ADVERTISEMENT

എന്തിനും ഏതിനും ആന്‍റിബയോട്ടിക് എന്നത് നമ്മുടെ സമൂഹത്തില്‍ ഇന്നൊരു ട്രെന്‍ഡായിട്ടുണ്ട്. ഡോക്ടര്‍ കുറിച്ചില്ലെങ്കിലും രോഗി അങ്ങോട്ട് ചോദിച്ച് ആന്‍റിബയോട്ടിക് മരുന്ന് വാങ്ങുന്ന അവസ്ഥ. ഡോക്ടറുടെ കുറിപ്പടി പോലും ഇല്ലാതെ മെഡിക്കല്‍ സ്റ്റോറില്‍ പോയി ആന്‍റിബയോട്ടിക് മരുന്ന് വാങ്ങുന്നവരും നിരവധി. എന്നാല്‍ നിരന്തരമായ ആന്‍റിബയോട്ടിക് ഉപയോഗം കുടലിനെ ബാധിക്കുന്ന ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്, ക്രോണ്‍സ് ഡിസീസ്, അള്‍സറേറ്റീവ് കോളൈറ്റിസ് പോലുള്ള രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗട്ട്  ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 

 

ആഗോള തലത്തില്‍ 70 ലക്ഷത്തോളം പേരെ ബാധിക്കുന്ന രോഗമാണ് ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്. അടുത്ത ദശകത്തില്‍ ഈ രോഗം ബാധിച്ചവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിന്‍റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അനിയന്ത്രിതമായ ആന്‍റിബയോട്ടിക് ഉപയോഗമാണ്. ഡെന്‍മാര്‍ക്കിലെ 10 വയസ്സിന് മുകളിലേക്കുള്ള 61 ലക്ഷം പേരിലാണ് പുതിയ പഠനം നടത്തിയത്. ഇവരില്‍ പാതിയിലധികം പേര്‍ സ്ത്രീകളായിരുന്നു. 55 ലക്ഷം പേര്‍(91 ശതമാനം) 2000നും 2018നും ഇടയില്‍ കുറഞ്ഞത് ഒരു കോഴ്സ് എങ്കിലും ആന്‍റിബയോട്ടിക് കഴിച്ചവരാണ്. 

 

ഗവേഷണ കാലഘട്ടത്തില്‍ ഇവരില്‍ 36,017 പേര്‍ക്ക് അള്‍സറേറ്റീവ് കോളൈറ്റിസും 16,881 പേര്‍ക്ക് ക്രോണ്‍സ് ഡിസീസും നിര്‍ണയിക്കപ്പെട്ടു. വിവിധ പ്രായക്കാരില്‍ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗവും ഇന്‍ഫ്ളമേറ്ററി ബവല്‍ രോഗത്തിന്‍റെ സാധ്യതയും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. 10നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇന്‍ഫ്ളമേറ്ററി ബവല്‍ രോഗം നിര്‍ണയിക്കപ്പെടാനുള്ള സാധ്യത 28 ശതമാനം അധികമായുള്ളപ്പോള്‍ 40-60 വയസ്സുകാര്‍ക്ക് ഇത് 48 ശതമാനവും 60ന് മുകളിലുള്ളവര്‍ക്ക് ഇത് 47 ശതമാനവും ആണ്. ക്രോണ്‍സ് ഡിസീസിനുള്ള സാധ്യത പല പ്രായക്കാരില്‍ അള്‍സറേറ്റീവ് കോളൈറ്റിസിനേക്കാള്‍ അധികമാണെന്നും ഗവേഷകര്‍ പറയുന്നു. 10-40 പ്രായവിഭാഗത്തില്‍ ക്രോണ്‍സ് ഡിസീസ് നിര്‍ണ്ണയ സാധ്യത 40 ശതമാനവും 40-60 പ്രായക്കാരില്‍ 62 ശതമാനവും 60ന് മുകളിലുള്ളവരില്‍ 51 ശതമാനവുമാണ്. ഓരോ കോഴ്സ് ആന്‍റിബയോട്ടിക് ഉപയോഗിക്കുമ്പോഴും  11 %, 15 %,14 % എന്ന തോതില്‍ രോഗസാധ്യത ഉയരുന്നതായും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

 

അഞ്ചോ അതിലധികമോ കോഴ്സ് ആന്‍റിബയോട്ടിക്സ് നിര്‍ദ്ദേശിക്കപ്പെട്ടവരിലാണ് രോഗസാധ്യത ഏറ്റവും കൂടി നില്‍ക്കുന്നത്. ആന്‍റിബയോട്ടിക് ഉപയോഗിച്ച് 1-2 വര്‍ഷത്തിനുള്ളിലാണ് ഏറ്റവുമധികം പേര്‍ക്ക് ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് ഉണ്ടായതെന്നും ഗവേഷകര്‍ പറയുന്നു. ആന്‍റിബയോട്ടിക്കുകളില്‍ നിട്രോമിഡാസോളും ഫ്ളൂറോക്വിനോലോണ്‍സും ഉപയോഗിച്ചവരിലാണ് ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് സാധ്യത ഏറ്റവുമധികം നിരീക്ഷിക്കപ്പെട്ടത്. വയറിലെയും കുടലിലെയും അണുബാധകള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നതാണ് ഇവ രണ്ടും. ഏത് പ്രായക്കാരിലും ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് സാധ്യതയുമായി ബന്ധമില്ലെന്ന് കണ്ട ഒരേയൊരു ആന്‍റിബയോട്ടിക് നൈട്രോഫുറാന്‍റോയിന്‍ ആണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

 

ഇതൊരു നിരീക്ഷണ പഠനം മാത്രമായതിനാല്‍ ആന്‍റിബയോട്ടിക്കുകള്‍ എങ്ങനെയാണ് മേല്‍പറഞ്ഞ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നില്ല. കഴിവതും ആന്‍റിബയോട്ടിക് ഉപയോഗം പരിമിതപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. 

Content Summary: Antibiotic use may increase risk of inflammatory bowel disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com