ADVERTISEMENT

‘ഇരുന്നാൽ പിന്നെ എഴുന്നേൽക്കാൻ വയ്യ, മുട്ടു സമ്മതിക്കില്ല.’– വേദന കടിച്ചമർത്തി ഇങ്ങനെ പറയുന്നവർ ഒട്ടേറെ. സന്ധികളാണ് ഇവരെ വേദനിപ്പിച്ചു വലയ്ക്കുന്നത്. കൂടുതലായും പ്രായമായവരിലാണ് സന്ധിവാതം (ആർത്രൈറ്റിസ്) കാണുന്നത്. 

 

വിവിധ ശരീരഭാഗങ്ങളെ സന്ധിവാതം ബാധിക്കാം. അസ്ഥികൾ, തരുണാസ്ഥികൾ, കശേരുക്കൾ, പേശികൾ എന്നിവയെ ഈ രോഗം ബാധിക്കാറുണ്ട്. സന്ധികളിൽ വേദന, നീർക്കെട്ട്, പ്രവർത്തനവൈകല്യം എന്നീ ലക്ഷണങ്ങളുണ്ടാകുന്നു. ഇത് സന്ധികളുടെ സ്വാഭാവിക ചലനത്തെ ബാധിക്കുന്നു. 

 

സന്ധിവാതം പലതരത്തിലുണ്ട്. സന്ധിഗതവാതം (ഓസ്റ്റിയോആർത്രൈറ്റിസ്), രക്തവാതം (റുമാറ്റോയ്ഡ്ആർത്രൈറ്റിസ്), ആമവാതം(റുമാറ്റിക് ഫീവർ), ഗൗട്ട് എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. 

 

സന്ധിഗതവാതം എന്ന സന്ധിരോഗം സന്ധികളിൽ നീർക്കെട്ടും വേദനയും തേയ്മാനവുമുണ്ടാക്കുന്നു. ഇത് മുഖ്യസന്ധികളെയാണു ബാധിക്കുക. കാൽമുട്ടുകൾ, ഉപ്പൂറ്റിയുമായി യോജിക്കുന്ന സന്ധി, ഇടുപ്പിലെ സന്ധികൾ, നട്ടെല്ലിലെ കശേരുക്കളിലെ സന്ധികൾ തുടങ്ങിയവയെയാണ് ഇവ ബാധിക്കുക. 

 

‘ഗൗട്ട്’ എന്ന സന്ധിവാതം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു കൂടുമ്പോഴാണ് ഉണ്ടാകുന്നത്. യൂറിക് ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടി സന്ധികളുടെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുമ്പോൾ ‘ഗൗട്ട്’ ഉണ്ടാകുന്നു. പ്രായമുള്ള പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. സന്ധികളിൽ ശക്തമായ വേദനയും വീക്കവും ചുവപ്പു നിറവും ഉണ്ടാക്കുന്നു. കൂെട പനിയും. 

 

കുട്ടികളെ ബാധിക്കുന്ന സന്ധിരോഗമാണ് ആമവാതം. സന്ധിവേദനയും വീക്കവും പനിയുമുണ്ടാകുന്നു. 

 

ചെറുപ്പക്കാരിലും മധ്യവയസ്കരിലും കണുന്ന സന്ധിരോഗമായ രക്തവാതം ചെറുതും വലുതുമായ സന്ധികളിൽ വേദനയും വീക്കവും ചലനവൈകല്യവുമുണ്ടാക്കുന്നു. മിക്കവരിലും രാവിലെ എഴുന്നേൽക്കുമ്പോൾ വേദനയുണ്ടാകും. 

 

പ്രതിവിധികൾ

∙ജീവിതശൈലിയിൽ മാറ്റം വരുത്തണം. 

∙ പുകവലി ഒഴിവാക്കണം

∙ചിട്ടയായ വ്യായാമം ആവശ്യമാണ്. 

∙യോഗാസനമുറകൾ വിദഗ്ധന്റെ നിർദേശപ്രകാരം അനുഷ്ഠിക്കാവുന്നതാണ്. 

∙തുടക്കത്തിലേ ചികിത്സ തേടണം. 

∙ജങ്ക് ഫുഡ് ഒഴിവാക്കണം. 

 

വിവരങ്ങൾക്കു കടപ്പാട് : ഡോ. എം. അബ്ദുൽ സുക്കൂർ, 

അസോഷ്യേറ്റ് പ്രഫസർ, അഹല്യ ആയുർവേദ മെഡിക്കൽ കോളജ്, പാലക്കാട്

Content Summary: Knee pain: Causes and prevention tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com