ADVERTISEMENT

അലസമായ ചിന്തകളുമായി സ്വാമിനാഥൻ തന്റെ വീട്ടിലേക്കു നടക്കുകയായിരുന്നു. പെട്ടെന്നാണ് ഗൃഹാതുരത്വം നിറഞ്ഞ ഏതോ ഒരു ഗന്ധം അയാളെ അങ്ങോട്ട് ആകർഷിച്ചത്.. അതേ ഓട് മേഞ്ഞ മേൽക്കൂരയ്ക്കു താഴെ പടർന്നു കിടക്കുന്ന പഴയ ഇൻ കാൻഡസ്റ് ബൾബിന്റെ മഞ്ഞ വെളിച്ചം ! നാമജപങ്ങളുടെയും മണിയടിയുടെയും ശബ്ദം കുറെശെ കാതുകളിൽ അലയടിക്കുന്നു.

ഇനി സ്വാമിനാഥനിലേക്ക് കടക്കാം. പ്രശസ്ത സ്ഥാപനത്തിൽനിന്നു വൈദ്യശാസ്ത്ര ബിരുദം നേടി തന്റെ നാട്ടിൽനിന്നു ദൂരെയുള്ള ഒരു സ്ഥാപനത്തിൽ ജോലിക്കു പ്രവേശിച്ചയാൾ. യൗവനത്തിന്റെ വിലപ്പെട്ട നാഴികകൾ ആശുപത്രി വാർഡുകളിൽ ചെലവഴിച്ച്, ചുറ്റുമുള്ള ലോകത്തിന്റെ മനോഹാരിത അറിയാൻ മറന്നുപോയതിന്റെ കുറ്റബോധം അയാളിൽ നീറുന്നുണ്ടായിരുന്നു. അതിനാലാണ് നഗരത്തിന്റെ തിരക്കിൽനിന്ന് അകലെയായി ഒരു ഗ്രാമവീഥിയിൽ അദ്ദേഹം താമസിക്കാൻ ഒരിടം കണ്ടെത്തിയത്.

തന്റെ കിടപ്പുമുറിയുടെ വടക്കുഭാഗത്തുനിന്നു നോക്കെത്താ ദൂരത്തായിരുന്നു, ഏതോ ദുരൂഹത നിറഞ്ഞ ആ വീടും പരിസരവും. സ്വാമിനാഥൻ തന്റെ പ്രിയപ്പെട്ട ചാരുകസേരയിൽ തന്റെ പ്രിയപ്പെട്ട ഗാനങ്ങളുമായി ഇഴകിച്ചേർന്നിരുന്നു. ഒരു നനുത്ത കാറ്റിന്റെ സ്പർശനവും ചാറ്റൽ മഴയുടെ ശബ്ദവും പുതുമണ്ണിന്റെ സുഗന്ധവും അയാളെ ചെറുമയക്കത്തിലേക്ക് നയിച്ചു. പെട്ടെന്നൊരു നിലവിളി ശബ്ദം കേട്ടാണ് അയാൾ എണീറ്റത്. അതേ!! അത് അവിടുന്നു തന്നെ. പൊടുന്നനെ മണിയടി നാദവും മന്ത്രജപങ്ങളും അയാളുടെ കാതുകളിൽ ഇരച്ചെത്തി. അവിടെ ഒരു കൂട്ടം ആളുകൾ കൂപ്പുകയ്യുമായി നിൽക്കുന്നു. പിന്നെ അതൊരു പതിവു കാഴ്ചയായി.

നാട്ടിൻപുറമായതിനാൽ രഹസ്യം പതിയെ അയാളെ തേടിയെത്തി, കാര്യസ്ഥൻ ശങ്കരനിലൂടെ. കഥാനായിക 23 വയസ്സുള്ള ഒരു മിടുക്കിപെൺകുട്ടി. സമർഥയായതിനാൽ പ്രശസ്തമായ കോളജിൽ എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടി. ദൂരെ ആയതിനാൽ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ആറുമാസക്കാലം പ്രശ്നമില്ലാതെ കടന്നുപോയി. പിന്നീടുള്ള രാത്രികളിൽ അവൾ ഒച്ചവച്ച് ചാടി എഴുന്നേൽക്കുമായിരുന്നത്രേ. ആദ്യമാദ്യം പേടിസ്വപ്നമാണെന്ന് വച്ചു. പിന്നീട് സ്ഥിരമായപ്പോൾ ആരോ ഒരു സൈക്കോളജിസ്റ്റിനെ കാണിച്ചു. അവളിൽ പ്രത്യേകിച്ച് മാനസികപ്രശ്നവും അവർക്കും തോന്നിയില്ല.      

