ADVERTISEMENT

ദന്തഡോക്ടറെ കാണാനെത്തിയ എഴുപതുകാരന് അൽപം വ്യത്യസ്തമായ പ്രശ്നമായിരുന്നു പറയാനുണ്ടായിരുന്നത്. വായിൽ ചാരനിറം വന്നിരിക്കുന്നു എന്നതാണ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത്. വേദനയൊന്നുമില്ല. പക്ഷേ, കണ്ണാടിക്കു മുന്നിൽ നിന്നു വായ് തുറന്നാൽ ഈ ചാരനിറം കണ്ട് മനസ്സു വിഷമിക്കും. കവിളിനുള്ളിൽ അങ്ങിങ്ങായി ചാരനിറവും ഇളം നീലനിറവും കാണുന്നു. മാരകരോഗം വല്ലതുമാണോ എന്ന ആധിയുമായി അദ്ദേഹം ഡോക്ടറുടെ മുന്നിൽ വിഷമത്തോടെ ഇരുന്നു. 

ദന്തഡോക്ടർ വിശദമായ പരിശോധന നടത്തി. 20 വർഷം മുൻപ്  ചെയ്ത, വെള്ളിനിറത്തിലുള്ള നാലഞ്ച് ഫില്ലിങ്ങുകൾ പല്ലിൽ കണ്ടു. ചുരുക്കം ചിലരിൽ ഇതിൽ നിന്നുള്ള പ്രതിപ്രവർത്തനം മൂലം വായിലെ ശ്ലേഷ്മസ്തരത്തിൽ ഇത്തരത്തിൽ ചാരനിറത്തിലോ ഇളംനീലനിറത്തിലോ ഉള്ള പാടുകൾ ഉണ്ടാകാറുണ്ട്. ഇതിനെ ‘അമാൽഗം ടാറ്റൂ’ എന്നാണു പറയാറ്. ചിലർക്ക് വായിലെ മെർക്കുറി ഫില്ലിങ് അലർജി ഉണ്ടാക്കുകയും ചെയ്യും. ചിലർക്ക് ഇതു മൂലം നേത്രസംബന്ധമായ പ്രശ്നങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ട്. വളരെക്കാലം ഉറപ്പോടെ നിൽക്കുന്ന ഫില്ലിങ് ആണ് ഇതെങ്കിലും ഇത്തരം പ്രശ്നങ്ങൾ കാരണം പല രാജ്യങ്ങളിലും ഒരു ദശകമായി മെർക്കുറി അടങ്ങിയ ഇത്തരം ഫില്ലിങ്ങുകൾ ഉപേക്ഷിക്കപ്പെട്ടു. നമ്മുടെ നാട്ടിലും ഇപ്പോൾ പല്ലിന്റെ നിറത്തിലുള്ള പദാർഥങ്ങൾ കൊണ്ടാണ് പല്ലുകൾ അടയ്ക്കുന്നത്. 

വായിൽ സ്ഥിരമായി വെള്ളപ്പാട വരുന്നു എന്നതായിരുന്നു ഡോക്ടറെ കാണാനെത്തിയ മറ്റൊരു മുതിർന്ന പൗരന്റെ പ്രശ്നം. നാവിൽ തൈര് പോലെ പാടയുണ്ടാകുന്ന അവസ്ഥ. നാവിൽ വരുന്ന പൂപ്പൽ രോഗമാണിതെന്നു പരിശോധനയിൽ ഡോക്ടർക്കു മനസ്സിലായി. സാധാരണയായി രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഇതു കാണാറുണ്ട്. വിശദമായ രോഗചരിത്രം ഡോക്ടർ ആരാഞ്ഞപ്പോഴാണ് അമിതമായി മൗത്ത്‌വാഷ് ഉപയോഗിക്കുന്നയാളാണ് ഇദ്ദേഹമെന്നു മനസ്സിലായത്. 

അമിതമായി മൗത്ത്‌വാഷ് ഉപയോഗിക്കുമ്പോൾ വായിലെ അണുക്കളുടെ ആവാസവ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു. വായിൽ നമുക്ക് സഹായകമായ അണുക്കളുമുണ്ട്. ക്രമാതീതമായ മൗത്ത്‌വാഷ് ഉപയോഗം മൂലം ഇവ കൂടി നശിച്ചുപോകാൻ കാരണമാകും. ഇതു പലപ്പോഴും ദഹനപ്രക്രിയയെയും  ബാധിക്കും.

പല്ലുതേച്ച് 30 മിനിറ്റ് കഴിഞ്ഞതിനു ശേഷം വേണം ഇവ ഉപയോഗിക്കാൻ. അതിനു മുൻപ് ഉപയോഗിക്കുമ്പോൾ, പല്ല് ടൂത്ത് പേസ്റ്റിലെ ഫ്ലൂറൈഡ് ആഗിരണം ചെയ്യുന്ന പ്രക്രിയയെ പ്രതികൂലമായി ബാധിക്കാനും ദന്തക്ഷയം ഉണ്ടാകാനും കാരണമാകും.  

ശരിയായ സമയത്തെ ശാസ്ത്രീയമായ ഇടപെടൽ പല്ലിനു മാത്രമല്ല, ശരീരത്തിനു മൊത്തമായും ഗുണം ചെയ്യും. ശാസ്ത്രീയമല്ലാത്ത പൊടിക്കൈകൾ പരീക്ഷിക്കരുത്. അമ്ലഗുണം കൂടിയ വസ്തുക്കൾ കൊണ്ട് പല്ല് കൂടുതൽ വെളുപ്പിക്കാൻ നോക്കുന്നതും റബർ ബാൻഡ് കെട്ടി പല്ലിന്റെ അകലം കുറയ്ക്കാൻ നോക്കുന്നതും അപകടകരമാണ്. പല്ലിനെ മാത്രമല്ല, ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും ഇത്തരം പരീക്ഷണങ്ങൾ ബാധിക്കും. 

 

(വിവരങ്ങൾക്ക് കടപ്പാട്: ഡോ. ജി.ആർ.മണികണ്ഠൻ, കൺസൽറ്റന്റ് പെരിയോഡോന്റിസ്റ്റ്, ഗവ. അർബൻ ഡെന്റൽ ക്ലിനിക്, തിരുവനന്തപുരം. 

ഫോൺ: 94968 15829) 

Content Summary: Amalgam tattoo; a dental problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com