ADVERTISEMENT

കൃത്യത നഷ്ടപ്പെട്ട ഹൃദയസ്പന്ദനം അഥവാ അരിത്‌മിയ സാധാരണമായി കാണുന്ന ഒരു ഹൃദ്രോഗാവസ്ഥയാണ്. ഹൃദയമിടിപ്പിന്റെ വേഗതയെ നിയന്ത്രിക്കുന്ന സവിശേഷമായ സ്വയം ഉത്തേജിത കോശവ്യൂഹങ്ങൾ ഹൃദയ ഭിത്തികളിൽ നീണ്ടു കിടപ്പുണ്ട്. ഇവ സ്വയം വൈദ്യുതി ഉൽപാദിപ്പിച്ച് അയൽ കോശങ്ങളെ ഉത്തേജിപ്പിക്കുകയും അതുവഴി ഹൃദയ അറകളെ സമൂലമായി ഉത്തേജിപ്പിച്ചു സങ്കോചവികാസപ്രക്രിയയ്ക്കു വഴിയൊരുക്കുകയും ചെയ്യുന്നു. അതേത്തുടർന്ന് അറകളിലൂടെയുള്ള സുഗമമായ രക്തപര്യയനം നടക്കുന്നു. സ്വയം ഉത്തേജിത കോശവ്യൂഹത്തിന്റെ തലവൻ വലത്തെ മേലറയിൽ സ്ഥിതി ചെയ്യുന്ന ‘സൈനസ് നോഡാ’ണ്. മേലറകൾക്കും കീഴറകൾക്കും ഇടത്തുള്ള ‘എ.വി. നോഡ്’ ഉപനേതാവും. ഹൃദയസ്പന്ദനങ്ങളുടെ താളം തെറ്റാതെ നോക്കുന്നതും മിടിപ്പിന്റെ വേഗം ക്രമീകരിക്കുന്നതും ഈ രണ്ടു നോഡുകളുമാണ്. 

 

ഹൃദയത്തിന്റെ പ്രവർത്തനവേഗതയെ നിയന്ത്രിക്കുന്ന ഓട്ടോണോമസ് സിരകളുടെ സന്തുലിതാവസ്ഥയും ഹൃദയസ്പന്ദനത്തെ ക്രമപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിക്കുന്നു. സിരയും സിംപതറ്റിക് തന്തുക്കളും ഹൃദയത്തെ ആവരണം ചെയ്തും സ്പന്ദനത്തിന്റെ ചടുലതയെ നിയന്ത്രിക്കുന്നു. 

 

ഹൃദയസ്പന്ദന വേഗത ഒരു മിനിറ്റിൽ ഏതാണ്ട് എഴുപത് ആയിരിക്കണമെന്നാണ്. ശാരീരിക പ്രവർത്തനങ്ങളുടെ ആവശ്യകത അനുസരിച്ച് വേഗത കൂടുകയും കുറയുകയും ചെയ്യുന്നു. ഓടുമ്പോൾ വേഗത കൂടുന്നു. ഉറങ്ങുമ്പോൾ സ്പന്ദനം ശാന്തമായിരിക്കും. ഭയവും ആകാംക്ഷയും പനിയും ഹോർമോണുകളുടെ തിരയാട്ടവുമെല്ലാം ഹൃദയമിടിപ്പ് കൂട്ടുന്നു. കൂടാതെ ഹാർട്ട് അറ്റാക്കും ഹൃദയത്തെ ബാധിക്കുന്ന മറ്റു രോഗാവസ്ഥകളായ രക്താതിമർദം, വാൽവുകളുടെ അപചയം, മയോപ്പതി, ശസ്ത്രക്രിയകൾ, ധാതുലവണങ്ങളുടെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവ ഹൃദയമിടിപ്പിന്റെ വേഗതയെ വർധിപ്പിക്കുകയും അതിന്റെ കൃത്യത നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യുന്നു. ഏട്രിയൽ ഫിബ്രിലേഷൻ, എസ്.വി.റ്റി., വെൻട്രിക്കുലർ റ്റാക്കിക്കാർഡിയ, ഫിബ്രിലേഷൻ തുടങ്ങിയ കൃത്യമല്ലാത്തതും വേഗതകൂടിയതുമായ മിടിപ്പുകൾ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയാകുന്നു. സവിശേഷ ഔഷധങ്ങൾ കാർഡിയോ വേർഷൻ കതീറ്റർ അബ്ലേഷൻ, ഇംപ്ലാന്റബിൾ ഡിഫിബ്രിലേറ്റർ, ശസ്ത്രക്രിയകൾ എല്ലാം ഇതിനു പരിഹാരമാണ്. 

 

ഇനി ഹൃദയമിടിപ്പ് കാതലായി കുറയുന്ന അവസ്ഥയുണ്ട്. ഒരു മിനിറ്റിൽ 40–50 ഓ അതിൽ കുറവോ മിടിക്കുന്ന അവസ്ഥ. മസ്തിഷ്കത്തിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതുകൊണ്ട് കണ്ണിൽ ഇരുട്ടുപോലെയും തലകറക്കവും സംഭവിക്കാം. സ്വയം ഉത്തേജിത കോശവ്യുഹങ്ങൾക്കുണ്ടാകുന്ന അപചയം തന്നെ കാരണം. ഔഷധങ്ങളുടെ അമിത ഉപയോഗം, ഹൃദയാഘാതം, ഹോർമോണുകളുടെ അപര്യാപ്തത, ജന്മജാതഹൃദ്രോഗം, ശസ്ത്രക്രിയ, മയോകാർഡൈറ്റിസ് തുടങ്ങിയവമൂലവും ഹൃദയമിടിപ്പ് പരിധി വിട്ടു കുറയാം. 

 

നെഞ്ചിടിപ്പ് കുറയ്ക്കുന്ന അവസ്ഥകൾ നിയന്ത്രിക്കുന്നതിനോടൊപ്പം ഹൃദയത്തെ കൃത്രിമമായി ഉത്തേജിപ്പിക്കുന്ന പേസ്മേക്കറും ആവശ്യമായി വരും. ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന വിവിധ സവിശേഷതകളുള്ള പേസ്മേക്കറുകൾ ഒരറയേയോ രണ്ടറകളെ ഒരുമിച്ചോ ഉത്തേജിപ്പിച്ചുകൊണ്ട് ഹൃദയസങ്കോചവികാസപ്രക്രിയ സമനിലയിലാക്കും. പത്തോ പതിനഞ്ചോ വർഷങ്ങൾ ബാറ്ററികൾക്ക് ആയുർൈദർഘ്യമുണ്ടാകും. അതുകഴിഞ്ഞ് അവ മാറ്റിവച്ചാൽ മതിയാകും. കൃത്യകാലയളവിൽ ചെക്കപ്പുകൾ വേണം. 

Content Summary: Heart rate difference and related symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com