യാഥാസ്ഥിതികരായ വീട്ടുകാർ പ്രാർഥനകൾ നടത്തി നോക്കി. അവസാനം അവരെത്തിയത് ഒരു സിദ്ധനിൽ! സിദ്ധപൂജയാണ് താൻ അവിടെ കണ്ടതെന്ന് അനുമാനിക്കാൻ സ്വാമിനാഥന് ഒട്ടും സമയം ഒന്നും വേണ്ടിവന്നില്ല. തന്റെ ഐഡി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്വാമിനാഥൻ, ശങ്കരേട്ടനോട് തനിക്ക് അവരെ സഹായിക്കാൻ പറ്റുമെന്നും, എങ്ങനെയെന്നും വിശദീകരിച്ചു. വാക്ചാതുര്യം ഉണ്ടായിട്ടും, ശങ്കരേട്ടൻ നന്നേ വെള്ളം കുടിച്ചാണ് ആ കുടുംബത്തെ പട്ടണത്തിൽ എത്തിച്ചത്.                        

ഇനി കാര്യത്തിലേക്ക് കടക്കാം. സ്വാമിനാഥൻ ആ പട്ടണത്തിലെ പ്രശസ്തമായ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ആയിരുന്നു. സ്വാമിനാഥന് അസുഖത്തെപ്പറ്റി നല്ല ഗ്രാഹ്യമുള്ളതിനാൽ കുട്ടിയെ വിഡിയോ ഇഇജി എന്ന ടെസ്റ്റിന് വിധേയയാക്കി. വിഡിയോ ഇഇജി എന്നാൽ തലച്ചോറിലെ വൈദ്യുത തരംഗങ്ങളെ തുടർച്ചയായി റെക്കോർഡ് ചെയ്യുന്നതോടൊപ്പം രോഗിയുടെ ചലനങ്ങളും ഭാവ വ്യത്യാസങ്ങളും വിഡിയോ വഴി റെക്കോർഡ് ചെയ്യുക എന്നതാണ്. ഡോ.സ്വാമിനാഥന്റെ ലക്ഷ്യവും അതായിരുന്നു. 

എല്ലാം കൃത്യമായി നടന്നു. അവൾ മയക്കത്തിലേക്ക് പ്രവേശിച്ചു. പെട്ടെന്ന് ആ നിലവിളിയും അവളുടെ മുഖഭാവങ്ങളും ഇഇജി വ്യതിയാനങ്ങളും കൃത്യമായി പകർത്തി. അത് അപഗ്രഥിച്ചതിൽനിന്ന് അവളുടെ രോഗം ഫ്രോണൽ ലോബ് എപ്പിലെപ്സി (അപസ്മാരം) ആണെന്ന് തിരിച്ചറിഞ്ഞു. അവളുടെ കുടുംബത്തെ ശാസ്ത്രീയ വസ്തുതകൾ സഹിതം മനസ്സിലാക്കി കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വൈകാതെ കൃത്യമായി ചികിത്സ ആരംഭിക്കുക വഴി അവൾ  ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇന്നവൾ പ്രശസ്തമായ ഒരു ഐടി കമ്പനിയുടെ സിഇഒ ആണ്.

dr-sunesh-e-r-consultant-neurology-rajagiri-hospital-kochi
ഡോ. ഇ.ആർ.സുനീഷ്

എപ്പിലെപ്സി (Epilepsy) അഥവാ അപസ്മാരം മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് ഉണ്ടാകുന്നു. മസ്തിഷ്കത്തിലെ ഏതു ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്നതനുസരിച്ച് ഓരോരുത്തരിലും ലക്ഷണങ്ങളും പലതാകാം. കൈകാലുകൾ അടിച്ച്, നുരയും പതയും വരുന്ന നമ്മുടെ സങ്കല്പത്തിലെ രോഗം മാത്രമല്ല: അശ്രദ്ധയും ഓർമ്മക്കുറവും മുഖഭാവങ്ങളിലെ വ്യത്യാസവും ലക്ഷണങ്ങളാകാം. വിദഗ്ധ പരിശോധനയിലൂടെയും വ്യക്തമായ രോഗ നിർണയത്തിലൂടെയും ഭൂരിഭാഗം രോഗികൾക്കും വിദഗ്ധ ചികിത്സയിലൂടെ സാധാരണ ജീവിതം നയിക്കാം. മന്ത്രവാദമല്ല പരിഹാരം. അപസ്മാരത്തെ അറിയുക, വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാനം. 

