ജീവിതം സുഗമമായി പോകുമ്പോഴും അതു തകിടം മറിക്കാൻ അപ്രതീക്ഷിതമായ ഒരു അശുഭവാർത്ത മതി. ഇന്നും ജീവിതങ്ങളെ മാറ്റിമറിക്കാൻ തക്കവണ്ണം ശക്തമാണ് കാൻസർ രോഗം. സമൂഹത്തിലെ 60 വയസ്സിനു മുകളിലുള്ള ആറിൽ ഒരാൾക്ക് കാൻസർ സ്ഥിരീകരിക്കുന്നുണ്ട്. പ്രായം കൂടുംതോറും ആളുകളിൽ കാൻസർ വരാനുള്ള സാധ്യതകളും ഏറെയാണ്. പുകവലിയും ജീവിതശൈലികളും ജനിതകമായ കാരണങ്ങളും ആളുകളിൽ കാൻസറിനു കാരണമാകുന്നു. വയോജനങ്ങളിൽ ഉണ്ടാകുന്ന കാൻസറുകളെയും അത് ഒഴിവാക്കാൻ ആവശ്യമായ പ്രതിവിധികളെയും പരിചയപ്പെടാം.
പ്രോസ്റ്റേറ്റ് കാൻസർ

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥികളിൽ ഉണ്ടാകുന്ന കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. 60 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് ഇതു കണ്ടുവരുന്നത്. നേരത്തേയുള്ള കണ്ടെത്തലിലൂടെയും ചിട്ടയായ ചികിത്സകളിലൂടെയും ഒരു പരിധിവരെ പ്രോസ്റ്റേറ്റ് കാൻസറിൽ നിന്ന് രോഗിക്കു മുക്തി നേടാൻ സാധിക്കും.
ലങ് കാൻസർ

90% ശതമാനം ലങ് കാൻസറുകളുടെയും മൂലകാരണം പുകവലിയാണ്. പുകവലി മൂലം കാൻസർ ബാധിച്ച ഒരു വ്യക്തിയുടെ അതിജീവനം അയാൾ പുകവലിച്ച നാളുകളുടെ ദൈർഘ്യം അനുസരിച്ചിരിക്കും. ദീർഘകാലമായി പുകവലിക്ക് അടിമപ്പെട്ട ഒരാളുടെ കാൻസറിൽനിന്നുള്ള അതിജീവനവും കഠിനമായിരിക്കും. ചിട്ടയായ ജീവിതശൈലികൊണ്ട് ഒരാൾക്ക് തീർത്തും ഒഴിവാക്കാവുന്ന രോഗമാണ് ലങ് കാൻസർ.
ബ്രെസ്റ്റ് കാൻസർ

ബ്രെസ്റ്റ് കാൻസർ കൂടുതലും ആർത്തവവിരാമമായ സ്ത്രീകളിലാണു കണ്ടുവരുന്നത്. എന്നാൽ വർഷാവർഷമുള്ള മാമ്മോഗ്രാം ടെസ്റ്റുകളിലൂടെ ഡോക്ടർമാർക്ക് പ്രാരംഭകാലം മുതലേ ബ്രെസ്റ്റ് കാൻസർ സാധ്യതകളെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിക്കും. സർജറി, റേഡിയേഷൻ, കീമോതെറപ്പി മുതലായ ചികിത്സകളിലൂടെ ബ്രെസ്റ്റ് കാൻസറിനെ നേരിടാം.
കോവിഡും കാൻസറും
കോവിഡ്, വയോജനങ്ങളുടെ പ്രതിരോധശക്തിയെ ദുർബലപ്പെടുത്തുന്നതുപോലെ കാൻസർ രോഗികളിലും അവരുടെ പ്രതിരോധശക്തി കുറയ്ക്കുന്നു. കോവിഡ് മൂലമുള്ള ദുർബലമായ ശാരീരികാവസ്ഥയോടൊപ്പം കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പിയും മറ്റ് അനുബന്ധ ചികിത്സകളും രോഗികളുടെ നില ഗുരുതരമാക്കുന്നു.
നേരത്തേയുള്ള കണ്ടെത്തൽ കാൻസറിനെതിരായ പോരാട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. മുടങ്ങാതെയുള്ള പരിശോധനകളിലൂടെ കാൻസർ സാധ്യത നേരത്തേ തന്നെ കണ്ടെത്താനാകും.
(വിവരങ്ങൾക്കു കടപ്പാട് :
ഡോ. അശോക് എസ്. കൊമരഞ്ചാത്ത്,
കൺസൽറ്റന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ്, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി)
Content Summary: Cancer in the elderly