ചെങ്കണ്ണ് മുതൽ ചിക്കൻപോക്സ് വരെ; ചൂടുകാല രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്

chickenpox
Photo Credit : MemoryMan/ Shutterstock.com
SHARE

വേനൽക്കാലം തുടങ്ങി കഴിഞ്ഞു. മാർച്ചിൽതന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കാറുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചർമത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നീ തീവ്രത കൂടിയ അസുഖങ്ങളിലേക്ക് പട്ടിക നീളുന്നു.

ചൂടുകുരു, ചർമത്തിൽ ചുവപ്പ്

വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധി മുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദ്ദി എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്‌നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്.

പ്രതിരോധം

കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്‌ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിക്കുക എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

സൂര്യാഘാതം

കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻതന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും താമസിക്കാതെ ആശുപത്രിയിൽ എത്തിക്കുക.

പ്രതിരോധം

പകൽ പതിനൊന്ന് മുതൽ നാലു മണി വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്,

പഴങ്ങൾ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി. വേനലിന് കടുപ്പമേറുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കുക.

വയറിളക്ക രോഗങ്ങൾ

ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം. ശുദ്ധജലത്തിന്റെ ലഭ്യതയില്ലായ്മയും വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ടും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷത്തിന്റെ താപവ്യതിയാനം കൊണ്ട് പെട്ടെന്നുതന്നെ ചീത്തയായി പോകാനും സാധ്യതയുണ്ട്.

പ്രതിരോധ മാർഗം

ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുക. ഹോട്ടൽ ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക, വീടുകളിൽതന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക എന്നീ

പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാം.

ചിക്കൻ പോക്‌സ്, മീസിൽസ്

പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗമുള്ള ആളുടെ അടുത്ത് പോകുമ്പോൾ അയാളുടെ

സ്രവങ്ങളുമായി സമ്പർക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കൾ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നു

പ്രതിരോധം

എംഎംആർ വാക്‌സീൻ, ചിക്കൻ പോക്‌സ് വാക്‌സീൻ എന്നിവ എടുക്കാവുന്നതാണ്. ഇവ രോഗം വരുന്നത് തടയും. അസുഖം പിടിപെട്ടു കഴിഞ്ഞാൽ താമസിയാതെ ഡോക്ടറുടെ സഹായം തേടുക, മരുന്നുകൾ കഴിക്കുക, പഴങ്ങൾ, ജ്യൂസ്, എളുപ്പം ദഹിക്കുന്ന ഭക്ഷണം എന്നിവ കഴിക്കുക. ദേഹശുദ്ധി ദിവസവും ചെയ്യാൻ പ്രത്യേകം

ശ്രദ്ധിക്കുക.

കണ്ണുദീനങ്ങൾ

ചെങ്കണ്ണ് പോലുള്ള കണ്ണുദീനങ്ങൾ വേനൽക്കാലത്ത് അധികമായി കാണാറുണ്ട്. രോഗിയുടെ സ്രവങ്ങൾ കൈകളിൽ പറ്റുകയും പിന്നീട് നമ്മുടെ കൈകളിൽ നിന്ന് കണ്ണിൽ എത്തുകയും ചെയ്യുമ്പോൾ രോഗം പിടിപെടുന്നു. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നതുവഴി ചെങ്കണ്ണിനെ പ്രതിരോധിക്കാം.

നിർദ്ദേശങ്ങൾ

1. വെയിലിന്റെ കാഠിന്യം കൂടുതൽ ഉള്ള സമയം വീടിനകത്തു തന്നെ ഇരിക്കുക.

2. ത്വക് രോഗങ്ങൾ തടയാൻ സൺ സ്‌ക്രീൻ, പൗഡറുകൾ, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുക

3. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.

4. ധാരാളം വെള്ളം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിക്കുക.

5. വീട്ടിൽതന്നെ വൃത്തിയായി പാകം ചെയ്ത ഭക്ഷണം കഴിക്കുക.

6. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

Content Summary: Summer season diseases and prevention tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS