ADVERTISEMENT

ഇന്ന് ലോക വദനാരോഗ്യദിനമാണ് അഥവാ World Oral Health Day .‘നിങ്ങളുടെ വദനാരോഗ്യത്തിൽ അഭിമാനിക്കുക’ എന്നതാണ് ഈ വർഷത്തെ  സന്ദേശം. അതായത് മികച്ച ദന്താരോഗ്യത്തിന്റെ പ്രാധാന്യവും ശരിയായ ദന്ത ശുചിത്വവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ലോകം മുഴുവൻ ഇന്നത്തെ ദിവസം  ‘Be Proud of Your Mouth’എന്ന തീമിൽ ഒരുമിച്ചു നിൽക്കുന്നത്. ദന്ത ശുചിത്വമില്ലായ്‌മ പല്ലുകേടു വരുന്നതിനും വായ്നാറ്റത്തിനും മോണരോഗങ്ങൾക്കും കാരണമാകുന്നുവെന്ന് മാത്രം കരുതരുത്. ഒരാളുടെ ആരോഗ്യം എന്നാൽ ശാരീരികവും മാനസികവും ആയ ആരോഗ്യം ആണ്. ഇതാകട്ടെ  അയാളുടെ വായുമായും പല്ലുകളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്നു.ഇഷ്ട്ടപ്പെട്ട ഭക്ഷണരീതി മാറുമ്പോൾ നമുക്കുണ്ടാകുന്ന മാനസിക അസ്വാസ്ഥ്യം എത്രയായിരിക്കും? അതോടൊപ്പം പല്ലുകളുടെ അഭാവം പലപ്പോഴും ചവച്ചരച്ചു കഴിക്കുന്നതിൽ നിന്നു നമ്മെ തടയുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.ഒപ്പം തന്നെ വായുടെ ആരോഗ്യമില്ലായ്മ വായിലെ രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും, ഗര്‍ഭിണികളായ സ്ത്രീകളില്‍ മാസം തികയാതെയും ഭാരക്കുറവുമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനും കാരണമായേക്കാം. അതായത്  ആരോഗ്യകരമായ വായ, മോണ, പല്ലുകൾ എന്നിവയിലൂടെ  നമ്മുടെ ശാരീരിക ആരോഗ്യവും മാനസിക  സന്തോഷവുമാണ് നമ്മൾ കാത്തുസൂക്ഷിക്കുന്നത്. ഇന്നത്തെ ദിവസം  മികച്ച ദന്താരോഗ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും അത് കൃത്യമായി ചെയ്യുണം എന്ന് ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.

 

പുതിയ കാലത്തെ  മാറിയ ആഹാരരീതികൾ, ഭക്ഷണപദാർഥങ്ങൾ, ദുശ്ശീലങ്ങൾ എന്നിവയൊക്കെ ചെറിയ ദന്തരോഗങ്ങൾ മുതൽ ഓറൽ കാൻസർ വരെ വരുത്തിവയ്ക്കുന്നു എന്നോർക്കണം 

1. ആരോഗ്യകരമായ ഭക്ഷണം 

2. ശരിയായ ദന്തശുചീകരണ ശീലങ്ങൾ 

3.കൃത്യമായ ഇടവേളകളിൽ ദന്തപരിശോധന എന്നീ മൂന്നുകാര്യങ്ങൾ ശ്രദ്ധിക്കുക 

 

ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം. വൈറ്റമിൻ  കാത്സ്യം, പ്രോട്ടീൻ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങൾ പല്ലിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മധുരമോ അന്നജമോ അടങ്ങിയ ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നത് മുതിർന്നവർ അടക്കം ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് ശാരീരിക ആരോഗ്യത്തിനൊപ്പം പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു. ഭക്ഷണശേഷം വായ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ശരിയായ ബ്രഷും ബ്രഷിങ് രീതിയും മനസിലാക്കുക, ദന്ത പരിശോധനകൾ നടത്തുക,  രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ രോഗം നിർണയിച്ച് ചികിത്സ തേടുക, പുകവലി പോലെയുള്ള ദുശീലങ്ങൾ  ഉപേക്ഷിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നമുക്കായി ചെയ്യാനുണ്ട്. ഒപ്പം കുഞ്ഞുങ്ങളെയും വാർധക്യം ബാധിച്ചവരെയും കൃത്യമായ ഇടവേളകളിൽ ദന്ത പരിശോധനകൾ നടത്തി  രോഗ പ്രതിരോധം, രോഗനിർണയം, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കുക  

 

ദന്തപ്രശ്നങ്ങളെ അലക്ഷ്യമായി കാണരുത്. നമ്മുടെ ദന്താരോഗ്യത്തെ കുറിച്ച് അഭിമാനത്തോടെ നമുക്ക് പറയാൻ കഴിയണം. കുഞ്ഞുങ്ങൾക്ക് ദന്താരോഗ്യത്തിന്റെ വഴികൾ തുടക്കം മുതൽ പകർന്നു കൊടുക്കാൻ കഴിയണം. ആരോഗ്യമുള്ള വായ, ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും കൂടുതൽ മനോഹരമായ പുഞ്ചിരിയുടെ ഭംഗിയും നിങ്ങൾക്ക് നൽകും.

Content Summary: World Oral Health Day 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com