ADVERTISEMENT

ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമാണ് (World AIDS Day). എയ്ഡ്സിനെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടത്തുന്നത്. എച്ച്ഐവി കേവലം ആരോഗ്യപ്രശ്നം മാത്രമല്ല, അതുമൂലം അനാഥരാകുന്ന കുട്ടികൾ, വർധിച്ചു വരുന്ന വിധവകളുടെ എണ്ണം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി ഒട്ടേറെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് ഒരു വികസന പ്രശ്നമാണെന്നു നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ എച്ച്ഐവിയുടെ നിർമാർജനം സാധ്യമാവുകയുള്ളൂ.

kerala-state-aids-control-society-aids-awarness-project-article-image-two

 

kerala-state-aids-control-society-aids-awarness-project-article-image-three

എച്ച്ഐവിയെ (HIV) പറ്റിയുള്ള അജ്ഞത, രോഗബാധിതരോടുള്ള വിവേചനവും സാമൂഹിക നിന്ദയും അവഗണനയും, എച്ച്ഐവി പരിശോധനയെപ്പറ്റിയുള്ള അറിവില്ലായ്മ, എനിക്ക് എച്ച്ഐവി പിടിപെടാൻ സാധ്യതയില്ല എന്ന തെറ്റിദ്ധാരണ തുടങ്ങിയവ എച്ച്ഐവി പരിശോധനയെ സാരമായി ബാധിക്കുന്നു.

 

kerala-state-aids-control-society-aids-awarness-project-article-image-four

നമ്മുടെ സംസ്ഥാനത്ത് പലരും എച്ച്ഐവി അണുബാധ പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയി വളരെ നാളുകൾക്കുശേഷം ഗുരുതര രോഗങ്ങൾ ബാധിച്ച് പരിശോധനയ്ക്കു വിധേയരാകുമ്പോഴാണ് എച്ച്ഐവി ബാധിതരാണെന്ന് തിരിച്ചറിയുന്നത്. ഇത് ചികിത്സയുടെ ഫലപ്രാപ്തിയെ സാരമായി ബാധിക്കും.

 

എച്ച്ഐവി പരിശോധനയും കൗൺസിലിങ്ങും സൗജന്യമായി ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. കമ്യൂണിറ്റി ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഐസിടിസി (ജ്യോതിസ്) കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യമുണ്ട്.

 

ഇവിടെ പരിശോധിക്കപ്പെടുന്ന ആളുകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. പരിശോധനയ്ക്ക് അരമണിക്കൂർ മാത്രമേ വേണ്ടിവരികയുള്ളൂ. അന്നുതന്നെ ഫലം ലഭിക്കുകയും ചെയ്യും. വളരെ രഹസ്യമായും സൗജന്യമായും എച്ച്ഐവി പരിശോധിക്കാമെന്നിരിക്കെ ഭയചകിതരാകാതെ സ്വന്തം ആരോഗ്യം ഉറപ്പാക്കുന്നതിന് ഐസിടിസി (ജ്യോതിസ്) കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്. അഥവാ എച്ച്ഐവി പോസിറ്റീവായാലും ഫലപ്രദമായ ചികിത്സ സൗജന്യമായി എആർടി (ഉഷസ്സ്) കേന്ദ്രങ്ങളിൽ ലഭ്യമാണ്.

 

അമ്മ എച്ച്ഐവി ബാധിതയാണെങ്കിൽ ഗർഭസ്ഥ ശിശുവിന് എച്ച്ഐവി പിടിപെടാതിരിക്കാനുള്ള മാർഗങ്ങൾ ലഭ്യമാണ്. അതിനാൽ എല്ലാ ഗർഭിണികളും എത്രയും നേരത്തെ, കഴിയുമെങ്കിൽ ആദ്യ ആശുപത്രി സന്ദർശനത്തിൽത്തന്നെ എച്ച്ഐവി പരിശോധന നടത്തേണ്ടതാണ്.

 

പരിശോ‌ധനയ്ക്ക് വിധേയരാകേണ്ടവർ ആരൊക്കെ?

 

∙ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ.

