ADVERTISEMENT

എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് മൂലമുള്ള പനി ഇന്ത്യയിലാെക പടരുന്ന സാഹചര്യത്തിൽ രോഗികൾക്കും ഡോക്ടർമാർക്കും നിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാർ അനാവശ്യമായി ആന്റിബയോട്ടിക് മരുന്നുകൾ കുറിക്കരുതെന്നും ലക്ഷണങ്ങൾക്ക് മാത്രമേ ചികിത്സ നൽകാവൂ എന്നും മാർച്ച് 3 ന് പുറത്തിറക്കിയ നിർദേശത്തിൽ ഐഎംഎ പറയുന്നു. 

 

ചുമ, പനി, തൊണ്ടവേദന, ഛർദി, മനംമറിച്ചിൽ, ശരീരവേദന, അതിസാരം പോലുള്ള ലക്ഷണങ്ങളാണ് പലർക്കും റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് മുതൽ ഏഴ് ദിവസം വരെ അണുബാധ തുടരാമെന്നാണ് ഐഎംഎ പറയുന്നത്. പനി മൂന്നു നാളുകൾക്ക് ശേഷം കുറഞ്ഞാലും ചുമ മൂന്നാഴ്ച വരെ നീണ്ടു നിൽക്കുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും മാർഗരേഖ കൂട്ടിച്ചേർക്കുന്നു. 

 

കാലാവസ്ഥാമാറ്റം കൊണ്ടും വൈറസുകൾ പരക്കുന്നത് മൂലവും ഒക്ടോബർ – ഫെബ്രുവരി കാലത്ത് പകർച്ചപ്പനി സാധാരണമാണെന്നും ഐഎംഎ അഭിപ്രായപ്പെടുന്നു. ‘‘ഡോസോ മരുന്നിന്റെ ആവൃത്തിയോ ഒന്നും പരിഗണിക്കാതെ ജനങ്ങൾ അസിത്രോമൈസിൻ, അമോക്സിക്ലാവ് പോലുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കുകയും രോഗം അൽപം ഭേദമായെന്ന് കണ്ട ഉടനെ നിർത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്. ഈ ശീലം ആന്റിബയോട്ടിക് പ്രതിരോധത്തിലേക്ക് നയിക്കുമെന്നതിനാൽ ഇത് അവസാനിപ്പിക്കേണ്ടതാണ്’’. മാർഗരേഖ പറയുന്നു. 

 

അനാവശ്യമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് സമൂഹത്തിൽ മൾട്ടിഡ്രഗ് റെസിസ്റ്റന്റ് ബാക്ടീരിയ വളരാനിടയാക്കുമെന്ന് ഗുഡ്ഗാവ് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. സതീഷ് കൗൾ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകുന്നു. വൈറൽ പനിക്ക് ആവശ്യത്തിന് വിശ്രമിക്കാനും ധാരാളം പാനീയങ്ങൾ കുടിച്ച് ശ്രദ്ധിക്കണമെന്നും ശരീരോഷ്മാവ് പരിധി വിട്ടുയർന്നാൽ അത് താഴേക്ക് കൊണ്ടുവരാൻ പാരസെറ്റാമോൾ ഉപയോഗിക്കണമെന്നും ഡോ. സതീഷ് കൂട്ടിച്ചേർക്കുന്നു. 65 ന് മുകളിലുള്ളവർ ഫ്ളൂ വാക്സിൻ എടുക്കുന്നതും ഗുണം ചെയ്യുമെന്ന് ഡോക്ടർ ശുപാർശ ചെയ്യുന്നു. 

 

രണ്ട് ദിവസത്തെ ചികിത്സയ്ക്കു ശേഷം രോഗത്തിന് കുറവില്ലെങ്കിൽ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC) എടുത്ത് നോക്കണമെന്നും ചിലപ്പോൾ ബാക്ടീരിയൽ അണുബാധ വളരുന്നുണ്ടെങ്കിൽ ഇതിലൂടെ തിരിച്ചറിയാനാകുമെന്നും പരസ് ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റ് ഡോ. സഞ്ജയ് ഗുപ്ത പറയുന്നു. ടോട്ടൽ ല്യൂകോസൈറ്റ് കൗണ്ട് (TLC) ഉയർന്നതാണെങ്കിൽ ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കേണ്ടതാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

Content Summary: As H3N2 flu cases surge, IMA advises to avoid antibiotics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com