ADVERTISEMENT

തൊണ്ടയ്ക്കുള്ളിൽ ഇരുവശത്തും സ്ഥിതി ചെയ്യുന്ന ഏതാണ്ട് ഒരു നെല്ലിക്കയോളം വലുപ്പം വരുന്ന ഗോളാകൃതിയിലുള്ള അവയവങ്ങളാണു ടോൺസിലുകൾ അഥവാ പാലറ്റൈൻ ടോണസിൽ.

വായക്കുള്ളിൽ ടോർച്ച് അടിച്ചു നോക്കിയാൽ വളരെ എളുപ്പത്തിൽ ഈ അവയവം കാണാനാകും. ഇതു കൂടാതെ മൂക്കിനു പിൻവശത്തും (അഡിനോയിഡ്) നാക്കിന്റെ പിൻവശത്തും (ലിംഗ്വൽ ടോൺസിൽ) തൊണ്ടയുടെ ഇരുവശത്തും (ട്യൂബൽ ടോൺസിൽ) എന്നിങ്ങനെ വേറെയും ടോൺസിലുകൾ ഉണ്ട്. എന്നാൽ ടോൺസിൽ എന്ന പദം കൊണ്ടു നാം സാധാരണ ഉദ്ദേശിക്കുന്നതു പാലറ്റൈൻ ടോൺസിലാണ്. ഈ ടോൺസിലുകൾ പ്രതിരോധ സംവിധാനത്തിലെ സുപ്രധാന കണ്ണികളാണ്.

ശ്വസിക്കുന്ന വായുവിലും കഴിക്കുന്ന ഭക്ഷണത്തിലും ഉണ്ടാകുന്ന വിവിധ രോഗാണുക്കളെ അവ രോഗമുണ്ടാക്കുന്നതിനു മുമ്പേ നശിപ്പിച്ച് ആരോഗ്യം നിലനിർത്താൻ ടോൺസിലുകൾ സഹായിക്കുന്നു. ഏതാണ്ട് രണ്ടു മുതൽ 12 വയസു വരെയേ ഈ ടോൺസിലുകൾ വളരുന്നുള്ളൂ. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ പ്രാരംഭഘട്ടത്തിൽ രോഗപ്രതിരോധശേഷി ആർജിക്കാൻ ടോൺസിലുകൾ സഹായിക്കുന്നു.

ടോൺസിലൈറ്റിസ്

ടോൺസിലുകളിൽ ഉണ്ടാകുന്ന നീർവീക്കമാണു ടോൺസിലൈറ്റിസ്. ബാക്ടീരിയ, വൈറസ് എന്നിവ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ടോൺസിലുകൾ അവയെ തടയാൻ ശ്രമിക്കുന്നു. സാധാരണ ഗതിയിൽ ഈ രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികളും രോഗാണുക്കളെ നശിപ്പിക്കാൻ കഴിയുന്ന ലിംഫോസൈറ്റുകളും ടോൺസിലുകളിൽ ഉൽപാദിപ്പിക്കപ്പെടുന്നു. അതുവഴി രോഗാണുക്കളെ നശിപ്പിക്കാനോ നിർവീര്യമാക്കാനോ കഴിയുന്നു.

എന്നാൽ, ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴോ രോഗാണു ശക്തനാവുമ്പോഴോ ടോൺസിലിൽ അണുബാധയുണ്ടായി വീക്കവും പഴുപ്പും ഉണ്ടാകും. രണ്ടു മുതൽ 15 വയസുവരെയുള്ള കുട്ടികളിലാണു പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്. മുതിർന്നവരിലും ഈ രോഗമുണ്ടാകാമെങ്കിലും 50 വയസിനു ശേഷം ഇതു വളരെ അപൂർവമാണ്. 

കാലാവസ്ഥയും ടോൺസിലൈറ്റിസും

കാലാവസ്ഥയും ടോൺസിലൈറ്റിസും തമ്മിൽ ചില ബന്ധങ്ങളുണ്ട്. ചില പ്രത്യേക ബാക്ടീരിയകളും വൈറസുകളും കൂടുതൽ പെരുകുന്നതും അവ ശരീരത്തിലേക്കു കടക്കുന്നതും ചില പ്രത്യേക കാലാവസ്ഥയുണ്ടാകുമ്പോഴാണ്. എന്നാൽ ഏതു കാലാവസ്ഥയിലും ടോൺസിലൈറ്റിസ് ഉണ്ടാകാം. ബാഹ്യാന്തരീക്ഷത്തിലും ശരീരത്തിലും രോഗാണു വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായാൽ രോഗം വേഗത്തിൽ പിടിപെടുന്നു.

സാധാരണ ടോൺസിൽകാണപ്പെടുന്നതിനേക്കാൾ വലുപ്പം കൂടുന്നതായി കാണപ്പെട്ടാൽ രോഗാവസ്ഥയുള്ളതായി കണക്കാക്കാം. ചുവന്നനിറം, വീക്കം, ടോൺസിലിൽ മഞ്ഞ നിറത്തിലുള്ള കുത്തുകൾ എന്നിവ ലക്ഷണങ്ങളാണ്. 

ചിലരിൽ താടിയുടെ അടിഭാഗത്തായി ലിംഫ്നോഡ് ഗ്രന്ഥികൾ വീങ്ങിയിരിക്കുന്നതിന്റെ ഫലമായി ചെറിയ തടിപ്പും കാണപ്പെടും.

പല തവണ ടോൺസിലൈറ്റിസ് വന്നവരിൽ തടിപ്പ് സ്ഥിരമായി കാണപ്പെടാറുണ്ട്. ടോൺസിലൈറ്റിസ് ഉള്ളപ്പോൾ ഈ തടിപ്പിൽ തൊട്ടാൽ വേദന അനുഭവപ്പെടും.

ചികിത്സിച്ചില്ലെങ്കിൽ 

ടോൺസിലൈറ്റിസിനു ചികിത്സിക്കാതിരുന്നാൽ ടോൺസിൽ അണുബാധ ശക്തമായി അതു കഴുത്തിലേക്കു ബാധിച്ചു മരണകാരണമായി വരെ തീരും. ഈ അവസ്ഥയാണു ക്വിൻസി.

അതുപോലെ ചികിത്സിക്കാതിരിക്കുന്നതു ഹൃദയത്തെയും വൃക്കയേയും വരെ ദോഷകരമായി ബാധിക്കാം.

സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ടോൺസിലൈറ്റിസ് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇതു ഹൃദയത്തിന്റെ വാൽവിനേയും വൃക്കയിലെ അരിപ്പകളേയും സന്ധികളേയും ബാധിക്കും.

ഇതിനു കാരണം സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയയുടെ കവചത്തിൽ ഉണ്ടാകുന്ന ഒരുതരം പ്രോട്ടീനും ഹൃദയത്തിന്റെ വാൽവിലും വൃക്കയിലെ അരിപ്പകളിലുമുണ്ടാകുന്ന പ്രോട്ടീനും ഘടനാപരമായി സാമ്യമുള്ളതാണ്. അതിനാൽ രോഗാണുക്കൾക്കെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ ഹൃദയവാൽവിനും വൃക്കകൾക്കും കേടുപാടുകൾ ഉണ്ടാക്കുന്നു.

ഒരാളിൽ നിന്നു മറ്റൊരാളിലേക്ക്

വീട്ടിൽ ഒരാൾക്കു ടോൺസിലൈറ്റിസ് ഉണ്ടായാൽ ഒരാളിൽ നിന്നും രോഗം മറ്റൊരാളിലേക്കു പെട്ടെന്നു പകരും. രോഗിയുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ വരുന്ന സ്രവങ്ങളുമായി സമ്പർക്കമുണ്ടാകുമ്പോഴാണു ടോൺസിലൈറ്റിസ് പകരുന്നത്. ടോൺസിലൈറ്റിസുള്ളവരിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുക. രോഗി ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും ടവ്വൽ ഉപയോഗിച്ചു പൊത്തിപ്പിടിക്കുക.

Content Summary: Tonsilitis: Causes, Treatment, Symptoms and Prevention 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com