സ്വയം പരിശോധനയിലൂടെ സ്തനാർബുദം നേരത്തേ കണ്ടെത്താം; സ്ത്രീകൾ ചെയ്യേണ്ടത്

breast cancer
Photo credit : BigmanKn / Shutterstock.com
SHARE

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം ഒന്നു മുതൽ മൂന്നു ശതമാനം വരെയാണ്. 20 വയസ്സിനു താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു. ആകെയുള്ള സ്തനാർബുദത്തിന്റെതന്നെ 5 ശതമാനവും ജനിതക കാരണങ്ങളാല്‍ പാരമ്പര്യമായി സംഭവിക്കുന്നു. കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം കാന്‍സര്‍ മാസമായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആധുനിക ജീവിത സൗകര്യങ്ങളും അമിതമായ ഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളും മാനസിക സമ്മര്‍ദവും വിവിധതരം കാന്‍സറിനു കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അമിതമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പില്‍ നിന്ന് Estradiol എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് മാറിലെ കാന്‍സറിന് കാരണമായേക്കാം. എന്നാല്‍ കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം തന്നെ മനസ്സിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു. സമൂഹത്തില്‍ മാനസിക പിരിമുറുക്കം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ, ആഹാരത്തിന് നിറവും രുചിയും നല്‍കുന്ന കെമിക്കലുകൾ, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം, പാന്‍മാസാല തുടങ്ങി ധാരാളം കാരണങ്ങള്‍ മുഖേന പലവിധത്തിലുള്ള കാന്‍സര്‍ രോഗങ്ങളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. പ്രത്യേകമായ ഒരു കാരണമല്ല കാന്‍സര്‍ ഉണ്ടാക്കുന്നത്. മറിച്ച് നിരവധി ജീവിത സാഹചര്യങ്ങളും നിരന്തരമായ പല കാരണങ്ങളാലുമാണ്.

ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ രോഗം ഉണ്ടാകാം. അതിനാല്‍ കാന്‍സറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭ ദിശയിലേ കണ്ടുപിടിച്ച് പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്.

സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാതരം കാന്‍സര്‍ രോഗങ്ങളും ആരംഭ ദിശയില്‍ അറിയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാന്‍സര്‍ വരാനും ഉയര്‍ന്ന സ്റ്റേജിലേക്ക് പോകുവാനുമുള്ള സാധ്യതയുണ്ട്. അതിനാല്‍ ചില രോഗ ലക്ഷണങ്ങള്‍ കാന്‍സര്‍ മുഖേനയുള്ളതല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. മാത്രമല്ല, ആരംഭ ദിശയിലെ കണ്ടുപിടിക്കാനുള്ള അവസരവുമാണ്.

മാറിടങ്ങളിലെ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാന്‍, സ്വയം പരിശോധന എല്ലാ സ്ത്രീകളും പ്രാവര്‍ത്തികമാക്കണം.

breast cancer
Photo Credit: Shutterstock.com

സ്വയം പരിശോധന എപ്പോള്‍? 

കൃത്യമായ മാസമുറ ഉള്ള സ്ത്രീകള്‍, മാസമുറ കഴിഞ്ഞാല്‍ ഉടനെയും അതില്ലാത്തവര്‍ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ?

കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിടങ്ങള്‍ നിരീക്ഷിക്കുക, വലുപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളില്‍ വരുന്ന വ്യത്യാസം, പ്രകടമായ മുഴകള്‍, കക്ഷ ഭാഗത്തെ മുഴകള്‍, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാന്‍സര്‍ കൊണ്ട് ഉള്ളതല്ലെന്ന് തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകള്‍ വളരെ ചെറിയ ദിശയില്‍തന്നെ ഇങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും. മുലക്കണ്ണുകള്‍ അമര്‍ത്തി പരിശോധിച്ചാല്‍ സ്രവം ഉണ്ടെങ്കില്‍ അതും കണ്ടുപിടിക്കാം.