അപസ്മാരം മിഥ്യാധാരണകൾ

താക്കോൽ/ലോഹ ഭാഗങ്ങൾ കയ്യിൽ തിരുകുന്നതുകൊണ്ട് ഗുണമുണ്ടോ? 

തീർച്ചയായും അശാസ്ത്രീയമായ രീതിയാണിത്. അപസ്മാര ലക്ഷണങ്ങൾ ഒരു രോഗി പ്രകടിപ്പിക്കുമ്പോൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെരിച്ചു കിടത്തുകയുമാണ് ആദ്യം വേണ്ടത്. രോഗിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകാത്ത വിധം വായിലെ സ്രവങ്ങൾ ഒഴുകി പോകാൻ വേണ്ടിയാണിത്. എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ കിട്ടുന്ന സ്ഥലത്തേക്ക് എത്തിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത് 

എല്ലാ ഫിറ്റ്സും അപസ്മാരമാണോ ?

മസ്തിഷ്കത്തിലെ പോഷകങ്ങൾ, ലവണങ്ങൾ എന്നിവയുടെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, ഉദാഹരണമായി രക്തത്തിലെ പഞ്ചസാര കുറവ്, സോഡിയം-കാൽസ്യം എന്നിവയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മൂലം ചുഴലി ഉണ്ടാകാം. എന്നാൽ ഇത്തരം ചുഴലിക്ക് ദീർഘകാലം മരുന്നുകൾ ആവശ്യമില്ല. രക്തത്തിലെ മൂലകങ്ങളുടെ അളവുകൾ ക്രമീകരിക്കുക വഴി ഇത്തരം ചുഴലികൾ നിയന്ത്രിക്കാവുന്നതാണ്. ജനിതകമായോ മസ്തിഷ്കത്തിന്റെ ഘടനയിൽ ഉണ്ടാകുന്ന (ചതവ്, സ്ട്രോക്ക്) മാറ്റങ്ങൾ മൂലമോ ചുഴലി വീണ്ടും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുമ്പോഴാണ് അപസ്മാരം എന്ന് വിളിക്കുന്നത് ഇത്തരം രോഗത്തിന് ദീർഘകാലം ചികിത്സ വേണ്ടി വരാം അപസ്മാരം എന്ന് വിളിക്കുന്നത്. 

 

ചികിത്സിച്ചു മാറ്റാമോ അപസ്മാരം? രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമോ ?

ഏകദേശം 80 ശതമാനം രോഗികൾക്കും കൃത്യമായ രോഗ നിർണ്ണയത്തിലൂടെ, ശരിയായ മരുന്നുകൾ നൽകി അപസ്മാരം നിയന്ത്രണവിധേയമാക്കാം. എന്നാൽ 20% ആളുകളിൽ മരുന്നുകൾ കൊണ്ട് രോഗം നിയന്ത്രണാധീനമാക്കുവാൻ പ്രയാസം നേരിടാറുണ്ട്. അത്തരം രോഗികളിൽ അപസ്മാരത്തിന്റെ ഉറവിടം ഇഇജി/ എംആർഐ / പിഇടി സ്കാൻ വഴി കണ്ടെത്തി ശാസ്ത്രക്രിയ വഴി ഭേദമാക്കാൻ സാധിക്കും തീർച്ചയായും അപസ്മാര രോഗികൾക്ക് സാധാരണ ജീവിതം നയിക്കാം. പാർശ്വഫലങ്ങൾ തീരെ കുറഞ്ഞ മരുന്നുകളും ചികിത്സാരീതികളും വഴി ഒരു സാധാരണ ജീവിതം രോഗിക്ക് സാധ്യമാണ്.

(ആലുവ രാജഗിരി ആശുപത്രി ന്യൂറോളജി വിഭാഗം കൺസൾട്ടന്റാണ് ലേഖകൻ)

 

Content Summary : Can epilepsy be cured? Dr. Sunesh E. R Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com