ADVERTISEMENT

ഇന്ന് ലോക റാബീസ് ദിനം. 'ഏകാരോഗ്യം, പേവിഷബാധ മരണങ്ങള്‍ ഒഴിവാക്കാം' എന്നതാണ് ഈ വര്‍ഷത്തെ ലോക റാബീസ് ദിന സന്ദേശം. സംസ്ഥാനത്ത് നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോക റാബീസ് ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനും മരണങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്. സര്‍ക്കാരിന്റെ വണ്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പേവിഷബാധ നിയന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്‌സീന്‍ സൗകര്യമുള്ള 573 സര്‍ക്കാര്‍ കേന്ദ്രങ്ങളാണുള്ളത്. ഇമ്മുണോഗ്ലോബുലിന്‍ നല്‍കുന്ന 43 സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്. എത്ര വിശ്വസ്തരായ വളര്‍ത്തു മൃഗങ്ങള്‍ കടിച്ചാലും വാക്‌സിനേഷന്‍ എടുക്കണം. ഒപ്പം പ്രഥമ ശുശ്രൂഷയും വേണം.

 

സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നായകളില്‍ നിന്നു കടിയേറ്റു വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, ക്ലിനിക്ക്, വാക്‌സിനേഷന്‍ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ആന്റി റാബിസ് വാക്‌സീനും ഇമ്മുണോഗ്ലോബിലിനും ഈ ക്ലിനിക്കിലുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് അവബോധവും കൗണ്‍സിലിങ്ങും നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

 

ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന കാംപയിന്റെ ഭാഗമായി സ്‌കൂളുകളിലും കോളജുകളിലും അവബോധം ശക്തിപ്പെടുത്തുന്നതാണ്. വിദ്യാര്‍ത്ഥികളിലൂടെ അവബോധം കുടുംബങ്ങളില്‍ വേഗത്തിലെത്തിക്കാന്‍ സാധിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ഇത്തവണത്തെ റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ആര്‍ട്‌സ് കോളേജിലാക്കിയത്.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്

∙ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം

∙ കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക

∙ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സീനെടുക്കുക

∙ മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സീനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.

∙ കൃത്യമായ ഇടവേളയില്‍ വാക്‌സീന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം

∙ കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സീന്‍ എടുക്കണം

∙ വാക്‌സീനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക

∙ വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക

∙ മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്

∙ പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാല്‍ അവഗണിക്കരുത്.

Content Summary: World Rabies Day 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com