പുകവലിക്കാത്തവരിലും സ്ത്രീകളിലും യുവാക്കളിലും ശ്വാസകോശാര്‍ബുദ നിരക്കുയരുന്നു

lung cancer
Photo credit : create jobs 51 / Shutterstock.com
SHARE

ശ്വാസകോശാര്‍ബുദം പലപ്പോഴും പുകവലിയുമായി ബന്ധപ്പെട്ടാണ് സമൂഹം ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ പുകവലിക്കാത്തവരിലും സ്ത്രീകളിലും യുവാക്കളിലും ശ്വാസകോശാര്‍ബുദത്തിന്‍റെ നിരക്ക് അടുത്തിടെ വര്‍ധിച്ചിട്ടുണ്ടെന്ന് ഗുഡ്ഗാവ് മെദാന്ത ആശുപത്രിയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 

2012  മാര്‍ച്ചിനും 2022 നവംബറിനും ഇടയില്‍ ശ്വാസകോശാര്‍ബുദം ബാധിച്ച് മെദാന്തയില്‍ ചികിത്സ തേടിയ 304 പേരുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇവര്‍ ചികിത്സ തേടിയെത്തിയപ്പോഴുള്ള പ്രായം, ലിംഗപദവി, പുകവലിയുടെ തല്‍സ്ഥിതി, അര്‍ബുദത്തിന്‍റെ ഘട്ടം, ഏത് തരം ശ്വാസകോശാര്‍ബുദമാണ് ബാധിക്കപ്പെട്ടത് തുടങ്ങിയ വിശദാംശങ്ങള്‍ ഗവേഷകര്‍ രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്തു. 

ഇതില്‍ നിന്നാണ് പുകവലിക്കാത്തവരിലും യുവാക്കളിലും സ്ത്രീകളിലും ശ്വാസകോശാര്‍ബുദ നിരക്ക് വര്‍ധിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചത്. പുകവലി മാത്രമല്ല വര്‍ധിച്ചു വരുന്ന വായുമലിനീകരണവും ഇവിടെ പ്രധാന വില്ലനാകുന്നതായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

പഠനത്തില്‍ നിരീക്ഷിക്കപ്പെട്ടവരില്‍ 20 ശതമാനത്തോളം പേര്‍ 50 വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നു. 10 ശതമാനത്തോളം പേര്‍ 40ന് താഴെ പ്രായമുള്ളവരും 2.6 ശതമാനം പേര്‍ ഇരുപതുകളിലുള്ളവരുമാണ്. ഇവരില്‍ 50 ശതമാനം പേരും പുകവലിക്കാത്തവരാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അരവിന്ദ് കുമാര്‍ പറയുന്നു. ഇതില്‍ 70 ശതമാനം പേര്‍ 50ല്‍ താഴെ പ്രായമുള്ളവരാണ്. 30 വയസ്സിന് താഴെയുള്ള ശ്വാസകോശാര്‍ബുദ രോഗികള്‍ എല്ലാവരുംതന്നെ പുകവലിക്കാത്തവരായിരുന്നു എന്നും ഗവേഷകര്‍ നിരീക്ഷിച്ചു. അര്‍ബുദബാധിതരില്‍ 30 ശതമാനം സ്ത്രീകളായിരുന്നതായും ഇവരെല്ലാവരുംതന്നെ പുകവലിക്കാത്തവര്‍ ആയിരുന്നെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

രോഗികളില്‍ 80 ശതമാനത്തോളം പേരും അര്‍ബുദം പുരോഗമിച്ച് രോഗനില വഷളായ ശേഷം രോഗം നിര്‍ണയിക്കപ്പെട്ടവരാണ്. 30 ശതമാനം കേസുകളിലും രോഗം ക്ഷയമാണെന്ന തെറ്റിദ്ധാരണ അര്‍ബുദനിര്‍ണയം വൈകിപ്പിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം രോഗികളിലും കാണപ്പെട്ടത് ശ്വാസകോശത്തിന്‍റെ പുറമേയുള്ള കോശങ്ങളെ ബാധിക്കുന്ന അഡെനോകാര്‍സിനോമയാണെന്നും പഠനം വെളിപ്പെടുത്തുന്നു. വരും ദശകങ്ങളില്‍ പുകവലിക്കാത്ത ചെറുപ്പക്കാരായ സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ നിരക്കുയരാനുള്ള സാധ്യതയും ഗവേഷണം മുന്നോട്ട് വയ്ക്കുന്നു.

Content Summary: Lung cancer rates hinger in non smokers and women

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS