ADVERTISEMENT

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു. ആദ്യമായാണ് ഒരു ജില്ലാ, ജനറല്‍ ആശുപത്രി ഈയൊരു നേട്ടം കൈവരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഈ ചികിത്സ പൂര്‍ണമായും സൗജന്യമായാണ് നല്‍കിവരുന്നത്. മലയോര ജില്ലയായ പത്തനംതിട്ടയില്‍ സ്‌ട്രോക്ക് വന്ന രോഗികള്‍ക്ക് നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ ഒന്നുമില്ലാതിരുന്ന സാഹചരത്തിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഈ സേവനം സജ്ജമാക്കിയത്. ഈ നേട്ടം കൈവരിക്കാന്‍ പരിശമിച്ച ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാന്‍ലി ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരേയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു.

 

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 10 ജില്ലകളില്‍ സ്‌ട്രോക്ക് യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലും യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

 

അനിയന്ത്രിതമായ രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവകൊണ്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. രക്ത സമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവര്‍ പെട്ടന്ന് മരുന്ന് നിര്‍ത്തിയാലും സ്‌ട്രോക്ക് വരാം. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും.

 

സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ഈ ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അതിനാലാണ് വളരെദൂരം യാത്ര ചെയ്യാതെ അതത് ജില്ലകളില്‍ തന്നെ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിക്കുന്നത്.

Content Summary: Stroke treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com