ക്ഷയരോഗ നിർമാർജനത്തിൽ പ്രമേഹം വില്ലനാകുന്നതെങ്ങനെ; അറിയാം വിശദമായി

tuberculosis
SHARE

രണ്ടു വർഷത്തിനുള്ളിൽ ക്ഷയരോഗം നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യ. അതിന്റെ ചുവടുപിടിച്ച് കേരളം നടപ്പിലാക്കിയ അക്ഷയ കേരളം പദ്ധതിക്കു കേന്ദ്ര അംഗീകാരം ലഭിച്ചു. കോവിഡ് കാലത്തെ ജാഗ്രത കണക്കിലെടുത്താണിത്. ചുമയും പനിയുമാണ് ക്ഷയത്തിന്റെയും കോവിഡിന്റെയും പൊതു ലക്ഷണങ്ങളെന്നതിനാൽ അതു തിരിച്ചറിയുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനെ അതിജീവിക്കാൻ അക്ഷയ കേരളം പദ്ധതിയിലൂടെ കഴിഞ്ഞുവെന്നാണ് ആരോഗ്യവകുപ്പു വ്യക്തമാക്കുന്നത്. എന്നാൽ ക്ഷയരോഗം കേരളത്തിൽ ഇപ്പോഴും വെല്ലുവിളിയാകുന്നതിനു പിന്നിൽ പ്രമേഹബാധയാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡിനു ശേഷം അതു കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്ഷയരോഗ നിർമാർജനമെന്ന ലക്ഷ്യത്തിൽ പ്രമേഹം വില്ലനാകുന്നതെങ്ങനെ?, പ്രതിരോധ മാർഗങ്ങൾ എന്തൊക്കെയാണ്?, കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?  ഈ വിഷയങ്ങളിൽ ജോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ആൻഡ് എംഡി ഡോ. ജ്യോതിദേവ് കേശവദേവ് മനോരമഓൺലൈനിനോടു സംവദിക്കുന്നു.

Dr-Jothydev-Kesavadev
ഡോ. ജ്യോതിദേവ് കേശവദേവ്

1.ക്ഷയരോഗ നിർണയം: വേണ്ടത് സൂക്ഷ്മത

ക്ഷയരോഗം ശ്വാസകോശത്തിൽ മാത്രം വരുന്ന രോഗമായാണു നാം കരുതിയിരുന്നത് . എന്നാൽ ആ സങ്കൽപം മാറുകയാണ്. ശരീരത്തിന്റെ ഏതു ഭാഗത്തും ക്ഷയരോഗം  വരാനുള്ള സാധ്യതയുണ്ട്. എല്ലുകളിലെ ക്ഷയരോഗം   ഇപ്പോൾ താരതമ്യേന കൂടുതലാണ്. ശ്വാസകോശം ഒഴികെയുള്ള ഭാഗങ്ങളിലെ ക്ഷയരോഗം കണ്ടെത്തുകയെന്നതു വലിയ വെല്ലുവിളിയാണ്. ചിലർക്ക് ശരീരവേദന  മാത്രമായിരിക്കും ലക്ഷണം. മറ്റുചിലരുടെ ശരീരഭാരം കുറയും.  ഒരു കാരണവുമില്ലാതെ ഇഎസ്ആർ, സിആർപി, എന്നിവ കൂടി നിൽക്കുമെന്നതാണ് മറ്റൊരു ലക്ഷണം.  ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ക്ഷയരോഗ പരിശോധന കൂടി വേണ്ടിവരും. ബയോപ്സിയിലൂടെ മാത്രമായിരിക്കും ചിലപ്പോൾ രോഗം തിരിച്ചറിയാനാവുക. ടിബിയുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകളും വേണ്ടിവരാം. എന്തായാലും ഇക്കാര്യത്തിൽ ഒരു സംശയം എപ്പോഴും നല്ലതാണ്.  

2. പ്രമേഹം ഉയർത്തുന്ന വെല്ലുവിളികൾ

കേരളത്തിലെ ക്ഷയരോഗ ചികിത്സാ രംഗത്തു വെല്ലുവിളി ഉയർത്തുന്നത് പ്രമേഹമാണ്. ഇന്ത്യൻ ജനസംഖ്യയിൽ 8 ശതമാനം പേർക്കു മാത്രമാണ് പ്രമേഹമുള്ളത്. എന്നാൽ കേരളത്തിലേക്കു വരുമ്പോൾ   അത് 22 മുതൽ 23 ശതമാനം വരെയാണ്.  പ്രമേഹം ഉള്ളവരിൽ ടിബി വരാനുള്ള സാധ്യത രണ്ടു മുതൽ മൂന്നു മടങ്ങുവരെ കൂടുതലാണെന്നു കൂടി തിരിച്ചറിയുമ്പോഴാണ് കേരളത്തിനു മുന്നിലെ പ്രതിസന്ധിയുടെ ആഴം നമുക്കു വ്യക്തമാകുന്നത്.  പ്രമേഹം നിയന്ത്രണ വിധേയമല്ലെങ്കിൽ  ചികിത്സിച്ചു ഭേദമാക്കിയാലും ടിബി  തിരികെ വരാനുള്ള സാധ്യത നാലു മടങ്ങ് കൂടുതലാണ്.  പ്രമേഹം ഉണ്ടെങ്കിൽ ക്ഷയ രോഗികളുടെ മരണ സാധ്യത രണ്ടു മടങ്ങ് കൂടുതൽ ആയിരിക്കും. എന്തുകൊണ്ടും പ്രമേഹം ക്ഷയ രോഗികൾക്കു വലിയ ഭീഷണിയാണ്.

