പ്രായമായവരിലെ മറവിരോഗത്തെ പ്രതിരോധിക്കാന്‍ സുഡോക്കുവിനേക്കാള്‍ ഫലപ്രദം ക്രോസ്‌വേഡ് പസില്‍

crossword puzzle
Photo Credit: tetxu/ Shutterstock.com
SHARE

പ്രായമാകുമ്പോള്‍ തലച്ചോറിലെ നാഡീകോശങ്ങള്‍ നശിക്കുകയോ അവ തമ്മിലുള്ള ബന്ധങ്ങള്‍ മുറിയുകയോ ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് ഡിമന്‍ഷ്യ എന്ന മറവിരോഗം. ഇതിനെ പ്രതിരോധിക്കാന്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ബ്രെയ്ന്‍ ഗെയിമുകള്‍ നല്ലതാണെന്ന് കരുതപ്പെടുന്നു. സുഡോക്കു, വേഡില്‍ എന്നിങ്ങനെ പല ബ്രെയ്ന്‍ ഗെയിമുകള്‍ ആപ്പുകളായും വെബ്‌സൈറ്റുകളും ലഭ്യമാണ്. എന്നാല്‍ ഇത്തരം ബ്രെയ്ന്‍ ഗെയിമുകളെക്കാള്‍ മേധാ ക്ഷയത്തെ ചെറുക്കാന്‍ ക്രോസ് വേഡ് പസില്‍ സഹായകമാണെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തി. 

ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെയും നോര്‍ത്ത് കാരലിനയിലെ ഡ്യൂക് സര്‍വകലാശാലയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. മിതമായ തോതില്‍ മേധാശക്തി ക്ഷയിച്ച് തുടങ്ങിയ 55നും 95നും ഇടയിലുള്ള 107 പേരിലാണ് പഠനം നടത്തിയത്. ഇവരുടെ ശരാശരി പ്രായം 71 ആയിരുന്നു. ഇതില്‍ 45 പുരുഷന്മാരും 62 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്നവരാണ് ഇവരെല്ലാവരും. 

ഇവരെ ക്രോസ് വേഡ് പസില്‍ കളിക്കുന്ന 56 പേരുടെ ഒരു സംഘമായും മറ്റ് കോഗ്നിറ്റീവ് ബ്രെയ്ന്‍ ഗെയിമുകള്‍ കളിക്കുന്ന 51 പേരുടെ മറ്റൊരു സംഘമായും തിരിച്ചു. 12 ആഴ്ചത്തെ പരിശീലനത്തിനും ഒന്നര വര്‍ഷം നീണ്ട അധിക പരിശീലന സെഷനുകള്‍ക്കും ശേഷം ഇരു സംഘങ്ങളും അവര്‍ക്ക് നല്‍കിയ ഗെയിം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കി. 

തുടര്‍ന്ന് ഇവരുടെ ധാരണാശേഷിയെയും പ്രവര്‍ത്തനക്ഷമതയെയും വിലയിരുത്തി. തലച്ചോറിലെ ഓര്‍മയുടെ കേന്ദ്രമായ ഹിപ്പോക്യാംപസിന്റെ വലിപ്പവും എംആര്‍ഐ സ്‌കാനിലൂടെ അളന്നു. 78 ആഴ്ചകള്‍ക്ക് ശേഷം നടത്തിയ മൂല്യനിര്‍ണയത്തില്‍ ക്രോസ് വേഡ് പസില്‍ കളിച്ച സംഘത്തിന്റെ ധാരണാ ശേഷിയോ പ്രവര്‍ത്തന ക്ഷമതയോ മറ്റ് ഗെയിമുകള്‍ കളിച്ചവരുടെ അത്ര കുറഞ്ഞിട്ടില്ലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. എംആര്‍ഐ സ്‌കാനിലും ക്രോസ് വേഡ് പസില്‍ കളിച്ചവരുടെ തലച്ചോര്‍ മറ്റ് സംഘത്തെ അപേക്ഷിച്ച് അത്ര ചുരുങ്ങിയിട്ടില്ലെന്നും കണ്ടു. 

തലച്ചോറിന് കൂടുതല്‍ വ്യായാമം നല്‍കുന്നത് അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും വ്യായാമത്തിന്റെ ഗുണനിലവാരം അനുസരിച്ച് കാര്യക്ഷമതയിലും മാറ്റമുണ്ടാകാമെന്നും റീകോഗ്നിഷന്‍ ഹെല്‍ത്തിലെ കണ്‍സൽറ്റന്റ് ന്യൂറോറേഡിയോളജിസ്റ്റ് ഹെല്‍ത്ത്‌ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പുതിയ വിവരങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്നത് തലച്ചോറിനെ സംബന്ധിച്ച് പ്രധാനമാണ്. മറ്റ് ഗെയിമുകളെ അപേക്ഷിച്ച് ക്രോസ് വേഡ് പസില്‍ ചെയ്യുമ്പോള്‍ പുതിയ വിവരങ്ങള്‍ പഠിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഇജെഎം എവിഡെന്‍സ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Content Summary: Crossword Puzzles May be Better for Improving Memory Than Sudoku 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS