ADVERTISEMENT

ഇന്ത്യയിൽ ശിശുമരണ നിരക്ക് കുറഞ്ഞു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കാതെ കുഞ്ഞുങ്ങൾ മരിക്കുന്ന സാഹചര്യം ഇപ്പോഴും തുടരുന്നു. മാസം തികയാതെയുള്ള ജനനം, പോഷകാഹാര കുറവ്, എന്നിവയാണ് പ്രധാനമായും ഇത്തരത്തിൽ ശിശുമരണങ്ങൾക്ക് കാരണമാകുന്നത്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അതിജീവനത്തിന് അസാധാരണ പരിചരണം അത്യാവശ്യമാണ്. ഇങ്ങനെ  മികച്ച പരിചരണം വഴി രാജ്യത്തെ ശിശു മരണങ്ങളിൽ മുക്കാൽ ഭാഗവും തടയാൻ കഴിയുമെന്നതാണ് മറ്റൊരു വസ്തുത. 

 

എന്നാൽ മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ വളർച്ച അപൂർണമാണെന്ന തെറ്റിദ്ധാരണയും സാധാരണക്കാർക്ക് ഇടയിൽ സജീവമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും മാതാപിതാക്കൾ ഇത്തരം സാഹചര്യങ്ങളിൽ വലിയ റിസ്ക് ഏറ്റെടുക്കാൻ തയാറാകില്ല. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന് അടിവരയിടുകയാണ് കിംസ്ഹെൽത്ത്, തിരുവനന്തപുരം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെയുള്ള ഗർഭധാരണത്തിന് ശേഷം അഞ്ചര മാസത്തിൽ ജനിച്ച കുഞ്ഞിനെയാണ്  കിംസ്ഹെൽത്തിലെ വിദഗ്ധ മെഡിക്കൽ സംഘം ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

 

കൊല്ലം സ്വദേശിയായ അശ്വതിയാണ് ഗർഭധാരണത്തിന്റെ 24- ാമത്തെ ആഴ്ചയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. വയറുവേദനയെ തുടർന്ന് ഏപ്രിൽ 14ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അശ്വതിയെ പ്രവേശിപ്പിച്ചപ്പോഴാണ് സെർവിക്‌സ് തുറന്നിരിക്കുകയാണെന്നും എപ്പോൾ വേണമെങ്കിലും രണ്ട് കുട്ടികളും പുറത്തേക്ക് വരാൻ സാധ്യതയുണ്ടെന്നും കണ്ടെത്തുന്നത്. ഇതോടെ വിദഗ്ധ പരിചരണത്തിനായി തിരുവനന്തപുരത്തെ കിംസ്ഹെൽത്തിലേക്ക് മാറ്റുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പ്രസവം നടക്കുകയും ചെയ്തു. ആദ്യം ജനിച്ച ആൺകുട്ടിക്ക് 670 ഗ്രാം ഭാരമുണ്ടായിരുന്നപ്പോൾ പെൺകുഞ്ഞിന് 555 ഗ്രാം മാത്രമായിരുന്നു തൂക്കം. രണ്ട് കുഞ്ഞുങ്ങളെയും പ്രസവശേഷം എൻഐസിയുവിലേക്ക് മാറ്റി റെസ്പിറേറ്ററി ചികിത്സ നൽകി. എന്നാൽ, ആൺകുട്ടി മരണപ്പെടുകയായിരുന്നു.

 

2.5 കിലോഗ്രാം വേണ്ടിടത്താണ് പെൺകുട്ടിയുടെ ഭാരം 555  ഗ്രാം മാത്രമായിരുന്നത്. ഇത് ഡോക്ടർമാർക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചു. നിയോനാറ്റോളജിസ്റ്റ് ഡോ.നവീൻ ജെയിനിന്റെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ സംഘം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നിരന്തരമായ ഇടപെടൽ നടത്തി. മസ്തിഷ്കം, ഹൃദയം, ശ്വാസകോശം തുടങ്ങിയ സുപ്രധാന അവയവങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയായിരുന്നു പരിചരണം. നവജാത ശിശുക്കളുടെ ഐസിയുവിൽ നാലര  മാസത്തോളമാണ് ഇത്തരത്തിൽ കുഞ്ഞിനെ ഇൻകുബേറ്ററിൽ കിടത്തി പരിചരണം ഉറപ്പാക്കിയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ പെൺകുട്ടിയുടെ ഭാരം 2 കിലോഗ്രാമിലും കൂടുതലാക്കാൻ സാധിച്ചത് കുഞ്ഞിനെ പരിചരിച്ച മെഡിക്കൽ സംഘത്തിന്റെ അർപ്പണ മനോഭാവത്തിന്റെ ഫലമാണ്. ഇപ്പോൾ 3 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. 

 

ഡോക്ടർമാരുടെ വൈദഗ്ദ്യത്തിനൊപ്പം അമ്മ അശ്വതിയുടെ ദൃഡനിശ്ചയവും ധീരതയും എടുത്തു പറയേണ്ടതാണ്. തളർന്നു പോകാമായിരുന്ന പ്രതികൂല സാഹചര്യങ്ങളിൽ അശ്വതിയുടെ ഉറച്ച മനസ്സാണ് ഒരു കുട്ടിയെയെങ്കിലും രക്ഷിക്കാൻ സാധിച്ചതെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു.

 

ഡോ. നവീൻ ജെയിനിന്റെ (സീനിയർ കൺസൽറ്റന്റ്, നിയോനാറ്റോളജി) നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘത്തിൽ ഡോ. ഫെമിത പൗർണമി (കൺസൽറ്റന്റ്, നിയോനാറ്റോളജി), ഡോ. അജയ് കുമാർ പൃഥ്വി (കൺസൽറ്റന്റ്, നിയോനാറ്റോളജി), ഡോ. രോഷിനി അമ്പാട്ട് (ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി) എന്നിവർ ഉൾപ്പെടുന്നു. ഇപ്പോൾ കുഞ്ഞിനെ പതിവായി നിരീക്ഷിക്കുകയും ആർഒപി ശസ്ത്രക്രിയകൾക്ക് വിധേയയാക്കുകയും ചെയ്യുന്നു. അതുവഴി സാധാരണ ജീവിതത്തിലേക്ക് ഒരുപടി കൂടി അടുക്കുകയാണ് കുഞ്ഞ്.

Content Summary: Premature baby birth and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com