ADVERTISEMENT

എറണാകുളം കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ എന്താണ് നോറോ വൈറസെന്നും ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നും അറിയാം. നോറോ വൈറസ് എന്ന അതിവ്യാപന ശേഷിയുളള ഈ വൈറസ് പ്രധാനമായും ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. ഇതിനാൽ വൊമിറ്റിങ് ബഗ് എന്ന് കൂടി ഈ വൈറസ് അറിയപ്പെടുന്നു.  ഛർദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചിൽ, വയർ വേദന, ഉയർന്ന പനി, തലവേദന, കൈകാൽ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

 

വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ ധാരാളം പാനീയങ്ങൾ കുടിച്ച് ആവശ്യത്തിന് വിശ്രമിച്ചാൽ രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കെട്ടടങ്ങും. നോറോവൈറസിന് കൊറോണ വൈറസുമായി നിരവധി സമാനതകളുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൊറോണ വൈറസിനെ പോലെ ചിലരിൽ രോഗലക്ഷണം ഇല്ലാതെ അസുഖം പരത്താൻ നോറോവൈറസിനും കഴിയും. അതിവേഗം ജനിതക വ്യതിയാനം സംഭവിക്കുന്ന നോറോ വൈറസിന്റെ  നിരവധി വകഭേദങ്ങൾ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ പോലും കാണാനാകും. നോറോവൈറസിന് സംഭവിക്കുന്ന ഈ അതിവേഗ വ്യതിയാനം മൂലം പലപ്പോഴും പരിശോധന കിറ്റുകൾക്ക് ഇവയെ തിരിച്ചറിയാൻ പോലുമായെന്ന് വരില്ല.

 

കോവിഡിനെ പോലെ വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളിൽ കൂടി പകരാൻ നോറോവൈറസിനും സാധിക്കും. രോഗിയിൽ നിന്നും പുറത്തുവരുന്ന വൈറസ് കണികകൾ മുറിയിലാകെ പരക്കുകയും പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും ചെയ്യും. ഇത് സ്പർശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരും. വൈറസ് നിറഞ്ഞ ഭക്ഷണസാധനങ്ങളും പ്രതലങ്ങളും ഇത്തരത്തിൽ രോഗപ്പകർച്ചയ്ക്ക് കാരണമാകും.

 

കോവിഡ് മുൻകരുതലുകൾക്ക്‌ സമാനമായ പ്രതിരോധനടപടികൾ നോറോ വൈറസ് പകരാതിരിക്കാനും സ്വീകരിക്കേണ്ടതാണ്. കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുകയും വേണം. വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും  രോഗം മാറിയാലും കുറഞ്ഞത് രണ്ടു ദിവസത്തേക്ക് പുറത്തു പോകാതിരിക്കുകയും ചെയ്യേണ്ടതാണ്. രോഗികൾ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

 

Content Summary : Infectious Norovirus or vomiting bug

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com