ADVERTISEMENT

മുടി സ്ട്രെയ്റ്റൻ ചെയ്യാന്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ ഗര്‍ഭപാത്ര അര്‍ബുദത്തിനു നേരിയ തോതിൽ സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് ആണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ജേണല്‍ ഓഫ് ദ് നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. 

 

35 നും 74 നും ഇടയിൽ പ്രായമുള്ള 33,497 അമേരിക്കന്‍ സ്ത്രീകളുടെ 11 വര്‍ഷക്കാലത്തെ ഡേറ്റയാണ് ഗവേഷണത്തിനുപയോഗിച്ചത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയണ്‍മെന്‍റല്‍ ഹെല്‍ത്ത് സയന്‍സ് നടത്തിയ പഠനത്തിനു വേണ്ടിയാണ് ഈ ഡേറ്റ ശേഖരിച്ചിരുന്നത്. ഗവേഷണകാലയളവിനിടെ 378 സ്ത്രീകള്‍ക്ക് ഗര്‍ഭപാത്ര അര്‍ബുദം നിര്‍ണയിച്ചു. 

 

അടിക്കടി (വര്‍ഷത്തില്‍ നാലോ അതില്‍ കൂടുതലോ തവണ) മുടി സ്ട്രെയ്റ്റനിങ് ഉൽപന്നങ്ങള്‍ ഉപയോഗിച്ചവര്‍ക്ക് 70 വയസ്സ് ആകുമ്പോഴേക്കും അര്‍ബുദം വരാനുള്ള സാധ്യത 4.05 ശതമാനമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. അതേ സമയം ഇത്തരം ഉൽപന്നങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് ഇത് 1.64 ശതമാനമാണ്. നാലു തവണയില്‍ താഴെ മുടി സ്ട്രെയ്റ്റന്‍ ചെയ്തവരിലും നേരിയതും എന്നാല്‍ ഗണ്യമല്ലാത്തതുമായ അപകടസാധ്യത ഉയര്‍ന്നിരുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അലക്സാന്‍ഡ്ര വൈറ്റ് ചൂണ്ടിക്കാട്ടി. 

 

ഹെയര്‍ ഡൈകള്‍, ബ്ലീച്ചുകള്‍, ഹൈലൈറ്ററുകള്‍, ഹെയര്‍ പേമുകള്‍ എന്നിവ ഗര്‍ഭാശയ അര്‍ബുദത്തില്‍ ചെലുത്തുന്ന സ്വാധീനവും ഗവേഷണസംഘം പരിശോധിച്ചു. എന്നാല്‍ ഈ ഉൽപന്നങ്ങള്‍ക്ക് അര്‍ബുദരോഗ സാധ്യതയുമായി ബന്ധം കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ സ്ഥിരമായ ഡൈ ഉപയോഗവും സ്തനാര്‍ബുദവുമായിട്ടുള്ള ബന്ധം മുന്‍പ് നടന്ന ചില ഗവേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.

Content Summary: Hair Straightening and Uterine Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com