞാൻ. അപ്പോഴാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത് .സാക്ഷാൽ അലോയ്‌സ് അൽസ്ഹൈമർ. 1915ൽ മരിച്ച ജർമൻ സൈക്യാട്രിസ്റ്റും ന്യൂറോപാതോളജിസ്റ്റുമായ വ്യക്തി.  മറവിരോഗം ആദ്യമായി കണ്ടെത്തിയയാൾ. 

 

‘‘എന്താ പേടിച്ചുപോയോ? നീ എന്നെയും ഓർത്തു കിടക്കുകയായിരുന്നില്ലേ ?’’  ‘‘അതെ അങ്ങയെ ഓർക്കുന്ന ഈ ദിനത്തിൽ എന്തെഴുതണം എന്നോർത്തു കിടക്കുകയായിരുന്നു. ‘‘മറവിരോഗങ്ങളെക്കുറിച്ചെഴുതാം, പോരേ ?’’ 

‘‘നമ്മൾക്കിത്തവണ ഓർമയെറിച്ചെഴുതാം.’’ ‘

‘നമ്മളോ ?’’–  ഞാൻ ചോദിച്ചു.  

‘‘അതെ, ഞാൻ പറയും, നീ എഴുതിയെടുക്കും.’’  ‘‘നൂറുവട്ടം സമ്മതം’’. ‘‘എന്താ തപ്പുന്നത്?’’  ‘‘പേന’’.  

‘‘നീ ഇന്നലെ പേന എവിടെയെങ്കിലും വച്ചപ്പോൾ ശ്രദ്ധ വേറെന്തിലോ ആയിരുന്നു. അപ്പോൾ തലച്ചോർ അതു രേഖപ്പെടുത്തുന്നില്ല. പിന്നെ എങ്ങനെ നിനക്ക് ഓർമ കിട്ടും ? ഓർമയ്ക്ക് ഏറ്റവും ആവശ്യം ശ്രദ്ധയാണ്. ആട്ടെ, നിനക്കു നിന്റെ മൊബൈൽ നമ്പർ ഓർമയുണ്ടോ ?’’ ‘‘ഇല്ല, നോക്കണം.’’ ‘‘അതാണ് പ്രശ്‍നം. നമുക്ക് ഒരറിവു ലഭിച്ചാൽ അതു കുറച്ചു നേരമേ ഓർമയിൽ തങ്ങിനിൽക്കുകയുള്ളൂ. ഇങ്ങനെ വരുന്ന അറിവുകളും നമ്മളുടെ ഉള്ളിലുള്ളവയും ഒരു തട്ടിൽ വരുന്നു. വിമാനത്താവളത്തിലെ ഹബ് പോലെ. ചിലതു വരുന്നു, മറ്റു ചിലതു പോകുന്നു. ഇതിനു വർക്കിങ് മെമ്മറി എന്നു പറയുന്നു. ശ്രദ്ധയാണിതിന്റെ പ്രധാന ഘടകം. ഇവയിൽ ചിലതു മാത്രം നിലനിൽക്കുന്ന ഓർമകളായി മാറുന്നു. 

‘‘അങ്ങയോടു  സംസാരിക്കുകയാണെന്ന് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. അതും മലയാളത്തിൽ.’’ 

" ബാഹ്യമായുള്ള അറിവുകൂടാതെ നിന്റെ ഉള്ളിൽ അറിവിന്റെ ഒരു ഭണ്ഡാരം തന്നെയുണ്ട്. ഒരു ചെറിയ ഉദാഹരണം. കരളിലെ ഒരു കോശത്തിൽ ഒരു ദിവസം അഞ്ഞൂറിൽ കൂടുതൽ രാസപ്രവർത്തനങ്ങൾ നടക്കുന്നു. അതു വല്ലതും നീ അറിയുന്നുണ്ടോ ? അങ്ങനെ എത്രയോ കോശങ്ങൾ !, എത്രയോ നാഡീശൃംഖലകൾ.’’

" നീ പറഞ്ഞതു ശരിയാണ്. ഈ സംഭവം നിന്റെ ഓർമയിൽ എന്നും കാണും. നമ്മൾക്ക് പല ഓർമച്ചെപ്പുകൾ ഉണ്ട്. ഈ ചെപ്പുകളിലെന്താണുള്ളതെന്നു നോക്കാം. ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഓർമകൾ നിന്റെ ജീവിതത്തിലെ ഒരു പ്രധാന സംഭവം തന്നെയാണ്. ഇതിനു episodic അല്ലെങ്കിൽ autobiographical മെമ്മറി എന്നു പറയുന്നു. ഇതിന് ആത്മാംശമുണ്ട്. കൂടാതെ ഇതു സാന്ദർഭികവും സമയബന്ധിതവുമാണ്. ഈ ഓർമകളാണ് നമ്മളെ നമ്മളാക്കുന്നത്. ഈ ഓർമകൾ നശിക്കുന്നതോടെ ആ വ്യക്തിയെ നമുക്കു നഷ്ടമാകുന്നു. ശരീരം എന്ന ചട്ടക്കൂട് ബാക്കി നിൽക്കും.