diabetes
Photo Credit: Africa Studio/ Shutterstock.com

3. പ്രമേഹ ചികിത്സയിലെ സങ്കീർണതകൾ

പ്രമേഹരോഗ  ചികിത്സ വളരെ സങ്കീർണമാണ്. അങ്ങേയറ്റത്തെ ജാഗ്രതയാണ് ആവശ്യം. ഇത് ഈ രംഗത്തു പ്രവർത്തിക്കുന്നവർ മനസ്സിലാക്കണം. പത്തു പേർക്കു പ്രമേഹമുണ്ടെങ്കിൽ ഓരോരുത്തർക്കും വ്യത്യസ്തമായ മരുന്നുകളാണു നൽകേണ്ടത്. അവരുടെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിച്ചു നിർത്തുന്നതും വ്യത്യസ്ത രീതികളിലൂടെയാണ്. ഓരോരുത്തരുടെ ശാരീരികാവസ്ഥകൾ പരിഗണിച്ചായിരിക്കും ചികിത്സ നൽകുക. അത്രയ്ക്കു സങ്കീർണമാണു പ്രമേഹരോഗ ചികിത്സ. അതു മനസ്സിലാക്കി ചികിത്സിച്ചാൽ  മാത്രമേ പ്രമേഹരോഗ ചികിത്സ വിജയിക്കുകയുള്ളൂ. പ്രമേഹത്തിൽ നിയന്ത്രണമുണ്ടായാലേ ക്ഷയരോഗം തിരികെ വരാതെ നിലനിർത്താനാകൂ.

4.കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ

കോവിഡിന്റെ വരവോടെ ക്ഷയരോഗ നിർമ്മാർജനമെന്നത് കൂടുതൽ വെല്ലിവിളി നേരിടുകയാണ്. പ്രമേഹ രോഗികളിലുണ്ടായ ക്രമാതീതമായ വർധനവാണതിനു കാരണം. കോവിഡ് ചികിത്സയ്ക്കിടയിൽ പലർക്കും പ്രമേഹം ഉണ്ടായി. കോവിഡിനു ചികിത്സിച്ചിരുന്ന പല മരുന്നുകളും പ്രമേഹത്തിനു കാരണമായി. അതിൽ അധികം പേർക്കും അസുഖം മാറിയെങ്കിലും പുതിയതായി പ്രമേഹം ഉണ്ടായവരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. കോവിഡിന്റെ തിരിച്ചു വരവും വലിയ ഭീഷണിയാണു സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ വാക്സീനുകളിലൂടെയും മുൻപുണ്ടായ അസുഖം കൊണ്ടും പ്രതിരോധ ശേഷി താരതമ്യേന കൂടുതലാണ്. ഇതൊക്കെ കാരണം ഒരു പരിധിവരെ സംരക്ഷണം കിട്ടും എന്നതാണു പ്രതീക്ഷ. എങ്കിലും  ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്ത സമ്മർദം, ഹൃദ്രോഹം, കൊളസ്ട്രോൾ എന്നിവയൊക്കെ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണു കേരളം. ഇവ നിയന്ത്രണ വിധേയമാക്കുകയെന്നത് അനിവാര്യമാണ്. എന്നാൽ 80 മുതൽ 85 ശതമാനം വരെയുള്ളവരിൽ അതു നിയന്ത്രണ വിധേയമല്ല. രോഗത്തിന്റെ ഗൗരവം പലരും മനസ്സിലാക്കാതെ പോകുന്നു. പ്രമേഹ  രോഗികൾ ഭക്ഷണം കഴിക്കുകയും കഴിയുന്ന വിധത്തിൽ  വ്യായാമം അനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാൽ ഫലപ്രദമായ മരുന്നുകളുടെ ഉപയോഗമാണു പ്രധാനം.

Symptoms and risk factors for long COVID in non-hospitalized adults
Representative Image. Photo Credit : Sasirin Pamai / Shuttersrock.com

5. പ്രതിരോധം മാസ്കും സാനിറ്റൈസറും മാത്രമല്ല

കോവിഡിനെതിരായ പ്രതിരോധം മാസ്കും സാനിറ്റൈസറും മാത്രമാകരുത്, ഉള്ള രോഗങ്ങൾ നിയന്ത്രിച്ചു   നിർത്തുകയാണു വേണ്ടത്. ഏതിനൊക്കെ മരുന്നു കഴിക്കുന്നുണ്ടോ ആ രോഗങ്ങൾ നിയന്ത്രണ വിധേയമാണെന്ന് ഉറപ്പു വരുത്തുകയെന്നതാണു പ്രധാനം. അതിനുള്ള ചികിത്സകളും പരിശോധനകളും ആവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഉള്ളത്. ഇപ്പോൾ 100 ശതമാനവും കോവിഡിനെ ഭയക്കാത്ത മാനസികാവസ്ഥയാണ്. അതു ശരിയല്ല. കോവിഡിന്റെ പുതിയ വകഭേദങ്ങൾ ലോകത്തു പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികൾ പാളിയാൽ അതു ക്ഷയരോഗ ചികിത്സയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നു മറക്കരുത്.

Content Summary: Tuberculosis and Diabetes

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS