ADVERTISEMENT

ലോകത്തുണ്ടാകുന്ന ഹൃദയ സ്തംഭനങ്ങളിൽ 70 ശതമാനവും വീടുകളിലാണു സംഭവിക്കുന്നത്. ഹൃദയസ്തംഭനം ഉണ്ടാകുന്ന ഭൂരിപക്ഷം ആളുകൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ പ്രകടമായി ഉണ്ടായിരിക്കില്ല. ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റിയുടെ (ഐഎച്ച്ആർഎസ്) വിലയിരുത്തൽ കഴിഞ്ഞ ദിവസമാണു പുറത്തു വന്നത്. ഇതു സംബന്ധിച്ചു ഒട്ടേറെ സംശയങ്ങൾ വായനക്കാരുടെ ഭാഗത്തു നിന്നുണ്ടായി. ഹൃദയത്തെ അത്ര പേടിക്കേണ്ട.. അറിഞ്ഞ് പെരുമാറിയാൽ‌ മതി.

 

Photo Credit : BonNontawat / Shutterstock.com
താടിയെല്ലിനു നേരെ താഴെ മധ്യഭാഗത്താണു ഹൃദയാഘാതത്തിന്റെ വേദന ഉണ്ടാകുന്നത്. Photo Credit : BonNontawat / Shutterstock.com

ഹൃദയാഘാതം തിരിച്ചറിയണം

നെഞ്ചുവേദന, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് എന്നിവയാണു ഹൃദയാഘാതത്തിനു സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. പലരും ഗ്യാസ് പ്രശ്നമെന്നു കരുതി ഒഴിവാക്കും. ഹൃദയം ഇടതു വശത്താണെങ്കിലും താടിയെല്ലിനു നേരെ താഴെ മധ്യഭാഗത്താണു ഹൃദയാഘാതത്തിന്റെ വേദന ഉണ്ടാകുന്നത്. വേദന ഇല്ലെങ്കിലും നെഞ്ച് കഴയ്ക്കുന്നതുപോലുള്ള അവസ്ഥ, ഭാരം എടുത്തുവച്ചതുപോലെയുള്ള തോന്നൽ ഇവയും ശ്രദ്ധിക്കണം. സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങളാകാം ഇവ. ഹൃദയാഘാതത്തിൽ താടിയെല്ലിനു മുകളിലേയ്ക്കും വാരിയെല്ലിനു താഴേയ്ക്കും വേദന അനുഭവപ്പെടില്ല.

ഇതോടൊപ്പം ചിലരിൽ വിയർപ്പും പരിഭ്രമവും ഉണ്ടാകാം. തളർച്ച, തലകറക്കം, താടി, തോൾ ഇവിടങ്ങളിൽ വേദന തുടങ്ങിയ ലക്ഷണങ്ങളും കണ്ടാൽ ഉടൻ ചികിത്സ തേടണം. നെഞ്ചുവേദനയും ഇസിജിയുടെ ഫലവും നോക്കിയോ കാർഡിയാക് ബയോമാർകറിന്റെ അളവു നോക്കിയോ ആണ് ആശുപത്രിയിൽ ഹൃദയാഘാതം കണ്ടു പിടിക്കുന്നത്.

heart-disease
പ്രമേഹ രോഗികളിലാണ് വേദനയില്ലാതെ ഹൃദ്രോഗം കാണുന്നത്

 

വേദനയില്ലാതെ ഹൃദ്രോഗം

heart-disease
പുരുഷന്മാർക്ക് 45 വയസ്സിനു ശേഷവും സ്ത്രീകൾക്ക് 55നു ശേഷവുമാണു ഹൃദയാഘാത സാധ്യത കൂടുന്നത്

നെഞ്ചുവേദനയില്ലാതെയും ഹൃദ്രോഗമുണ്ടാവാം. പിന്നീടെപ്പോഴെങ്കിലും ഇസിജി എടുക്കുമ്പോഴാകും ഇതു തിരിച്ചറിയുക. ചിലർക്കു നെഞ്ചെരിച്ചിലും വിങ്ങലുമുണ്ടായി കുറച്ചു കഴിഞ്ഞു മാറിയെന്നും വരാം. ഈ ലക്ഷണങ്ങൾ ഹൃദ്രോഗത്തിന്റേതാണെന്നു തിരിച്ചറിയാറില്ല. പ്രമേഹ രോഗികളിലാണ് ഈ തരത്തിൽ വേദനയില്ലാതെ ഹൃദ്രോഗം കാണുന്നത്.

 

Photo Credit : Pop Paul-Catalin / Shutterstock.com
ആർത്തവ വിരാമമാകുന്നതോടെ സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കൂടും. Photo Credit : Pop Paul-Catalin / Shutterstock.com

പ്രായവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം

40 വയസ്സു മുതൽ പ്രായം കൂടുന്നതനുസരിച്ചു രക്തക്കുഴലിലെ തടസ്സം കൂടിക്കൊണ്ടിരിക്കും. പെട്ടെന്നു നെഞ്ചുവേദനയുണ്ടാകുമ്പോഴാണു പലരും രോഗം തിരിച്ചറിയുന്നത്. പുരുഷന്മാർക്ക് 45 വയസ്സിനു ശേഷവും സ്ത്രീകൾക്ക് 55നു ശേഷവുമാണു ഹൃദയാഘാത സാധ്യത കൂടുന്നത്. ഹൃദയത്തിനു വേണ്ട തോതിൽ രക്തം പമ്പ് ചെയ്യാൻ കഴിയാനാകാത്ത അവസ്ഥ, ഹാർട്ട് ബ്ലോക്ക്, വാൽവുകളിൽ തകരാറുകൾ എന്നിവയുള്ളവരും മുൻപു ഹാർട്ട് അറ്റാക്ക് ഉണ്ടായവരും പ്രത്യേകം ശ്രദ്ധിക്കണം.

Photo Credit : Surasak_Photo / Shutterstock.com
കോവിഡ് പിടിപെട്ടിട്ടുള്ളവർ ഡി–ഡൈമർ ടെസ്റ്റ് ചെയ്യുന്നതുവഴി കരുതലെടുക്കാം. Photo Credit : Surasak_Photo / Shutterstock.com

 

സ്ത്രീകൾക്ക് ഹൃദ്രോഗസാധ്യത കുറവാണോ

Representative image. Courtesy: Shutterstock
സ്റ്റെതസ്കോപ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധന മുതൽ ആൻജിയോഗ്രഫി വരെയുള്ള പല ഹൃദയ പരിശോധനകളും നിലവിലുണ്ട്. Representative image. Courtesy: Shutterstock

ആർത്തവമുണ്ടാകുന്ന 50 വയസ്സുവരെയുള്ള സമയത്ത് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകളുടെ സാന്നിധ്യം ഉള്ളതിനാൽ സ്ത്രീകളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണ്. ആർത്തവ വിരാമമാകുന്നതോടെ സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കൂടും. ജീവിതശൈലീ രോഗങ്ങൾക്കു പുറമേ ഹോർമോൺ ഗുളികകളും ഗർഭനിരോധന ഗുളികകളും കഴിക്കുന്നവരിൽ രോഗസാധ്യത കൂടുതലാണ്.

 

കോവിഡും വാക്സിനേഷനും ഹൃദയാഘാതവും

Significant lifestyle changes can keep heart healthy. Photo Credit: Brian A Jackson/ Shutterstock.com
രക്തക്കുഴലുകളിലെ ബ്ലോക്കുകൾ കണ്ടെത്താനുള്ള മികച്ച പരിശോധനയാണ് ആൻജിയോഗ്രഫി. Photo Credit: Brian A Jackson/ Shutterstock.com

കോവിഡ് ഡെൽറ്റ വകഭേദം പിടിപെട്ടവരിൽ രക്തം കട്ടപിടിക്കുന്നതിന്റെ അളവു കൂടിയതായി കണ്ടത്തിയിട്ടുണ്ട്. വാക്സീനെടുത്തവരിലും അപൂർവമായി ഇത്തരം അവസ്ഥ കാണുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കു കോവിഡിനെ തുടർന്നു ഹൃദയസ്തംഭനം ഉണ്ടായ സംഭവങ്ങളുണ്ട്. എന്നാൽ ഒമിക്രോൺ ഹൃദയത്തെ കാര്യമായി ബാധിച്ചിട്ടില്ല. കോവിഡ് പിടിപെട്ടിട്ടുള്ളവർ ഡി–ഡൈമർ ടെസ്റ്റ് ചെയ്യുന്നതുവഴി കരുതലെടുക്കാം.

 

Photo Credit: totojang1977/ Shutterstock.com
ഹൃദയ ധമനികളിലെ തടസ്സം നീക്കുന്നതിനുള്ള ചികിത്സാ മാർഗമാണ് ആൻജിയോപ്ലാസ്റ്റി. Photo Credit: totojang1977/ Shutterstock.com

ഹൃദയാഘാതം: വിവിധ ചികിത്സകൾ

സ്റ്റെതസ്കോപ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധന മുതൽ ആൻജിയോഗ്രഫി വരെയുള്ള പല ഹൃദയ പരിശോധനകളും നിലവിലുണ്ട്. 

Photo credit : fizkes / Shutterstock.com
ഹൃദയാരോഗ്യത്തിനു പ്രാണായാമം ഫലപ്രദമാണ്. Photo credit : fizkes / Shutterstock.com

ഒപിയിൽ രോഗം നിർണയിക്കാനാണ് ഇസിജി (ഇലക്ട്രോ കാർഡിയോഗ്രാം) എന്ന പരിശോധന. രോഗിയെ ക്രമമായ വ്യായാമ രീതിക്കു വിധേയമാക്കി പരിശോധിക്കുന്ന ടെസ്റ്റ് ആണ് ടിഎംടി അഥവാ ട്രെഡ്മിൽ ടെസ്റ്റ്. ഇവയ്ക്ക് ഏകദേശം 1000 രൂപയാണ് ചെലവ്. സിടി സ്കാനിങ്, അതിസൂക്ഷ്മ ഭാഗങ്ങളുടെ പോലും ചിത്രമെടുക്കാനുള്ള എംആർഐ സ്കാനിങ് തുടങ്ങിയ ടെസ്റ്റുകളുമുണ്ട്.

 

Photo Credit: udra/ Istockphoto
പ്രോട്ടീനുകളും നാരുകളും, വൈറ്റമിനുകളും ധാരാളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശീലമാക്കുക. Photo Credit: udra/ Istockphoto

ആൻജിയോഗ്രഫി, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി

രക്തക്കുഴലുകളിലെ ബ്ലോക്കുകൾ കണ്ടെത്താനുള്ള മികച്ച പരിശോധനയാണ് ആൻജിയോഗ്രഫി. രോഗിയുടെ തുടയ്ക്കു മുകളിൽ അടിവയറിനു കീഴെ കത്തീറ്റർ കടത്തിവിട്ടു രക്തക്കുഴലിലൂടെ മഹാധമനിയിലെത്തുന്നു. 

അവിടെ നിന്നു ഹൃദയധമനികളുടെ തുടക്ക സ്ഥാനത്തെത്തും. അയോഡിൻ കലർന്ന ഡൈ ഇതിലൂടെ കടത്തിവിടും. ഇതു രക്തവുമായി കലർന്നു കൊറോണറി ധമനിയിൽ നിറയുന്നു. പ്രത്യേക എക്സ്റേ സംവിധാനമുപയോഗിച്ച് ഇതിന്റെ ചിത്രമെടുക്കുന്നു. ഡൈ കലർന്ന രക്തം ഒഴുകുന്നതിനാൽ കൂടുതൽ വ്യക്തവും സൂക്ഷ്മവുമായ ചിത്രങ്ങളാണു ലഭിക്കുക. പരിശോധനയ്ക്ക് ആൻജിയോഗ്രഫി എന്നും ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങൾക്ക് ആൻജിയോഗ്രാം എന്നും പറയുന്നു. ഇപ്പോൾ ആൻജിയോഗ്രാം കൂടുതലായും കയ്യിൽ (റേഡിയൽ ആർട്ടറി) കൂടിയാണു ചെയ്തുവരുന്നത്. ഹൃദയ ധമനികളിലെ തടസ്സം നീക്കുന്നതിനുള്ള ചികിത്സാ മാർഗമാണ് ആൻജിയോപ്ലാസ്റ്റി. 

നേർത്ത ട്യൂബ് ഹൃദയധമനിയിലേക്കു കാലിൽ കൂടിയോ കയ്യിൽ കൂടിയോ കടത്തിയാണ് ഇതു ചെയ്യുന്നത്. ട്യൂബിന്റെ അറ്റത്തു ചെറിയ ബലൂണും ഉണ്ടാകും. തടസ്സമുള്ള ധമനിയിലേക്കു ട്യൂബ് എത്തുന്നത് എക്സ്റേ സ്ക്രീനിങ് വഴി നിരീക്ഷിക്കാം. തുടർന്നു ബലൂൺ പതിയെ വികസിപ്പിക്കുന്നു. ധമനിക്കുള്ളിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇതു ധമനിയുടെ ഭിത്തിയിലേക്കു തള്ളുകയും രക്തയോട്ടം സാധാരണ ഗതിയിലാവുകയും ചെയ്യുന്നു. 

 

ഹൃദയാരോഗ്യത്തിന് യോഗ

ഹൃദയാരോഗ്യത്തിനു യോഗ ഫലപ്രദം. ഹൃദയ സംബന്ധമായ രോഗമുള്ള ആളുടെ രക്തസമ്മർദത്തിന്റെ തോത് കൂടി മനസ്സിലാക്കി വേണം വ്യായാമം നിശ്ചയിക്കാൻ. ഏതെങ്കിലും ഒരു മുറ മാത്രം മതിയാകില്ല. ഹൃദയം, ശ്വാസകോശം എന്നിവയുടെ പേശികളെ ബലപ്പെടുത്തുകയും അറകൾക്കു വികാസം നൽകുകയും ചെയ്യുന്നവയാണ് തിരഞ്ഞെടുക്കേണ്ടത്. പ്രാണായാമം ഫലപ്രദമാണ്. ഭസ്ത്രിക, കബാൽഫാത്തി എന്നിവ വളരെ ഗുണം ചെയ്യും. രക്തസമ്മർദം കൂടുതലുള്ളവർക്ക് ഭ്രമരി പ്രാണായാമവും വളരെ നല്ലതാണ്. യോഗാ മാസ്റ്ററിൽ നിന്ന് പരിശീലനം നേടിയ ശേഷം ഇവ വീട്ടിൽ ചെയ്യാവുന്നതാണ്.

 

ഹൃദയാരോഗ്യത്തിന് ഭക്ഷണം

∙ കാലറി, കൊഴുപ്പ് എന്നിവ കുറഞ്ഞതും, പ്രോട്ടീനുകളും നാരുകളും, വൈറ്റമിനുകളും ധാരാളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശീലമാക്കുക 

∙ എണ്ണയും, തേങ്ങയും വറുത്തതും, പൊരിച്ചതുമായ ഭക്ഷണ പദാർഥങ്ങളുടെയും ഉപയോഗം കുറയ്ക്കുക

∙ കൊഴുപ്പ് നീക്കിയ പാൽ, മുട്ടയുടെ വെള്ള എന്നിവ ദിവസവും ഉപയോഗിക്കാം

∙ സാലഡുകൾ തയാറാക്കുമ്പോൾ മുളപ്പിച്ച പയർവർഗങ്ങൾ ഉൾപ്പെടുത്തിയാൽ പോഷകമൂല്യം കൂടും

∙ റെഡ് മീറ്റിന്റെ ഉപയോഗം പരിമിതപ്പെടുത്തി, തൊലി കളഞ്ഞ കോഴിയിറച്ചി ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കാം

∙ ചെറു മത്സ്യങ്ങൾ ഉദാഹരണത്തിന് മത്തി, അയല എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

∙ ബേക്കറി പലഹാരങ്ങൾ, ശീതളപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കഴിവതും ഒഴിവാക്കുക

∙ കാപ്പി, ചായ എന്നിവ മിതമായി മാത്രം.

∙ ധാരാളം വെള്ളം കുടിക്കുക, വ്യായാമവും നിർബന്ധമാക്കുക.

 

വിവരങ്ങൾക്കു കടപ്പാട്: 

ഡോ. ജോബി കെ. തോമസ്

കൺസൽറ്റന്റ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്

കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം

 

കെ.ആർ. ഷിബു

ആർട്ട് ഓഫ് ലിവിങ്.

 

ഷാനി.ടി. ജോസ്

ഡയറ്റീഷ്യൻ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മുട്ടം.

Content Summary: Healthy heart and heart disease prevention tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com