എഴുതിയതൊന്നു വായിക്കട്ടെ. ഒരക്ഷരം വായിക്കാൻ വയ്യ. പേനയ്ക്ക്  പൂനാ എന്നാണെഴുതിയിരിക്കുന്നത്. പേനയിലൂടെ നമുക്കു വേറൊരു ഓർമച്ചെപ്പിലെത്താം.  

പേന എന്ന വാക്കിൽ അതിന്റെ ആകൃതി, ഉപയോഗം, മഷിയുടെ മണം, അത് സമ്മാനിച്ച ആളുടെ സ്നേഹം എല്ലാം അടങ്ങിയിരിക്കുന്നു. ഇതിനു അർഥസംബന്ധിയായ ഓർമ [semantic memory] എന്നു പറയുന്നു.’’

‘‘നീ എത്ര വയസ്സിലാണ് സൈക്കിൾ ഓടിക്കാൻ പഠിച്ചത് ? ’’ – ‘‘ 14 വയസ്സിൽ’’. 

‘‘നമ്മൾ സൈക്കിൾ പഠിക്കാൻ സമയമെടുക്കും.  പക്ഷേ, ഒരു തവണ പഠിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കലും മറക്കില്ല. സൈക്കിൾ ചവിട്ടുമ്പോൾ അതു ബോധമനസ്സിൽ വരുന്നുമില്ല. വിമാനത്തിന്റെ ഓട്ടമാറ്റിക് പൈലറ്റ് പോലെ . ഇതു പ്രവർത്തനസംബന്ധമായ ഓർമയാണ് (procedural memory). ഇനിയും പല ഓർമച്ചെപ്പുകൾ ഉണ്ട്. 

ഏറ്റവും പ്രധാനമായി എനിക്കു പറയാനുള്ളത് മറവി ഒരു ജീവിതശൈലീ പ്രശ്നമായി മാറിയിരിക്കുന്നു എന്നതാണ്. നമ്മൾ തലച്ചോറിനെ വേണ്ട വിധം ഉപയോഗിക്കുന്നില്ല. ആവശ്യമുള്ള ഓർമകൾ ശേഖരിച്ചു വച്ചിരിക്കുന്നത് ലാപ്‌ടോപ്പിലും ഫോണിലും ടാബ്‌ലറ്റിലും എല്ലാമാണ്.’’

‘‘ഇതിനു പരിഹാരമാർഗങ്ങൾ ഇല്ലേ ?’’

 

‘‘പറയാം .ആദ്യം നമുക്കു ചില പൊതുവായ മാർഗങ്ങൾ നോക്കാം  

1. ക്രമമായ വ്യായാമം

2 .ഓർമയെ പുഷ്ടിപ്പെടുത്തുന്ന ആഹാരം

3  ഇഷ്ടമുള്ള പാട്ട് കേൾക്കുക

4 യോഗ, ധ്യാനം, ശ്വസനക്രിയകൾ

5 സുഖനിദ്ര

6.മാനസിക പിരിമുറുക്കം കഴിവതും കുറയ്ക്കുക

7. വൈറ്റമിൻ ഡി, ബി12 എന്നിവയുടെ, രക്തത്തിലെ അളവ് ക്രമീകരിക്കുക.’’

‘‘ഇതു കൂടാതെ മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. ആത്മാംശമുള്ള ഓർമകൾ, വികാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഓർമകൾ എന്നിവ കൂടുതൽ ദൃഢമായി ആലേഖനം ചെയ്യപ്പെടുന്നു. ചിത്രങ്ങളാണ് തലച്ചോറിനു കൂടുതൽ ഇഷ്ടം. സ്വപ്നത്തിന്റെ ഭാഷ ഏറെയും ചിത്രങ്ങളാണ്. നീ ഈ പ്രായത്തിലും കോമിക് വായിക്കുന്നില്ലേ. സിനിമ നിനക്കെന്തിഷ്ടമാണ്. അതുപോലെ ആദ്യത്തെ കുറച്ചു നിമിഷങ്ങളിൽത്തന്നെ കിട്ടുന്ന അറിവ് ഒന്നു കൂടി ആവർത്തിക്കുക . അതിനെ ചിത്രവുമായി ബന്ധപ്പെടുത്തിയാൽ ഏറെ നന്ന്. ഉദാഹരണത്തിന് നീ വിജയകുമാർ എന്ന ഒരാളെ പരിചയപ്പെട്ടു എന്നു  കരുതുക. ‘‘ പേരെന്താണ് ? ’’  ‘‘ വിജയകുമാർ.’’  ‘‘വ്യക്തമായില്ല, ഒന്നു കൂടി പറയാമോ ?’’– അതിനു ശേഷം അദ്ദേഹത്തിന്റെ  രൂപവും പേരും യുദ്ധക്കളത്തിലെ ഒരു വില്ലാളിവീരനുമായി ചേർത്തുവയ്ക്കുക. ഒന്നിനോടും ബന്ധപ്പെടാതെ നിൽക്കുന്ന അറിവുകൾ ഓർക്കാൻ തലച്ചോറിനു പ്രയാസമാണ്. അതിനെ ബന്ധിപ്പിക്കുന്ന ഒരു ചരടു വേണം. അതു കൊണ്ടാണ് കഥകൾ നമുക്കേറെയിഷ്ടം . 

ഓർമ നിലനിർത്താൻ ചില ഉപായങ്ങൾ ഉണ്ട് . എല്ലാം പറയാൻ എനിക്കു സമയമില്ല . ആദ്യ അക്ഷരങ്ങൾ വച്ചുള്ള നെമോണിക്‌സ് - ഉദാഹരണം മഴവിൽ വർണങ്ങൾ ഓർക്കാൻ സഹായിക്കുന്ന vibgyor.

വേറൊന്ന്– 194120198241  ഈ സംഖ്യ ഓർക്കാൻ പ്രയാസമല്ലേ - എന്നാൽ ഇപ്പോൾ നോക്കു–  1941  2019  8241. ഒന്നുകൂടി പറയാം . memory bundles - നമുക്കു പരിചിതമായ വഴിയിൽ ഓരോ പ്രധാന സ്ഥലത്തും ഓരോ ഓർമയുടെ ശകലങ്ങൾ ഇടുക. പക്ഷേ ആ സ്ഥലങ്ങളുമായി ആ ഓർമയെ ബന്ധപ്പെടുത്തണം. ആ ഓർമകൾ തിരിച്ചുവിളിക്കണമെങ്കിൽ ആ വഴിയിലൂടെ വീണ്ടും നടക്കുക. ഓർമകളെ ഒന്നൊന്നായി പെറുക്കിയെടുക്കുക’’. 

 

‘‘പോകാൻ സമയമായി - ഇനി അടുത്ത വർഷം കാണാം. നീ എന്നെ മറക്കുമോ ?’’ 

‘‘ഒരിക്കലുമില്ല. എന്റെ മനസ്സ് നിറഞ്ഞു. അങ്ങു പറഞ്ഞുതന്നിട്ടുള്ളതു പോലെ ഇത്തരം സ്നേഹത്തിന്റെ ഓർമച്ചെപ്പുകളുടെ ദൈർഘ്യം ഒരായുസ്സു വരെ നീളും.’’ 

 

ഓർമയെ സഹായിക്കുന്ന ആഹാരപദാർഥങ്ങൾ:

∙ ചീര   

∙ ബീറ്റ്റൂട്ട് 

∙ ഓറഞ്ച് 

∙ മഞ്ഞൾ 

∙ മധുരക്കിഴങ്ങ് 

∙ കരിമ്പ്‌ 

∙ സൺഫ്ലവർ വിത്തുകൾ 

∙ ഉള്ളി 

∙ ആപ്പിൾ

∙ തവിട്ടരി

∙ കത്തിരിക്ക 

∙ വൻപയർ

∙ ഗ്രീൻ ടീ

∙ ബ്ലൂബറി

∙ സ്ട്രോബറി 

∙ ബ്ലാക്ബറി 

∙ ബ്രോക്കോളി 

∙ പ്ലം

∙ ചെറി

∙ അവകാഡോ

∙ ചുവന്ന കാപ്സിക്കം

∙ മത്തി 

∙ അയല 

∙ ട്യൂണ 

∙ സാൽമൺ

 

(ലേഖകൻ പ്രമുഖ ന്യൂറോളജിസ്റ്റും കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വൈസ് പ്രിൻസിപ്പലുമാണ്.) 

Content Summary: Alzheimer's Day 2022

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com