ADVERTISEMENT

ചിലപ്പോൾ ഓർമകൾക്ക് ഒളിച്ചിരിക്കാനാണിഷ്ടം. എത്ര ശ്രമിച്ചാലും അവ വരില്ല. അങ്ങനെ ഓർമകളുടെ ഒളിച്ചുകളി മറവിരോഗത്തിലേക്കു കടക്കാതിരിക്കാൻ നേരത്തേ തന്നെ ശ്രദ്ധ വേണം.

 

മറവിരോഗത്തെ ചെറുക്കാൻ വഴികൾ പലതുണ്ട്. ചെറുപ്രായത്തിൽ തന്നെ ഇതിനുള്ള ശ്രമം തുടങ്ങണമെന്നാണ് ഇതു സംബന്ധിച്ച ഗവേഷകർ പറയുന്നത്. ചെറുപ്പത്തിൽത്തന്നെ തലച്ചോറിനെ കഴിയുന്നത്ര വ്യത്യസ്തമായ വ്യായാമങ്ങൾക്കു വിധേയമാക്കുന്നത് വാർധക്യത്തിൽ മറവിരോഗം വരാതിരിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ചെറിയ പ്രായത്തിൽത്തന്നെ കൂടുതൽ വായിക്കുകയും എഴുതുകയും ചെയ്യുക. ചെറിയ പ്രായത്തിൽ കൂടുതൽ വായിക്കുന്നത് ബൗദ്ധിക നീക്കിയിരിപ്പ് (cognitive reserve) വർധിപ്പിക്കും. ബൗദ്ധിക നീക്കിയിരിപ്പ് കൂടുതലുള്ള ആളുകൾക്ക് വാർധക്യത്തിൽ മറവിരോഗം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങൾ വായിക്കുന്നത് മസ്തിഷ്ക കോശങ്ങൾ തമ്മിൽ കൂടുതൽ ബന്ധങ്ങൾ വളരാൻ കാരണമാകുന്നു. 

 

ഇതോടൊപ്പം തന്നെ വ്യത്യസ്ത സാങ്കേതിക വിദ്യകൾ പരിശീലിക്കുന്നതും ഏറെ ഗുണകരമാണ്. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പുതിയതരം സങ്കേതങ്ങൾ മനസ്സിലാക്കി അവ പ്രയോഗിക്കുക വഴി തലച്ചോറിനെ ശക്തിപ്പെടുത്താൻ സാധിക്കും.

 

നിലനിർത്താം, വ്യക്തിബന്ധങ്ങൾ

 ഊഷ്മളമായ വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നത് മറവിരോഗം തടയാൻ സഹായിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ്. ദിവസേന നിശ്ചിത സമയമെങ്കിലും പ്രിയപ്പെട്ടവരുമായി നേർക്കുനേർ ആശയവിനിമയം നടത്തുന്നത് മസ്തിഷ്കത്തെ ശക്തിപ്പെടുത്തും.  ചിട്ടയായ വ്യായാമം ചെയ്യുന്നത് തലച്ചോറിനെ ശക്തിപ്പെടുത്തുന്ന മറ്റൊരു പ്രധാന കാര്യമാണ്. ദിവസേന അരമണിക്കൂർ നേരമെങ്കിലും സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുന്നത് വളരെ പ്രയോജനം ചെയ്യും. വ്യായാമം ഇല്ലാത്തതു മൂലം അമിതവണ്ണം വരുന്നതും തുടർന്ന് ജീവിതശൈലീ രോഗങ്ങൾ പിടിപെടുന്നതും മറവിരോഗം വരാനുള്ള സാധ്യത കൂട്ടും. 

 

ശബ്ദമലിനീകരണം മൂലം വരുന്ന കേൾവിക്കുറവ് മറവിരോഗത്തിനു കാരണമാകുന്നതായി ചില പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിന്നു കൊണ്ട് കേൾവിശക്തി സംരക്ഷിക്കുന്നതും മറവിയെ പ്രതിരോധിക്കാൻ സഹായകമാണ്. 

 

തലച്ചോറിലെ ചെറിയ രക്തക്കുഴലുകളിൽ അടവ് ഉണ്ടാക്കി തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുക വഴി മറവി രോഗത്തിന് കാരണമാകുന്ന ശീലമാണ് പുകവലി.  പുകവലി ശീലം പൂർണമായും ഉപേക്ഷിക്കുന്നത് മറവിരോഗം വരാതെ തടയാൻ സഹായിക്കും. 

 തലച്ചോറിലെ രക്തക്കുഴലുകൾ അടയാൻ കാരണമാകുന്ന രണ്ട് പ്രധാന ജീവിതശൈലീരോഗങ്ങളാണ് അമിത രക്തസമ്മർദവും പ്രമേഹവും. രക്തത്തിലെ ഗ്ലൂക്കോസും രക്തസമ്മർദവും കൃത്യമായി നിയന്ത്രിച്ചു നിർത്തുക വഴി തലച്ചോറിലെ രക്തയോട്ടം സുഗമമായി നടക്കാൻ സാഹചര്യമൊരുക്കാം. ഇതുവഴി രക്തക്കുഴലുകൾ അടയുന്നതുമൂലം ഉണ്ടാകുന്ന മറവിരോഗത്തെ പ്രതിരോധിക്കാം.

 

വൈറ്റമിൻ ഡി യുടെ അളവ് രക്തത്തിൽ കുറയുന്നതു മൂലം തലച്ചോറിന്റെ വിജ്ഞാന വിശകലനശേഷി കുറയാൻ സാധ്യതയുണ്ട്. ഇത് മറവിരോഗത്തിനു കാരണമായേക്കാം. രക്തത്തിലെ വൈറ്റമിൻ ഡി യുടെ അളവ് ക്രമമായി സൂക്ഷിക്കുന്നത് മറവിയെ തടയാൻ സഹായകമാകും. തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോണുകളുടെ അളവ് ക്രമമായി നിലനിർത്തുന്നതും മറവിരോഗത്തെ തടയാൻ സഹായിക്കും.

 

ഉറക്കത്തിലൂടെ തലച്ചോറിന് ശക്തി

നല്ല ഉറക്കം ഉറപ്പുവരുത്തുന്നതും തലച്ചോറിനെ ശക്തിപ്പെടുത്താൻ പറ്റിയ മാർഗമാണ്. രാത്രി എട്ടുമണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക വഴി തലച്ചോറിന് ആവശ്യമായ വിശ്രമം ലഭിക്കുകയും പകൽ സമയത്ത് തലച്ചോറിന് പുതിയ വിവരങ്ങൾ സ്വീകരിക്കാനുള്ള ഊർജസ്വലത ഉണ്ടാവുകയും ചെയ്യും. മധ്യവയസ്സിൽ വരുന്ന വിഷാദരോഗം വാർധക്യത്തിൽ മറവിരോഗ സാധ്യത കൂട്ടുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറിലെ ചില രാസവസ്തുക്കളുടെ അളവിലെ വ്യതിയാനം മൂലം വരുന്ന വിഷാദരോഗം കൃത്യമായി ചികിത്സിച്ചു ഭേദപ്പെടുത്തുക വഴി, മറവിരോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. 

 

(വിവരങ്ങൾക്ക് കടപ്പാട്: ഡോ.അരുൺ ബി. നായർ. സൈക്യാട്രിസ്റ്റ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം)

Content Summary: Dementia preventing tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com