മറ്റു കുട്ടികൾ ഓടിച്ചാടി നടക്കുന്നതു കാണുമ്പോൾ കുഞ്ഞു നിർവാൻ കണ്ണുപറിക്കാതെ നോക്കും. തനിക്ക് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്തതെന്ത് എന്ന മട്ടിൽ അമ്മയുടെ കണ്ണുകളിലേക്കു നോക്കും. 15 മാസം മാത്രം പ്രായമുള്ള നിർവാന് സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന രോഗമാണ്. ചികിത്സയ്ക്കു ചെലവ് 17.4 കോടി രൂപ വരും. മാതാപിതാക്കളായ പാലക്കാട് കൂറ്റനാട് മലാലത്ത് വീട്ടിൽ സാരംഗ് മേനോനും അദിതി നായരും ഈ വൻതുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.
മുംബൈയിൽ എൻജിനീയർമാരായി ജോലി ചെയ്യുന്ന ദമ്പതികൾ കൂട്ടിയിട്ടും കൂട്ടിയിട്ടും എവിടെയും എത്തുന്നില്ല കണക്കുകൾ. ഇനി കൂടെ നിൽക്കേണ്ടതു സുമനസ്സുകളാണ്. ഒരു വയസ്സായിട്ടും ഇരിക്കാനും എഴുന്നേൽക്കാനും മകൻ മടികാണിച്ചതോടെയാണു രക്ഷിതാക്കൾ വിദഗ്ധ പരിശോധന നടത്തിയത്. ആദ്യപരിശോധനകളിൽ ഞരമ്പിനു പ്രശ്നമുണ്ടെന്നു മാത്രമാണു കണ്ടെത്തിയത്. നട്ടെല്ലിന് 19 ഡിഗ്രി വളവും കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ വളർച്ചയിൽ പ്രശ്നങ്ങൾ തോന്നിയതോടെ കഴിഞ്ഞ ഡിസംബർ 19നു വീണ്ടും പരിശോധന നടത്തി.
ജനുവരി 5നു കുഞ്ഞിന് എസ്എംഎ ടൈപ്പ് 2 ആണെന്നു സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് 17.4 കോടി രൂപ വിലയുള്ള മരുന്ന് എത്തിക്കണം. രണ്ടു വയസ്സിനു മുൻപു മരുന്നു നൽകിയാലേ പ്രയോജനമുള്ളൂ. ഓരോ ദിവസം വൈകുന്തോറും രോഗം കൂടും. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നിർവാൻ എ.മേനോന്റെ പേരിൽ മുംബൈ ആർബിഎൽ ബാങ്കിൽ ചികിത്സാ സഹായനിധി ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 2223330027465678, ഐഎഫ്എസ്സി: RATN0VAAPIS, യുപിഐ ഐഡി: assist.babynirvaan@icici.
Content Summary: Spinal Muscular Atrophy treatment help for child