കോവിഡ്- 19 ജനങ്ങളിലെ വിഷാദരോഗം വര്‍ധിപ്പിച്ചതായി പഠനം

Mail This Article
കൊറോണ വൈറസ് ബാധിച്ചാലും ഇല്ലെങ്കിലും കോവിഡ്19 മഹാമാരി ജനങ്ങള്‍ക്കിടയിലെ വിഷാദരോഗ ലക്ഷണങ്ങള്‍ വര്‍ധിപ്പിച്ചതായി ഗവേഷണ പഠനം ചൂണ്ടിക്കാട്ടി. ക്വാറന്‍റീനും രോഗഭീതിയും സാമൂഹിക അകലവും നിരന്തരം മാറുന്ന കോവിഡ് നിയന്ത്രണ ചട്ടങ്ങളും ഒറ്റപ്പെടലുമെല്ലാം ദശലക്ഷണക്കണക്കിന് പേരുടെ മാനസികാരോഗ്യത്തില്‍ പ്രശ്നങ്ങൾ സൃഷ്ടിച്ചതായി അമേരിക്കയിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടന്ന ഗവേഷണം വെളിപ്പെടുത്തുന്നു.
സാള്‍ട്ട്ലേക്കിലെ ഇന്‍റര്‍മൗണ്ടന്‍ ഹെല്‍ത്തിലെത്തിയ 1,36,000 ഓളം രോഗികളിലാണ് ഗവേഷണം നടത്തിയത്. കോവിഡ് പോസിറ്റീവാണോ നെഗറ്റീവ് ആണോ എന്ന വ്യത്യാസമില്ലാതെ ഏറെക്കുറെ എല്ലാ രോഗികളിലും വിഷാദരോഗ ലക്ഷണങ്ങള്‍ കണ്ടതായും വിഷാദത്തിന്‍റെ തീവ്രത ഗണ്യമായിരുന്നതായും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇന്‍റര്‍മൗണ്ടന്‍ ഹെല്‍ത്തിലെ കാര്‍ഡിയോ വാസ്കുലാര്‍ എപ്പിഡമോളജിസ്റ്റ് ഹൈദി ടി. മേയ് പറയുന്നു.
മോശം മാനസികാരോഗ്യം ഹൃദ്രോഗപ്രശ്നങ്ങള്‍ അടക്കമുള്ള രോഗ സങ്കീർണതകൾ ഉണ്ടാക്കുമെന്നതിനാല്‍ ഇവ പരിശോധിക്കേണ്ടതും ചികിത്സ തേടേണ്ടതും അത്യാവശ്യമാണെന്നും ഗവേഷണറിപ്പോര്‍ട്ട് നിർദേശിച്ചു. മഹാമാരിക്ക് മുന്‍പ് 45 ശതമാനം രോഗികള്‍ ഏതെങ്കിലും തരത്തിലുള്ള വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നത് 2021 മുതല്‍ 55 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് അടിവരയിടുന്നു. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ 2023ലെ സയന്‍റിഫിക്ക് സെഷനില്‍ ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു.
Content Summary: COVID-19 and Depression