ADVERTISEMENT

ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ ഇപ്പോൾ നിരവധി അരങ്ങേറുന്നുണ്ട്. എന്താണ് കാര്യമെന്നൊന്നും വിശകലനം നടത്താൻ മുതിരാതെ കൈയിൽ കിട്ടുന്ന ‍ഡോക്ടർമാരെ തല്ലിച്ചതയ്ക്കുക എന്ന രീതിയിലാണ് പലപ്പോഴും കാര്യങ്ങളുടെ പോക്ക്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് കോഴിക്കോട് നടന്ന സംഭവം. ഇത്തരം ആശങ്കകൾക്കു നടുവിൽ നിന്നുകൊണ്ട് ഡോ.സുൽഫി നൂഹു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിച്ച് ശ്രദ്ധേയമാകുകയാണ്. ഡോക്ടറുടെ കുറിപ്പ് വായിക്കാം

 

‘ഒരാൾ ഉടൻ കൊല്ലപ്പെടും. അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല, അതാരുമാകാം! കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനോ, ആരോഗ്യപ്രവർത്തകയോ, കൊല്ലപ്പെടും

അധികം താമസിയാതെ. ആശുപത്രി ആക്രമണങ്ങളിൽ അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അത്ഭുതം.

 

പലപ്പോഴും തല നാരിഴയ്ക്കാണ് മരണം മാറി പോയിട്ടുള്ളത്. എത്രനാൾ ഭാഗ്യത്തിന്റെ കണിക സഹായിക്കുമെന്നറിയില്ല.‌ ആഴ്ചയിൽ ഒന്ന് എന്നാണ് കേരളത്തിൽ ആശുപത്രി ആക്രമങ്ങളുടെ കണക്ക്. മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ല. സ്വന്തം ജീവൻ സുരക്ഷിതമാക്കുന്ന പരക്കംപാച്ചിലിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഡിഫൻസിവ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടം. അതുകൊണ്ട് ജീവിക്കുവാനല്ല ഈ സമരം. ജീവൻ രക്ഷിക്കുവാൻ!

 

ഇത്തവണ തലനാരിഴയ്ക്ക് തന്നെയാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർ  അശോകൻ രക്ഷപ്പെട്ടത്. അവിടെയുണ്ടായിരുന്ന പൊലീസുകാരുടെ അഭിപ്രായത്തിൽ അവർ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഡോക്ടർ കൊല്ലപ്പെടുമായിരുന്നത്രേ. സത്യത്തിന്റെ മുഖം അതീവ വിരൂപമാണ്.

 

അതേ, നിവർത്തികേടുകൊണ്ടാണ് ഈ സമരം. ഡോക്ടർമാരോട് പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതുതന്നെ ബുദ്ധിമുട്ടാണ്. അവർ അതിനെ ശക്തിയുക്തം എതിർക്കും.

പക്ഷേ  സ്വന്തം ജീവനെതിരെ വെല്ലുവിളി ഉയരുമ്പോൾ സമരം ചെയ്യൂവെന്ന് അംഗങ്ങൾ ആദ്യം ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു.

 

കൊലപാതക ശ്രമത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. മുഖ്യപ്രതി സ്വൈര്യ വിഹാരം നടത്തുന്നത് അംഗീകരിക്കാനാവില്ല.‌ കേരളത്തിൽ ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കാനുള്ള സർക്കാരിന്റെ തീരുമാന സഹർഷം സ്വാഗതം ചെയ്യുന്നു. എന്നാൽ കാലതാമസം ഒരാൾ കൊല്ലപ്പെടാൻ കാരണമായേക്കാം!

 

ഒരുപക്ഷേ പൊതുജനാരോഗ്യ ബില്ലിനേക്കാൾ പ്രാധാന്യം ആശുപത്രി സംരക്ഷണ നിയമം തന്നെയാണ്. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ഇത് സംബന്ധിച്ച് ഹൈക്കോടതി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടണം. അതേ, സ്വന്തം ജീവൻ രക്ഷിക്കുക തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത് അതുകൊണ്ടുതന്നെ മാർച്ച് 17 ലെ ഈ സമരം ജീവൻ രക്ഷിക്കുവാനുള്ളത്. ആരും കൊല്ലപ്പെടാതിരിക്കട്ടെ.’

Content Summary: Attack on doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com