ADVERTISEMENT

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള മദ്യോപയോഗം മൂലം രോഗമുണ്ടാകാം. ൈവറൽ ഹെപ്പറ്റൈറ്റിസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സിറോസിസ് അഥവാ ഓട്ടോ ഇമ്മ്യൂൺ ലിവർ ഡിസീസ് എന്നിവയും കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്. 

 

കാരണങ്ങൾ

∙അമിതമദ്യപാനം – ദീർഘകാലമായി കൂടിയ അളവിൽ മദ്യപിക്കുന്നതാണ് ലിവർ സിറോസിസ് വരാനുള്ള പ്രധാന കാരണം. ഇത് കരളിന്റെ നാശത്തിനും ഇൻഫ്ലമേഷനും കാരണമാകും. 

 

∙വൈറൽ ഹെപ്പറ്റൈറ്റിസ് – ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും. 

 

∙നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD)- കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന അവസ്ഥ. 

Read More: പാൻക്രിയാസിൽ സ്റ്റോൺ, പൊട്ടാസ്യം, സോഡിയം ഒക്കെ കുറവ്; ആരോഗ്യം നശിപ്പിച്ചത് എന്റെ ദുശീലങ്ങൾ: സുബി സുരേഷ് അന്നു പറഞ്ഞത്

∙ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് - ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കരളിനെ ആക്രമിക്കുന്ന അവസ്ഥ. 

 

∙ബിലിയറി സിറോസിസ് - പിത്ത സഞ്ചിയെ ബാധിക്കുന്ന അപൂർവമായ കരൾരോഗം. ഇത് കരളിന്റെ നാശത്തിലേക്കു നയിക്കും. 

 

∙ഇൻഹെറിറ്റഡ് ലിവർ ഡിസീസ് – പാരമ്പര്യമായി ലഭിച്ച ചില രോഗങ്ങളായ ഹീമോക്രോമാറ്റോസിസ് അഥവാ വിൽസൺസ് ഡിസീസ് കരളിന്റെ നാശത്തിനും സിറോസിസിനും കാരണമാകും. 

 

ലിവർ സിറോസിസിന്റെ ലക്ഷണങ്ങൾ

∙ക്ഷീണം : ആവശ്യത്തിനു വിശ്രമം ലഭിച്ചാലും കടുത്ത ക്ഷീണവും തളർച്ചയും തോന്നുക ലിവർ സിറോസിസിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. 

 

∙വിശപ്പില്ലായ്മ: വിശപ്പില്ലായ്മയും ശരീരഭാരം കുറയുന്നതും ലിവർസിറോസിസിന്റെ ആദ്യലക്ഷണങ്ങളിൽപ്പെടുന്നു. 

 

∙ഓക്കാനം, ഛർദി: കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ഓക്കാനവും ഛർദിയും ഉണ്ടാകുന്നു. 

 

∙വയറിനു വേദന: കരളിനു ക്ഷതമേൽക്കുകയും വീക്കം വരുകയും ചെയ്യുമ്പോൾ ഉദരത്തിന്റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകും. 

 

∙വീക്കം : കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നത് ലിവർ സിറോസിസിന്റെ ലക്ഷണാണ്. 

 

ചികിത്സ

ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം. മദ്യപാനം ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക. ലിവർസിറോസിസിന്റെ സങ്കീർണതകളായ കരളിലെ ഉയർന്ന രക്തസമ്മർദം, ഉദരത്തിൽ ഫ്ലൂയിഡ് കെട്ടിക്കിടക്കുക ഇതെല്ലാം നിയന്ത്രിക്കാൻ മരുന്നിലൂടെ സാധിക്കും. രോഗം ഗുരുതരമാണെങ്കിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ രോഗം ചികിത്സിച്ചു മാറ്റാൻ സാധിക്കും. 

 

∙ലിവർ സിറോസിസിനു കാരണം മദ്യപാനം, വൈറൽ ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ മറ്റ് ഘടകങ്ങൾ ആണെങ്കിൽ ആ കാരണങ്ങളെ ചികിത്സിച്ച് കരളിനു നാശം വരാതെ തടയേണ്ടതാണ്. 

 

∙മരുന്നുകള്‍ – കരളിലെ ഉയർന്ന രക്തസമ്മർദം, ഉദരത്തിലെ ഫ്ലൂയ്ഡ്, മാനസികമായ ബുദ്ധിമുട്ട് തുടങ്ങിയ സിറോസിസിന്റെ സങ്കീർണതകളെ മരുന്നിലൂടെ മാറ്റാവുന്നതാണ്. 

 

ഭക്ഷണത്തിൽ മാറ്റം : രോഗലക്ഷണങ്ങൾ അകറ്റാനും രോഗത്തെ തടയാനും കരളിന് കൂടുതൽ ക്ഷതം ഉണ്ടാവാതെയും സോഡിയം, കൊഴുപ്പ്, കൊളസ്ട്രോൾ ഇവ കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം. 

 

∙കരൾ മാറ്റിവയ്ക്കൽ –ലിവർ സിറോസിസ് ഗുരുതരമെങ്കിൽ രോഗം ബാധിച്ച കരളിനു പകരം ആരോഗ്യമുള്ള ഒന്ന് പകരം വയ്ക്കാം. 

 

കരളിനെ എങ്ങനെ ആരോഗ്യമുള്ളതാക്കാം?

∙മദ്യപാനം നിയന്ത്രിക്കാം. കരൾ നാശത്തിനും സിറോസിസിനും ഉള്ള പ്രധാന കാരണം അമിത മദ്യപാനം ആണ്. മിതമായി കഴിക്കാനും മദ്യപാനം ഒഴിവാക്കാനും ശ്രദ്ധിക്കണം. 

 

∙ആരോഗ്യകരമായ ഭക്ഷണക്രമം– നാരുകൾ, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ സമീകൃത ഭക്ഷണം കരളിനെ ആരോഗ്യമുള്ളതാക്കും. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ലീൻ പ്രോട്ടീൻ തുടങ്ങിയവ ശീലമാക്കാം. 

 

∙ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം– അമിതഭാരവും പൊണ്ണത്തടിയും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസിനു കാരണമാകും. ഇത് കരളിനു കേടുപാടുണ്ടാക്കും. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് രോഗം വരാതെ തടയും. 

 

∙പതിവായി വ്യായാമം ചെയ്യാം– പതിവായുള്ള വ്യായാമം കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസിനെ തടയുകയും ചെയ്യും. 

 

∙ഒരു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിന്റെ ശരിയായ നിര്‍ദേശം ഇല്ലാതെ ഹെർബൽ മരുന്നുകളോ സപ്ലിമെന്റുകളോ കഴിക്കുന്നത് ഒഴിവാക്കണം.

Content Summary: Liver Cirrhosis: Causes, early signs and symptoms, treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com