ആരംഭദശയില്‍ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്താനര്‍ബുദത്തിനെ മറ്റു കാന്‍സറില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടു പിടിക്കപ്പെടുന്ന കാന്‍സര്‍ മരണ കാരണമാകുന്നില്ല. ഇത്തരം രോഗികളില്‍ ആയുര്‍ ദൈര്‍ഘ്യത്തിന് ബ്രസ്റ്റ് കാന്‍സര്‍ മുഖേന പരിമിതി ഇല്ല. എന്നാല്‍ 4, 5 സ്റ്റേജില്‍ കണ്ടു പിടിക്കപ്പെടുന്ന സ്താനര്‍ബുദം, 5 മുതല്‍ 10 വര്‍ഷം കഴിയുമ്പോള്‍ മരണ കാരണമായേക്കാം. ഇത്തരക്കാരില്‍ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷന്‍ ചികിത്സയും തുടര്‍ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.

ആരംഭ ദശയിലെ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?

∙ മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാന്‍ കഴിയും.

∙ റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോള്‍ ഇതില്‍ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.

∙ കീമോയുടെയും റേഡിയേഷന്റെയും ഡോസില്‍ കുറവ് വരുത്താന്‍ സാധിക്കും.

മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേല്‍പ്പറഞ്ഞ വ്യത്യാസങ്ങള്‍ എല്ലാംതന്നെ കാന്‍സര്‍ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാന്‍സര്‍ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു സര്‍ജറിയിലെ ഡോക്ടറെ കാണിച്ച് കാന്‍സര്‍ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വേദന രഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാന്‍സറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താല്‍ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാന്‍സറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോള്‍ ചികിത്സ സങ്കീര്‍ണമാകുന്നു. ഇതില്‍ ഒരു മാറ്റം വരുത്തുന്നത്തിലേക്കാണ് ഇത്തരത്തിലുള്ള അവബോധ പരിപാടികളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും.

breast-cancer
Breast Cancer

രോഗനിര്‍ണയം സങ്കീര്‍ണമല്ല

∙ ക്ലിനിക്കല്‍ എക്സാമിനേഷന്‍ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന.

∙ റേഡിയോളജിക്കല്‍ എക്സാമിനേഷന്‍ അഥവാ മാമോഗ്രാം, അള്‍ട്രാസൗണ്ട് സ്റ്റഡി, എംആര്‍ഐ സ്റ്റഡി അല്ലെങ്കില്‍ CT Breast ഇതില്‍ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടര്‍ തീരുമാനിക്കുന്നു.

∙ Tissue diagnosis അഥവാ മുഴയുടെ അല്‍പം എടുത്തുള്ള പരിശോധന. ഇതിന് എഫ്എന്‍എസി (ഫൈന്‍ നീഡില്‍ ഉപയോഗിച്ച്) Core biopsy, Incision biopsy, Excision biopsy.

∙ രോഗനിര്‍ണയത്തിനു ശേഷമുള്ള മാനസികാവസ്ഥ പ്രത്യേകമായി പരിഗണിക്കപ്പെടണം

ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏല്‍പ്പിക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. രോഗം മൂര്‍ച്ഛിക്കുമോയെന്ന ഭയം ചികിത്സയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.

സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങള്‍ സര്‍ക്കാര്‍ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ ചികിത്സാര്‍ഥം നിത്യ തൊഴിലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. തിരികെച്ചെല്ലുമ്പോള്‍ തൊഴില്‍ ലഭ്യമാകണമെന്നില്ല.

സാമൂഹികമായ പ്രശ്നങ്ങളും വലുതാണ്. രോഗികളായവര്‍ക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴില്‍ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മനാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം മറ്റൊരു കുടുംബ പ്രശ്നമാണ്. മേല്‍പ്പറഞ്ഞ സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനുള്ള ഉത്തരവാദിത്വം ഇന്ന് രോഗിക്കും,

കുടുംബത്തിനും തന്നെയാണ്. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. സമൂഹവും ഭരണാധികാരികളും മേല്‍പ്പറഞ്ഞ പ്രശ്ന പരിഹാരത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.

breast-cancer

ചികിത്സ  

∙ കാന്‍സര്‍ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക

∙ മാറ്റം ചെയ്ത ഭാഗം Histopathologic Examination-നു ശേഷം ആവശ്യമായ റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ നല്‍കുക.

Content Summary: Braest Cancer Awareness Month; Breast Cancer symptoms, Treatment, Causes and Self examine

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA