ADVERTISEMENT

രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദം. ഇത് പരിധി വിട്ടുയരുമ്പോൾ ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗസംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. ഇവിടം കൊണ്ടും അവസാനിക്കുന്നില്ല ഉയർന്ന രക്തസമ്മർദം സൃഷ്ടിക്കുന്ന അപകടങ്ങൾ. 

 

രക്തസമ്മർദം ഉയരുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യപരമായ ചില സങ്കീർണതകൾ വിശദീകരിക്കുകയാണ് ദ ഹെൽത്ത് സൈറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ഡോ. രേഷ്മ ചാറ്റർജി. 

 

1. രക്തധമനികൾക്ക് നാശം

പലവിധത്തിലുള്ള അവയവങ്ങളിലേക്ക് തടസ്സമില്ലാതെ രക്തം എത്തിക്കുന്ന അയഞ്ഞതും ഇലാസ്റ്റിക് ഗുണങ്ങളുള്ളതുമായ രക്തക്കുഴലുകൾക്ക് ക്ഷതം വരുത്താൻ ഉയർന്ന രക്തസമ്മർദത്തിന് സാധിക്കും. രക്തധമനികളുടെ അകത്തെ ആവരണമായ കോശങ്ങൾക്കാണ് രക്തസമ്മർദം ആദ്യം നാശം വിതയ്ക്കുന്നത്. ഇത് അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ പ്രതികൂലമായി ബാധിക്കുന്നു. 

 

2. ഹൃദയത്തിന് നാശം

കൊറോണറി ആർട്ടറി രോഗങ്ങൾ, ഹൃദയത്തിന്റെ വലുപ്പത്തിലും രൂപത്തിലും വ്യത്യാസങ്ങൾ, ഹൃദയസ്തംഭനം പോലുള്ള സങ്കീർണതകൾക്ക് രക്തസമ്മർദം കാരണമാകാം. 

 

3. തലച്ചോറിന് ക്ഷതം

തലച്ചോറിലേക്കുള്ള ശരിയായ രക്തവിതരണത്തെ ഉയർന്ന രക്തസമ്മർദം ബാധിക്കും. ഇത് പക്ഷാഘാതം, മറവിരോഗം, ധാരണശേഷിക്കുറവ് തുടങ്ങിയ പലവിധ പ്രശ്നങ്ങൾ ഉണ്ടാകാം. 

 

4. വൃക്കകൾക്ക് നാശം

രക്തത്തിൽ നിന്ന് മാലിന്യങ്ങളും അമിത ദ്രാവകങ്ങളും അരിച്ചു നീക്കുന്ന അവയവങ്ങളാണ് വൃക്കകൾ. ഈ പ്രക്രിയ നടക്കണമെങ്കിൽ ശരിയായ രക്തപ്രവാഹവും ആരോഗ്യകരമായ രക്തധമനികളും വേണം. എന്നാൽ ഉയർന്ന രക്തസമ്മർദം രക്തധമനികൾക്ക് കേട് വരുത്തുന്നതോടെ വൃക്കകളുടെ പ്രവർത്തനങ്ങളും താളം തെറ്റും. 

 

മേൽപറഞ്ഞ രോഗസങ്കീർതകൾക്ക് പുറമെ കാഴ്ച നഷ്ടം, ലൈംഗികശേഷിക്കുറവ് പോലുള്ള പ്രശ്നങ്ങളും ഉയർന്ന രക്തസമ്മർദം മൂലം ഉണ്ടാകാം. 

 

എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം, താളം തെറ്റിയ ഹൃദയമിടിപ്പ്, ചെവികളിൽ മുഴക്കം, പേശീവേദന, അത്യധികമായ ക്ഷീണം, വിശദീകരിക്കാനാവാത്ത നെഞ്ച് വേദന, മനംമറിച്ചിൽ, ഛർദി, ആശയക്കുഴപ്പം, ഉത്കണ്ഠ, കാഴ്ചയിൽ മാറ്റങ്ങൾ എന്നിവയെല്ലാം ഉയർന്ന രക്തസമ്മർദത്തിന്റെ സൂചനകളാണ്. ഇവ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

Content Summary: Health Dangers Caused By High Blood Pressure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com