∙ എച്ച്ഐവി അണുബാധിതരുടെ ലൈംഗിക പങ്കാളികൾ.

∙ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവർ.

∙ ലൈംഗിക രോഗമുള്ളവർ.

∙ ക്ഷയരോഗ ബാധിതർ.

∙ ലഹരിമരുന്ന് കുത്തിവച്ച് ഉപയോഗിക്കുന്നവർ.

∙ എല്ലാ ഗർഭിണികളും

∙ എച്ച്ഐവി പോസിറ്റിവായ സ്ത്രീകൾക്കു ജനിച്ച കുഞ്ഞുങ്ങൾ.

∙ ലൈംഗികാതിക്രമങ്ങൾ നേരിട്ട വ്യക്തികൾ

∙ ഹെപ്പറ്റൈറ്റിസ് ബി/ ഹെപ്പറ്റൈറ്റിസ് സി ബാധിതർ

∙ സ്വവർഗരതിയിൽ ഏർപ്പെടുന്ന പുരുഷന്മാർ.

kerala-state-aids-control-society-aids-awarness-project-article-image-five

∙ പച്ച കുത്തിയിട്ടുള്ളവർ.

 

എച്ച്ഐവി അണുബാധിതരിൽ ശരാശരി 7 വർഷത്തോളം യാതൊരു ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല. ആയതിനാൽ മേൽ സൂചിപ്പിച്ച ഏതെങ്കിലും സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള എല്ലാവരും നിർബന്ധമായും എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാകണം.

 

പുതിയ എച്ച്ഐവി അണുബാധ 2025 ഓടുകൂടി ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. 2017 ൽ ഇന്ത്യാ ഗവൺമെന്റ് പാസ്സാക്കിയ എച്ച്ഐവി / എയ്ഡ്സ് ആക്ട് ഈ മേഖലയിലെ നാഴികക്കല്ലാണ്. എച്ച്ഐവി നിയന്ത്രണം ത്വരിതപ്പെടുത്തുന്നതിനും എച്ച്ഐവി ബാധിതരുടെ മനുഷ്യാവകാശ സംരക്ഷണത്തിനും ഈ നിയമം ഊന്നൽ നൽകുന്നു. അണുബാധിതരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക, വിവേചനം ഇല്ലാതാക്കുക തുടങ്ങിയവ ഈ നിയമം ഉറപ്പുവരുത്തുന്നു.

 

സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി നമ്മൾ നേടേണ്ട ഒട്ടേറെ ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

 

∙ എച്ച്ഐവി നിയന്ത്രണ രംഗത്ത് 2025 ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് നാം ശ്രമിക്കുന്നത്.

 

∙ എച്ച്ഐവി അണുബാധിതരിലെ 95% ആളുകളും അവരുടെ എച്ച്ഐവി അവസ്ഥ തിരിച്ചറിയുക.

 

∙ ഇതിൽ 95%  ആളുകളും എആർടി ചികിത്സ എടുക്കുക. എആർടി ചികിത്സ എടുക്കുന്നവരിലെ 95% ആളുകളും ചികിത്സ തുടരുകയും വൈറൽ ലോഡ് കുറയ്ക്കുകയും ചെയ്യുക.

 

കേരളത്തിൽ നിലവിലെ കണക്കനുസരിച്ച് ആദ്യത്തെ 95% എന്നുള്ളതിൽ 66% മാത്രമേ കൈവരിക്കാൻ സാധിച്ചിട്ടുള്ളു. ഇക്കാര്യത്തിൽ നാം ദേശീയ ശരാശരി (76%) യേക്കാൾ പിന്നിലാണ്. എച്ച്ഐവി അണുബാധ സാധ്യതയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ട് പരമാവധി ആളുകളുടെ എച്ച്ഐവി അവസ്ഥ മനസ്സിലാക്കുകയും അവരിൽ അണുബാധിതരായവർക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക വഴി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാകും. കൂടാതെ അവരിൽനിന്നു മറ്റുള്ളവരിലേക്കുള്ള അണുവ്യാപനം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു.

 

Content Summary : Kerala State Aids Control Society - December 1st - World Aids Day 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com