ഈ ഹോർമോണിന്റെ അഭാവം സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കൂട്ടും
Mail This Article
സാധാരണയായി അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവരെയാണ് കൊറോണറി ആർട്ടറി ഡിസീസ് അഥവാ സിഎഡി ബാധിക്കുന്നത്. എന്നാൽ 69 ശതമാനം സ്ത്രീകളിലും ഒരു പ്രത്യേക ഹോർമോണിന്റെ അഭാവം ഉണ്ടെന്നും ഇത് ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുമെന്നും പഠനം.
ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾ ഇടുങ്ങുകയും കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കൊറോണറി ആർട്ടറി ഡിസീസ് (CAD) എന്ന ഹൃദ്രോഗം. സമയത്തിനു ചികിത്സിച്ചില്ലെങ്കിൽ ഹൃദയത്തിനും തലച്ചോറിനും രക്തവും ഓക്സിജനും ലഭിക്കാതെ ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സ്ത്രീകളിൽ ഈസ്ട്രജന്റെ അഭാവം ഉണ്ടെങ്കിൽ ഈ അവസ്ഥ വരാനുള്ള സാധ്യത കൂടുതലാണ്. ആർത്തവമുള്ള 95 സ്ത്രീകളിലാണ് പഠനം നടത്തിയത്. അണ്ഡാശയത്തിന്റെ പ്രവർത്തനം ഹോര്‍മോണിന്റെ അഭാവം മൂലം തടസ്സപ്പെടുന്നതാണ് സിഎഡിക്കുള്ള സാധ്യത കൂട്ടുന്നതെന്നു പഠനത്തിൽ കണ്ടു. പഠനത്തിൽ പങ്കെടുത്ത സ്ത്രീകൾ ചെറുപ്പക്കാരികൾ ആയതിനാൽ, ഹൃദ്രോഗസാധ്യതയ്ക്ക് കാരണം, പോഷകങ്ങളുടെ അഭാവം അതായത് അനൊറെക്സിയ, ബുളീമിയ പോലുള്ള ഈറ്റിങ് ഡിസോർഡർ, സ്ട്രെസ്, അണ്ഡാശയത്തിന് ആവശ്യമായ ഈസ്ട്രജൻ തലച്ചോറ് ഉൽപാദിപ്പിക്കാതിരിക്കുക (ഈ അവസ്ഥയാണ് ഹൈപ്പോതലാമിക് അമിനോറിയ), അമിത വ്യായാമം എന്നിവയാണെന്നും പഠനം പറയുന്നു. ഈ ഘടകങ്ങൾ എല്ലാം ചേരുമ്പോഴാണ് ഈസ്ട്രജന്റെ അഭാവം ബാധിക്കുന്നത്.
ഈസ്ട്രജൻ ലെവൽ കുറഞ്ഞ സ്ത്രീകളിൽ, രക്തക്കുഴലുകളുടെ ആവരണമായ കോശങ്ങളുടെ പ്രവർത്തനക്ഷമത കുറവായിരിക്കും. സാധാരണ രക്തക്കുഴലുകൾ ചില പ്രത്യേക വസ്തുക്കളുമായി ഇടപെടുമ്പോൾ രക്തം കടന്നു പോകാനായി അത് വികസിക്കും. എന്നാൽ ഈസ്ട്രജൻ ലെവൽ കുറഞ്ഞ സ്ത്രീകളിൽ ഇത് സംഭവിക്കുന്നില്ല. ഈ സ്ത്രീകളിൽ ഈസ്ട്രജന്റെ അഭാവം, വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൈപ്പർടെൻഷനും ഹൃദയത്തകരാറിനും കാരണമാകും.
Content Summary: Heart disease in women