ADVERTISEMENT

കഴിഞ്ഞ ദശകങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ശ്വാസകോശ അര്‍ബുദ നിരക്കില്‍ ഏഴ് മടങ്ങ് വര്‍ധനയുണ്ടാകാമെന്ന്  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു. പുരുഷന്മാര്‍ക്കാണ് മുന്‍പെല്ലാം ശ്വാസകോശ അര്‍ബുദം പൊതുവേ വന്നിരുന്നതെങ്കില്‍ സ്ത്രീകളിലെ ശ്വാസകോശ അര്‍ബുദത്തിന്‍റെ നിരക്കും ഇപ്പോള്‍ രാജ്യത്ത് ഉയരുകയാണ്. കഴിഞ്ഞ 20 വര്‍ഷക്കാലത്തില്‍ 61 ശതമാനം വളര്‍ച്ച സ്ത്രീകളിലെ ശ്വാസകോശ അര്‍ബുദ റിപ്പോര്‍ട്ടിങ്ങില്‍ ഇന്ത്യ രേഖപ്പെടുത്തിയതായി നാഷനല്‍ കാന്‍സര്‍ റജിസ്ട്രി പ്രോഗ്രാം കണക്കുകളും വ്യക്തമാക്കുന്നു.  ഇവരില്‍ 80 ശതമാനത്തിലധികം പേരും പുകവലിക്കാത്തവരാണ്. 

വര്‍ധിച്ചു വരുന്ന വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങള്‍ ശ്വാസകോശ അര്‍ബുദ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലുണ്ട്. ശ്വാസകോശ അര്‍ബുദത്തെ സംബന്ധിച്ചിടത്തോളം നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും അതിപ്രധാനമാണ്. അമേരിക്കന്‍ ലങ് കാന്‍സര്‍ അസോസിയേഷന്‍റെ അഭിപ്രായത്തില്‍ ശ്വാസകോശ അര്‍ബുദ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് വൈകിയുളള രോഗനിര്‍ണയ കേസുകളില്‍ വെറും 5 ശതമാനമാണ്. ആദ്യ ഘട്ടങ്ങളില്‍ രോഗം കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്കാകട്ടെ ഇത് 56 ശതമാനമാണ്. ആഗോള തലത്തില്‍ തന്നെ 16 ശതമാനം കേസുകളില്‍ മാത്രമേ അര്‍ബുദം ശ്വാസകോശത്തില്‍ നിന്ന് മറ്റ് ഇടങ്ങളിലേക്ക് പടരും മുന്‍പ് കണ്ടെത്തപ്പെടുന്നുള്ളൂ. 

ഇന്ത്യയിലെ ശ്വാസകോശ അര്‍ബുദ മരണ നിരക്ക് 8.1 ശതമാനമാണെന്ന് ജേണല്‍ഓഫ് തൊറാസിക് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. പുകവലിക്കും വായു മലിനീകരണത്തിനും പുറമേ  റാഡോണ്‍ ഗ്യാസുമായും ആസ്ബറ്റോസുമായുള്ള സമ്പര്‍ക്കം, റേഡിയേഷന്‍ തെറാപ്പിയുടെ ചരിത്രം, ശ്വാസകോശ അര്‍ബുദത്തിന്‍റെ കുടുംബചരിത്രം, വ്യാവസായിക പ്രദേശങ്ങളിലെ താമസം എന്നിവയും ശ്വാസകോശ അര്‍ബുദത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. 

നെഞ്ചു വേദന, അകാരണമായ ഭാരനഷ്ടം, വലിവ്, തലവേദന, എല്ലുകള്‍ക്ക് വേദന, ശ്വാസംമുട്ടല്‍, വിശദീകരിക്കാനാകാത്ത ക്ഷീണം, വിട്ടുമാറാത്ത ചുമ എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണ്. രോഗം പുരോഗമിക്കുന്നതോടെ ചുമയ്ക്കുമ്പോൾ  രക്തം വരാനും നെഞ്ചില്‍ നീര്‍ക്കെട്ട് അനുഭവപ്പെടാനും നെഞ്ചില്‍ ദ്രാവകം നിറയാനും ന്യുമോണിയ ബാധിക്കാനും തുടങ്ങും. അര്‍ബുദ ബാധിതര്‍ പുകവലിയില്‍ നിന്നും പുകവലിക്കുന്നവരുടെ സമീപത്തു  നിന്നു വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

Content Summary: Lung Cancer symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com