ADVERTISEMENT

ഡയറ്റിങ്, വ്യായാമം, ജീവിതശൈലി മാറ്റം എന്നിങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്  ഭാരം കുറയ്ക്കാനുള്ള യാത്ര. ഈ പങ്കപ്പാട് ഒന്നുമില്ലാതെ അമിതവണ്ണവും കുടവയറുമെല്ലാം ഞൊടിയിടയില്‍ മാറ്റുന്ന അദ്ഭുത മരുന്ന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ടോ? ഞൊടിയിടയില്‍ അല്ലെങ്കിലും ക്രമേണ അമിതഭാരം കുറയ്ക്കുന്ന മരുന്നുകള്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ അവ എല്ലാവര്‍ക്കും ചുമ്മാതങ്ങ് കഴിക്കാന്‍ പറ്റില്ല എന്ന് മാത്രം.

 

ചിലപ്പോഴൊക്കെ ഭക്ഷണക്രമത്തിലെയും ജീവിതശൈലിയിലെയും മാറ്റം കൊണ്ടു മാത്രം പ്രതീക്ഷിക്കുന്ന അത്ര മാറ്റം ശരീരഭാരത്തില്‍ വരുത്താനാവില്ലെന്ന് മുംബൈ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ബേരിയാട്രിക് ആന്‍ഡ് ലാപ്രോസ്കോപിക് സര്‍ജന്‍ ഡോ. അപര്‍ണ ഗോവില്‍ ഭാസ്കര്‍ എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 10ല്‍ എട്ട് പേര്‍ക്കും മരുന്നിന്‍റെ രൂപത്തിലോ സര്‍ജറിയുടെ രൂപത്തിലോ ഉള്ള ഇടപെടലുകള്‍ ആവശ്യമായി വരാറുണ്ടെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. 

 

ഓര്‍ലിസ്റ്റാറ്റ്, ലിറാഗ്ലൂട്ടൈഡ് തുടങ്ങിയ ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ക്ക്‌  നിലവില്‍ ഇന്ത്യയില്‍ അനുമതി ഉണ്ടെന്ന് ഡോ. അപര്‍ണ പറയുന്നു. ഭക്ഷണനിയന്ത്രണത്തോടും ജീവിതശൈലി മാറ്റങ്ങളോടും ഒപ്പം ഉപയോഗിച്ചാല്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ ഭാരനഷ്ടം ഈ മരുന്നുകളുടെ ഉപയോഗത്തിലൂടെ ഉണ്ടാക്കാൻ സാധിക്കും. ശസ്ത്രക്രിയയിലൂടെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ബാരിയാട്രിക് സര്‍ജറിക്ക് ശേഷം വീണ്ടും ഭാരം കൂടാതിരിക്കാന്‍ ഈ മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ബാരിയാട്രിക് സര്‍ജറി ചെയ്യാന്‍ പറ്റാത്ത രോഗികളിലും ഇവ ഫലപ്രദമാണെന്ന് ഡോ. അപര്‍ണ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവയെല്ലാം നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കേണ്ടുന്ന മരുന്നുകളാണ്. വെറുതെ തോന്നും പോലെ വാങ്ങി കഴിച്ചാല്‍ പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഈ മരുന്നുകള്‍ ഉണ്ടാക്കാമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

 

വയറും കുടലുമായി ബന്ധപ്പെട്ട പാര്‍ശ്വഫലങ്ങളും അതിസാരവും ഓര്‍ലിസ്റ്റാറ്റ് മൂലമുണ്ടാകാം. ലിറാഗ്ലൂട്ടൈഡ് മനംമറിച്ചില്‍, ഛര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. മറ്റ് ചില ഭാരനിയന്ത്രണ മരുന്നുകള്‍ തലവേദന, ഉയര്‍ന്ന രക്തസമ്മര്‍ദം, മലബന്ധം, ഉറക്കപ്രശ്നം, താളംതെറ്റിയ ഹൃദയമിടിപ്പ് തുടങ്ങിയ പാര്‍ശ്വഫലങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇവ കഴിക്കാൻ പാടുള്ളൂ.

Content Summary: Weight loss pills: Who can benefit and side effects 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com